'ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാന്‍ ഇടവേള അനിവാര്യം'; ട്വന്റി 20 ലോകകപ്പില്‍ നിന്ന് പിന്മാറി ബെന്‍ സ്റ്റോക്സ്
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോർമാറ്റുകളിലും താന്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള ഓള്‍ റൗണ്ടറാകുന്നതിന് ഇടവേള ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. അടുത്തിടെയാണ് സ്റ്റോക്‌സിന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഓവർ മാത്രമായിരുന്നു താരം എറിഞ്ഞത്.
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) നിന്നും താരം നേരത്തെ പിന്മാറിയിരുന്നു. ട്വന്റി 20യില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. സ്റ്റോക്സിന്റെ മികവിലായിരുന്നു 2022ലെ ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്താനെ കീഴടക്കിയത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ജൂണിലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന് വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയുമായി ടെസ്റ്റ് പരമ്പരകളുണ്ട്. പിന്നാലെ ഓസ്ട്രേലിയയുമായി ട്വന്റി 20, ഏകദിന പരമ്പരകളും. സെപ്തംബറിലാണ് ഓസ്ട്രേലിയക്കതിരായ മത്സരങ്ങള്‍.
ഒരു ബൗളറെന്ന നിലയില്‍ ഞാന്‍ എത്രത്തോളം പിന്നിലാണെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പര്യടനം. മുട്ടുകാലിന്റെ ശസ്ത്രക്രിയക്കും ഒന്‍പത് മാസത്തെ ഇടവേളയ്ക്കും ശേഷമായിരുന്നു ഞാന്‍ പന്തെറിഞ്ഞത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡർഹാമിനായി കളിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്, സ്റ്റോക്സ് വ്യക്തമാക്കി.
ഇടത് കാല്‍മുട്ടിലെ പരുക്കാണ് താരത്തെ ദീർഘകാലം ബൗളിങ്ങില്‍ നിന്ന് മാറ്റി നിർത്തിയത്. ആഷസ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ താരം പന്തെറിഞ്ഞിരുന്നില്ല. ഏകദിന ലോകകപ്പില്‍ ബാറ്ററായി മാത്രമായിരുന്നു താരം കളത്തിലെത്തിയത്.
2011 മുതല്‍ ഇംഗ്ലണ്ടിനായി 43 ട്വന്റി 20 മത്സരങ്ങളിലാണ് സ്റ്റോക്സ് കളിച്ചത്. 585 റണ്‍സും 26 വിക്കറ്റുകളുമാണ് സമ്പാദ്യം.