ബാറ്റിങ്ങിൽ പതറി ബംഗ്ലാദേശ്; ചിറ്റഗോങ്‌ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ

ബാറ്റിങ്ങിൽ പതറി ബംഗ്ലാദേശ്; ചിറ്റഗോങ്‌ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ

കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുത്തിട്ടുണ്ട്
Updated on
2 min read

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് മേൽക്കൈ. ബാറ്റിങ്ങില്‍ പതറിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുത്തു. 16 റൺസുമായി മെഹ്ദി ഹസന്‍ മിറാസും 13 റൺസുമായി എബദോട്ട് ഹൊസൈനുമാണ് ക്രീസിൽ. നേരത്തെ ഇന്ത്യൻ ഇന്നിങ്‌സ് 404 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ദിനം ഇന്ത്യയ്ക്കായി അശ്വിൻ, കുൽദീപ് യാദവ് മുഹമ്മദ് സിറാജ് എന്നിവരാണ് തിളങ്ങിയത്.

ശ്രേയസ് അയ്യരും അശ്വിനുമായിരുന്നു രണ്ടാം ദിനം ഇന്ത്യയ്ക്കായി ബാറ്റിങ്ങ് തുടര്‍ന്നത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കം തന്നെ ശ്രേയസ് അയ്യരെ നഷ്ടപ്പെട്ടു. തന്റെ വ്യക്തിഗത സ്കോറിനോട് നാല് റൺസ് കൂട്ടി ചേർത്തതോടെ ശ്രേയസ് അയ്യരെ (86) എബദോട്ട് ഹൊസൈൻ വിക്കറ്റില്‍ കുടുക്കിയത്. തുടർന്ന്‌ ക്രീസിലെത്തിയ കുൽദീപ് യാദവിന്റൊപ്പം അശ്വിൻ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിങ്സ് 400 കടത്തിയത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 92 റൺസ് ചേർത്തു. അർദ്ധ സെഞ്ചുറി നേടിയ അശ്വിനെ (58) പുറത്താക്കി മെഹ്ദി ഹസന്‍ മിറാസാണ് കൂട്ടുകെട്ട് പൊളിച്ചത്.

അടുത്ത ഓവറിൽ 40 റൺസുമായി കുൽദീപ് യാദവും മടങ്ങിയതോടെ ചടങ്ങ് തീർക്കേണ്ട താമസം മാത്രമാണ് ബംഗ്ലാ ബൗളർമാർക്കുണ്ടായുള്ളു. ഒടുവിൽ സിറാജിനെ പുറത്താക്കി മെഹ്ദി ഹസന്‍ മിറാസ് തന്നെ ഇന്ത്യൻ ഇന്നിങ്‌സ് പൂർത്തിയാക്കി. പത്ത്‌ പന്തിൽ രണ്ട് സിക്‌സടക്കം 15 റൺസുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ് എന്നിവർ നാല് വീതവും ഖാലിദ് അഹമ്മദ് എബദോട്ട് ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബംഗ്ലാ ഓപ്പണറായ നജ്മുൽ ഹുസൈൻ ഷാന്റോയെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഹുസൈൻ ഷാന്റോയെ പന്തിന്റെ കൈകളിൽ എത്തിച്ചുകൊണ്ടാണ് മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ ആക്രമണത്തിന് മുന നല്‍കിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ബംഗ്ലാ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ആദ്യ നാല് വിക്കറ്റുകളും ഫാസ്റ്റ് ബൗളർമാർ സ്വന്തമാക്കിയപ്പോൾ, മധ്യനിരയെ തകർത്തത് സ്പിന്നർ കുൽദീപ് യാദവാണ്. കുൽദീപ് നാല് വിക്കറ്റ് നേടി. സിറാജ് മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. 28 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

logo
The Fourth
www.thefourthnews.in