ടീം ഇന്ത്യയെ ഇനി ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ ചെയ്യും

ടീം ഇന്ത്യയെ ഇനി ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ ചെയ്യും

മൂന്നു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ അധ്യക്ഷന്‍ റോജര്‍ ബിന്നി വ്യക്തമാക്കി.
Updated on
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ ചെയ്യും. ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ''വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമന്റെ ജഴ്‌സിയില്‍ ഡ്രീം ഇലവന്‍ എന്നാകും സ്‌പോണ്‍സര്‍ ലോഗോ. മൂന്നു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ചു''- ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കി.

ഡ്രീം ഇലവന്‍ ഗ്രൂപ്പുമായുള്ള ബന്ധം ബിസിസിഐയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും അവരുമായി ദീര്‍ഘകാലകരാര്‍ ഒപ്പുവയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ അധ്യക്ഷന്‍ റോജര്‍ ബിന്നി വ്യക്തമാക്കി. ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഡ്രീം ഇലവനുമായുള്ള കൂട്ടുകെട്ട് മികച്ച സജ്ജീകരണങ്ങള്‍ ടീം ഇന്ത്യയ്ക്കായി ഒരുക്കാന്‍ ബിസിസിഐയെ സഹായിക്കുമെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ഡ്രീം ഇലവന്‍ ഗ്രൂപ്പ് അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമിന്റെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ ഡ്രീം ഇലവന്‍ ഉണ്ടായിരുന്നു. ബൈജൂസുമായുള്ള കരാര്‍ അവസാനിച്ചതോടെ ഡ്രീം ഇലവന്‍ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പിന് ശ്രമിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in