ദ്രാവിഡും സംഘവും തുടരും; കരാർ നീട്ടി ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലന സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരും. ദ്രാവിഡിന്റെ കരാർ നീട്ടിയതായി ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ബിസിസിഐയും ദ്രാവിഡും ചർച്ച നടത്തിയിരുന്നതായും ഇരുപക്ഷവും ഏകകണ്ഠമായി കരാർ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളർച്ചയില്‍ ദ്രാവിഡ് വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും ബോർഡ് അറിയിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ചുമതല വഹിക്കുന്ന വിവിഎസ് ലക്ഷ്മണിന്റെ പ്രവർത്തനത്തേയും ബിസിസിഐ അഭിനന്ദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള കഴിഞ്ഞ രണ്ട് വർഷങ്ങള്‍ അവിസ്മരണീയമായിരുന്നെന്ന് ദ്രാവിഡ് പ്രതികരിച്ചു. "ഈ യാത്രയില്‍ ഉയർച്ച താഴ്ച്ചകള്‍ എല്ലാവരും ഒരുമിച്ച് നേരിട്ടു. ടീമിനുള്ളിലെ പിന്തുണയും സൗഹൃദവും പ്രശംസനീയമാണ്. ഡ്രെസിങ് റൂമില്‍ രൂപപ്പെടുത്തിയിട്ടുള്ള സംസ്കാരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. കൃത്യമായ പ്രക്രിയയിലും തയാറെടുപ്പിലും ഉറച്ച് നില്‍ക്കാനുള്ള തീരുമാനത്തിന് ഫലത്തില്‍ നിർണായക പങ്കുണ്ട്," ദ്രാവിഡ് കൂട്ടിച്ചേർത്തു.
"എന്നില്‍ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും ഭാരവാഹികള്‍ക്കും നന്ദി. എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ എന്റെ കുടുംബം നല്‍കുന്ന പിന്തുണ അമൂല്യമാണ്. ലോകകപ്പിന് ശേഷമുള്ള പുതിയ വെല്ലുവിളികള്‍ മികവോടെ നേരിടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്," ദ്രാവിഡ് വ്യക്തമാക്കി.
ദ്രാവിഡിന് പുറമെ ഫീല്‍ഡിങ് പരിശീലകൻ ടി ദിലീപ്, ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ, ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോർ എന്നിവരുടെ കരാറുകളും നീട്ടിയിട്ടുണ്ട്.