'ലോകത്തിലെ സമ്പന്ന ക്രിക്കറ്റ് ബോർഡിന് ഗ്രൗണ്ട് ഉണക്കാൻ സംവിധാനങ്ങളില്ലേ'; ബിസിസിഐയ്ക്കതിരേ ക്രിക്കറ്റ് ആരാധകര്‍

'ലോകത്തിലെ സമ്പന്ന ക്രിക്കറ്റ് ബോർഡിന് ഗ്രൗണ്ട് ഉണക്കാൻ സംവിധാനങ്ങളില്ലേ'; ബിസിസിഐയ്ക്കതിരേ ക്രിക്കറ്റ് ആരാധകര്‍

എത്ര ശക്തമായ മഴ പെയ്താലും അര മണിക്കൂറിനുള്ളിൽ ഗ്രൗണ്ട് ഉണക്കി മത്സരം നടത്താൻ സാധിക്കുമെന്നതാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകത എന്നായിരുന്നു ഉദ്ഘാടന സമയം പ്രധാനമന്ത്രി പറഞ്ഞത്.
Updated on
1 min read

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. 1,32,000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്ലിന്റെ കലാശക്കൊട്ട് ദിവസം കനത്ത മഴയിൽ ചോർന്നൊലിക്കുകയായിരുന്നു സ്റ്റേഡിയം. ഫൈനൽ ദിവസം നടന്ന മഴയിൽ സ്റ്റേഡിയത്തിന്റെ സംവിധാന മികവ് എല്ലാവരും കണ്ടതാണ്. സ്റ്റേഡിയം ചോർന്നൊലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

എത്ര ശക്തമായ മഴ പെയ്താലും അര മണിക്കൂറിനുള്ളിൽ ഗ്രൗണ്ട് ഉണക്കി മാച്ച് നടത്താൻ സാധിക്കുമെന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പ്രത്യേകത എന്നായിരുന്നു സ്റ്റേഡിയ ഉദ്ഘാടന സമയം പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുറത്തു നിന്നുള്ള ചെളിയും മാലിന്യവും നിറഞ്ഞ വെള്ളം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഒരു മഴ പെയ്തപ്പോൾ ഗ്രൗണ്ട് ഉണക്കാൻ വേണ്ട യാതൊരു ആധുനിക സംവിധാനങ്ങളൊന്നും സ്റ്റേഡിയത്തിൽ സജ്ജമായിരുന്നില്ല.

ഗ്രൗണ്ട് സ്റ്റാഫുകൾ തുണിയില്‍ ഒപ്പിയെടുത്ത വെള്ളം ബക്കറ്റിൽ നിറച്ചും, സ്‌പോഞ്ചും ഹെയർ ഡ്രയറും, ഇസ്തിരി പെട്ടിയും ഉപയോഗിച്ചാണ് പിച്ച് ഉണക്കിയെടുത്തത്. 800 കോടി മുടക്കിൽ തീർത്ത ഗ്രൗണ്ടിൽ ഹോവർ കവറുകൾ ഇല്ലാത്തത് എന്ത് കൊണ്ടാണെന്നും സമ്പന്നമായ ബിസിസിഐയോട് ആളുകൾ ചോദ്യമുന്നയിച്ചു. നീന്തൽ കുളത്തിന് സമാനമായിരുന്നു സ്റ്റേഡിയത്തിന്റെ പാർക്കിങ്ങിന്റെ അവസ്ഥ. തുടർച്ചയായ മഴയിൽ നാല് മണിക്കൂർ വൈകിയാണ് കളി നടന്നത്. ഇത്തരമൊരു സ്റേഡിയത്തിലാണോ ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്നതെന്നായിരുന്നു ആരാധകരുടെ സംശയം.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ബിസിസിഐയ്ക്ക് ഒരു ഹോവര്‍ കവര്‍ പോലുമില്ലേ എന്നായിരുന്നു സ്ലം ഡോഗ് മില്യണയർ സംവിധായകൻ അങ്കൂർ തിവാരിയുടെ ചോദ്യം. 700 കോടി വരുമാനമുള്ള ദക്ഷിണാഫ്രിക്കയുടെ ഗ്രൗണ്ട് ഉണക്കാനുള്ള സംവിധാനത്തിന്റെയും, 15000 കോടി വരുമാനമുള്ള ബിസിസിഐയുടെ സംവിധാനത്തെയും താരതമ്യപ്പെടുത്തി കൊണ്ടും ആളുകൾ രംഗത്ത് വന്നു.

അതേസമയം 390 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കേരളത്തിലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 50000 കാണികളെ വരെ ഉൾക്കൊള്ളുവാൻ ഈ സ്റ്റേഡിയത്തിന് സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ ഡി.ബി.ഓ.ടി (ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) മോഡൽ ഔട്ട്ഡോർ സ്റ്റേഡിയം കൂടിയാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിൽ ബിസിസിഐ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

'ലോകത്തിലെ സമ്പന്ന ക്രിക്കറ്റ് ബോർഡിന് ഗ്രൗണ്ട് ഉണക്കാൻ സംവിധാനങ്ങളില്ലേ'; ബിസിസിഐയ്ക്കതിരേ ക്രിക്കറ്റ് ആരാധകര്‍
ഏകദിന ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മെട്ടേര സ്റ്റേഡിയം മുൻപ് സർദാർ വല്ലഭായി പട്ടേലിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2015 ൽ പുതുക്കിപ്പണിയാൻ തുടങ്ങിയ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുന്നത് 2021ലാണ്. വരാനിരിക്കുന്ന ഏക ദിന ക്രിക്കറ്റിന്റെ പ്രധാന വേദികളിൽ ഒന്നാണ് നരേന്ദ്ര മോദി സ്റ്റേഡിയം.

logo
The Fourth
www.thefourthnews.in