ഒളിക്യാമറ വിവാദം; ബിസിസിഐ മുഖ്യ സെലക്ടര്‍
ചേതന്‍ ശര്‍മ്മ രാജിവച്ചു

ഒളിക്യാമറ വിവാദം; ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു

ഒളിക്യാമറ വിവാദത്തിന് പിന്നാലെയാണ് രാജി
Updated on
1 min read

ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. വിവാദ വെളിപ്പെടുത്തലുകളുമായി ഒളിക്യാമറയില്‍ കുടുങ്ങിയതിന് പിന്നാലെയാണ് ചേതന്‍ ശര്‍മ്മയുടെ രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കാണ് ചേതന്‍ ശര്‍മ്മ രാജികത്ത് അയച്ചത്.

സീ ന്യൂസിന്റെ ഒളിക്യാമറ ഓപറേഷനിലാണ് ചേതന്‍ ശര്‍മ ഇന്ത്യന്‍ ടീമിലെയും, ബിസിസിഐയിലെയും വിവാദ വിഷയങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കളിക്കാര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചേതന്‍ ശര്‍മ്മ നടത്തിയത്. മുഖ്യ സെലക്ടറുടെ വെളിപ്പെടുത്തലുകള്‍ ബിസിസിഐയെ വെട്ടിലാക്കിയിരുന്നു.

കായിക ക്ഷമത നിലനിര്‍ത്താന്‍ താരങ്ങള്‍ നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നു. കളിക്കാര്‍ 80 ശതമാനം ശാരീരിക ക്ഷമതയുള്ള സമയങ്ങളില്‍ ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്നു. വേദനാ സംഹാരികളല്ല ഉപയോഗിക്കുന്നത്, മറിച്ച് പരിശോധനയില്‍ പോലും പിടിക്കപ്പെടാത്ത മരുന്നുകള്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു ചേതന്‍ ശര്‍മയുടെ പരാമര്‍ശം.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും തമ്മില്‍ ഭിന്നത നില നിന്നിരുന്നു എന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഈ തര്‍ക്കമാണ് കൊഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് തിരിച്ചടിയായത്. എന്നാല്‍ ഗാംഗുലി രോഹിത് ശര്‍മയെ പിന്തുണയ്ച്ചിരുന്നില്ല, പക്ഷേ വിരാട് കോഹ്ലിയോട് ഒരു താത്പര്യവും ഇല്ലെന്നും ചേതന്‍ ശര്‍മ പറയുന്നു. ടീമിന് അകത്ത് ക്യാപ്റ്റന്‍മാര്‍ക്ക് താല്‍പര്യമുള്ള ഒരു സംഘമുണ്ടെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ചേതന്‍ ശര്‍മ. പ്രധാന ടൂര്‍ണമെന്റുകളിലെ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ടീം സെലക്ഷനിലെ പാളിച്ചയാണെന്ന ആക്ഷേപം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ അടുത്തിടെ ഇദ്ദേഹം ബിസിസിഐയില്‍ മടങ്ങിയെത്തുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒളിക്യാമറ വിവാദം.

logo
The Fourth
www.thefourthnews.in