വേതനത്തില്‍ 'ലിംഗനീതി'; ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ
തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. വനിതാ, പുരുഷ താരങ്ങള്‍ക്ക് ഇനി മുതല്‍ ഒരേ മാച്ച് ഫീ നല്‍കാനാണ് തീരുമാനം. നേരത്തെ പുരുഷ താരങ്ങളേക്കാള്‍ കുറഞ്ഞ മാച്ച് ഫീയാണ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇത് മാറ്റി ലിംഗഭേദമന്യേ തുല്യവേതനം നല്‍കാനുള്ള തീരുമാനം ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വനിതാ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന തീരുമാനമാണ് ബിസിസഐയുടേത്.
ടെസ്റ്റില്‍ 15 ലക്ഷം രൂപ, ഏകദിനത്തില്‍ ആറ് ലക്ഷം , ടി20 യില്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീ നല്‍കുക
ബിസിസിഐയുമായി കേന്ദ്ര കരാറിലേര്‍പ്പെട്ട സീനിയര്‍ വനിതാ താരങ്ങള്‍ക്ക്, കരാറിലുള്ള പുരുഷ താരങ്ങളുടെ സമാനമായ മാച്ച് ഫീ നല്‍കാനാണ് തീരുമാനം. ടെസ്റ്റില്‍ 15 ലക്ഷം രൂപ, ഏകദിനത്തില്‍ ആറ് ലക്ഷം , ടി20 യില്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീ നല്‍കുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച ആദ്യ പ്രതികരണം നടത്തിയത്. തുല്യ വേതനം നല്‍കുന്നതില്‍ വനിതാ താരങ്ങളോട് താന്‍ പ്രതിഞ്ജാബദ്ധനെന്നും, ഇത് നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ബിസിസിഐക്ക് നന്ദി എന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. വിവേചന അവസാനിപ്പിക്കാനുള്ള ആദ്യനടപടിയാണ് ഇതെന്നും ജയ് ഷാ ട്വീറ്റ് ചെയ്തു.
2023 മുതല്‍ വനിതാ ഐപിഎല്‍ നടത്താന്‍ ഈ മാസം ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേതനത്തില്‍ ലിംഗനീതി നടപ്പാക്കുന്നത്. ന്യുസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇതിന് മുന്‍പ് സമാനമായ തീരുമാനമെടുത്തത്. ആഭ്യന്തര- രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന എല്ലാ വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം നല്‍കാനായിരുന്നു തീരുമാനം. ഈ വര്‍ഷം ആദ്യമാണ് ന്യുസീലാന്‍ഡ് ഈ പ്രഖ്യാപനം നടത്തിയത്.