എതിരാളികള്‍ക്ക് ആശ്വസിക്കാം; സ്‌റ്റോക്‌സി പാഡഴിച്ചു

എതിരാളികള്‍ക്ക് ആശ്വസിക്കാം; സ്‌റ്റോക്‌സി പാഡഴിച്ചു

ഇംഗ്ലണ്ടിനായി 104 മത്സരങ്ങളിൽ നിന്ന് 2919 റൺസും 74 വിക്കറ്റും നേടി യാണ് പടിയിറക്കം
Updated on
2 min read

ജൂലൈ 14, 2019... വേദി ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ്... അവിടെ മാന്യതയുടെ പ്രതിരൂപമായ കെയ്ന്‍ വില്യംസണ്‍ എന്ന മനുഷ്യനും കൂട്ടാളികളും ഹൃദയം നുറുങ്ങുന്ന വേദനയും പേറി നില്‍ക്കുമ്പോള്‍ ലോകം ഒന്നടങ്കം വെറുത്തത് ഒരൊറ്റയൊരാളെ... ബെഞ്ചമിന്‍ ആന്‍ഡ്രൂ സ്‌റ്റോക്‌സ് എന്ന പോരാളിയെ.

ലോക ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളായ ഇംഗ്ലണ്ടിന് വേൾഡ് കപ്പ് എന്ന കിട്ടാക്കനി നേടി കൊടുത്ത ക്രിക്കറ്റർ, സമകാലീന ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർ, സ്റ്റോക്‌സി എന്ന ഓമനപ്പേരിൽ ക്രക്കറ്റ്‌ലോകം വിളിക്കുന്ന സ്റ്റോക്സ്. ഒടുവില്‍ നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് മതിയാക്കി സ്‌റ്റോക്‌സ് പാഡഴിക്കാന്‍ തീരുമാനിച്ചു. ഇന്നലെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.

ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഏകദിന മത്സരത്തിൽ നിന്ന് വിരമിക്കുമ്പോൾ പക്ഷേ ക്രിക്കറ്റ് ആരാധകര്‍ക്കു വലിയ അമ്പരപ്പുണ്ടാകില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത് എല്ലാവരെയും ഞെട്ടിച്ച വ്യക്തിയാണ് സ്റ്റോക്സ്.

ബെൻ സ്റ്റോക്സ്
ബെൻ സ്റ്റോക്സ്

കുടുംബവും ക്രിക്കറ്റും ഒരുപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന, രണ്ടിനെയും ഒരുപോലെ സ്നേഹിക്കുന്ന സ്റ്റോക്സ് ക്രിക്കറ്റിന്റെ ഉന്നത ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ ഏൽപ്പിച്ച ക്യാപ്റ്റൻ എന്ന പുതിയ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ 50 ഓവർ ക്രിക്കറ്റ് മതിയാക്കുമ്പോൾ ഒരുപിടി നല്ല മുഹൂർത്തങ്ങൾ ആരാധകർക്ക് സമ്മാനിച്ചാണ് പോകുന്നത്.

സ്‌റ്റോക്‌സ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ആരാധക മനസില്‍ വരുന്ന രൂപം ഒന്നുവേറെയാണ്. ആരെയും കൂസാത്ത, ആരോടും കോര്‍ക്കുന്ന, രാജ്യത്തിനു വേണ്ടി രക്തം ചീന്താന്‍ പോലും മടിയില്ലാത്ത ഒരു യോദ്ധാവിന്റെ രൂപം. ക്രിക്കറ്റ് ഗ്രൗണ്ടിൽ അത്ര ശാന്ത സ്വഭാവി ആയിരുന്നില്ല സ്റ്റോക്സ്. എതിർ കളിക്കാരെ നോട്ടം കൊണ്ടും വാക്ക് കൊണ്ടും ബാറ്റുകൊണ്ടും ബോൾകൊണ്ടും ഒരുപോലെ ബുദ്ധിമുട്ടിക്കാറുണ്ട് അദ്ദേഹം. സ്വന്തം ടീമിനുവേണ്ടി അപാരമായ ആത്മാർത്ഥതയോടെ കളിക്കുമ്പോൾ ജയം എന്നതിലുപരി അയാൾ ഒന്നും ആഗ്രഹിച്ചിരുന്നില്ല.

2016 ലെ ലോക ട്വന്റി 20 ഫൈനലിൽ വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത്‌വയ്റ്റിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ്‌ കിരീടം നഷ്ട്ടപെട്ട്‌ ഈഡൻ ഗാർഡൻസിൽ കരഞ്ഞിരുന്ന സ്റ്റോക്‌സിന്റെ മുഖം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ കാണും. അതിന്റെ പകരമെന്നോണം 2019 ൽ തന്റെ ടീമിന് ലോക കിരീടം നേടികൊടുത്തപ്പോൾ ആഹ്ലാദിച്ച സ്റ്റോക്‌സിന്റെ മുഖവും ആരും മറന്ന് കാണില്ല. എത്രമാത്രം അയാൾ ക്രിക്കറ്റിനെയും തന്റെ രാജ്യത്തെയും സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ രണ്ടു ചിത്രങ്ങളും. 2016 ലെ തോൽവിക്ക് പിന്നാലെ അദ്ദേഹം വലത് കയ്യിൽ പതിച്ച ഫീനിക്‌സ്‌ പക്ഷിയുടെ ടാറ്റൂ അയാളുടെ ഉള്ളിലെ പോരാളിയുടെ തെളിവായിരുന്നു.

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലായിരുന്നു സ്റ്റോക്‌സിന്റെ ജനനം. അവിടത്തെ അറിയപ്പെടുന്ന റഗ്ബി താരമായിരുന്നു സ്റ്റോക്‌സിന്റെ അച്ഛൻ. സ്റ്റോക്‌സിന്റെ പന്ത്രണ്ടാം വയസിലാണ് കുടുംബം ഇംഗ്ലണ്ടിലേക്ക് കൂട് മാറിയത്. പിന്നീട് കുടുംബം ന്യൂസിലൻഡിലേക്ക് തിരിച്ച പോയെങ്കിലും അപ്പോഴേക്കും സ്റ്റോക്‌സ് തന്റെ മേഖല തെരഞ്ഞെടുത്തിരുന്നു. 2009 ൽ ഡര്‍ഹാമിനു വേണ്ടി പ്രാദേശിക ക്രിക്കറ്റിൽ കളി ആരംഭിച്ച സ്റ്റോക്‌സ് പിന്നത്തെ വർഷം നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പോടെ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വെള്ളി വെളിച്ചത്തിലേക്ക് എത്തുന്നത്.

തൊട്ടടുത്ത കൊല്ലത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. 2011-ൽ അയര്‍ലണ്ടിന്‌ എതിരെ ആദ്യ 50 ഓവർ മത്സരം. പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ എണ്ണം പറഞ്ഞ ഓൾ റൗണ്ടർമാരുടെ പട്ടികയിലേക്ക് വളരുകയായിരുന്നു ഇടംകൈ ബാറ്ററും വലംകൈ ബൗളറുമായ സ്റ്റോക്സ്. ഇംഗ്ലണ്ടിനായി 104 മത്സരങ്ങളിൽ നിന്ന് 2919 റൺസും 74 വിക്കറ്റും നേടി അദ്ദേഹം തന്റെ 11 വർഷത്തെ ഏകദിന കരിയർ അവസാനിപ്പിക്കുമ്പോൾ, വരും വർഷങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിലെയും ട്വന്റി 20 ക്രിക്കറ്റിലെയും എതിരാളികൾക്ക് കൊടുക്കുന്ന മുന്നറിയിപ്പ് കൂടിയാകും അത്.

2019 ലെ വേൾഡ് കപ്പ് നേട്ടം അദ്ദേഹത്തിന് ആ വർഷത്തെ മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സിയുടെ അവാർഡും, ബിബിസി മികച്ച സ്പോർട്സ് പേഴ്സണാലിറ്റിക്കുള്ള അവാർഡും തേടിയെത്തി. വിസ്ഡണിന്റെ ലീഡിങ് ക്രിക്കറ്റർക്കുള്ള പുരസ്‌കാരം 2019 ലും 2020 ലും അദ്ദേഹത്തിനായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ആറാമനായി ഇറങ്ങി ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ഇംഗ്ലീഷ് താരത്തിന്റെ കീഴിൽ ഇംഗ്ലണ്ട് ഇതിനോടകം തന്നെ ടെസ്റ്റ് ക്രിക്കറ്റ് ടീമുകൾക്ക് ചില സൂചന നൽകി കഴിഞ്ഞു. ന്യൂസിലൻഡിനെ തോല്‍പ്പിച്ച്‌ തുടങ്ങിയ സ്റ്റോക്സ്, ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിത വിജയത്തോടെ പരമ്പര നഷ്ടമാകാതെ കാത്തു. തന്റെ ജന്മനാട്ടുകാരനായ ബ്രെൻഡൻ മക്കല്ലത്തിന്റെ കൂട്ട്കെട്ടിൽ വരും കാലത്തിൽ ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിന്റെ പാരമ്യത്തിൽ എത്തിക്കാനാകും ബെൻ സ്റ്റോക്‌സിന്റെ ഇനിയുള്ള ക്രിക്കറ്റ് ജീവിതം.

logo
The Fourth
www.thefourthnews.in