നായികക്കരുത്തില്‍ പാകിസ്താന്‍; ഇന്ത്യക്ക് ലക്ഷ്യം 150

നായികക്കരുത്തില്‍ പാകിസ്താന്‍; ഇന്ത്യക്ക് ലക്ഷ്യം 150

12 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാകിസ്താന് അര്‍ധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെയും മധ്യനിര താരം ആയിഷ നസീമിന്റെയും മികച്ച പ്രകടനമാണ് കരുത്തായത്.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ മത്സരത്തില്‍ ചിരവൈരികളായ പാകിസതാനെതിരേ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. കേപ്ടൗണില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക് വനിതകള്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്.

ഒരു ഘട്ടത്തില്‍ 12 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാകിസ്താന് അര്‍ധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെയും മികച്ച പിന്തുണ നല്‍കിയ മധ്യനിര താരം ആയിഷ നസീമിന്റെയും മികച്ച പ്രകടനമാണ് കരുത്തായത്.

ബിസ്മ 55 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളോടെ 68 റണ്‍സുമായും ആയിഷ 25 പന്തുകള്‍ നേരിട്ട് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 43 റണ്‍സുമായും പുറത്താകാതെ നിനനു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജാവേരിയ ഖാനെ(8) അവര്‍ക്കു നഷ്ടമായി. ദീപ്തി ശര്‍മയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് ജാവേരിയയെ പിടികൂടിയത്.

പിന്നീട് രണ്ടാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടലച്ചേര്‍ത്ത് മറ്റൊരു ഓപ്പണര്‍ മുനീബ അലിയും നായിക ബിസ്മയും ചേര്‍ന്ന് ടീമനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. രാധാ യാദവ് എറിഞ്ഞ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ മുനീബ(12)യെ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു പുറത്താക്കി.

തൊട്ടുപിന്നാലെ നിദാ ദാറിനെ(0) പൂജാ വസ്ത്രകാറിന്റെ പന്തില്‍ റിച്ച പിടികൂടുകയും ചെയ്തതോടെ പാകിസ്താന്‍ ക്ഷണത്തില്‍ മൂന്നിന് 42 എന്ന നിലയിലായി. ഏറെ വൈകാതെ 11 റണ്‍സ് നേടിയ സിദ്ര അമീനും രാധാ യാദവിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ നാലിന് 68 എന്ന നിലയിലേക്കു വീണ പാകിസ്താന് പിന്നീട് ബിസ്മ-ആയിഷ സഖ്യം തുണയാകുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ രാധാ യാദവാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ദീപ്തി ശര്‍മ, പൂജാ വസ്ത്രകാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്റ്റാര്‍ ഓപ്പണറും ഉപനായികയുമായ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന സ്മൃതിക്കു പകരം ഹര്‍ലീന്‍ ഡിയോള്‍ ആദ്യ ഇലവനില്‍ ഇടംപിടിചചു. സ്മൃതിക്കു പുറമേ ശിഖാ പാണ്ഡെ, അഞ്ജലി സര്‍വാണി, ദേവിക വൈദ്യ എന്നിവരും കളിക്കുന്നില്ല.

ഗ്രൂപ്പ് ബിയില്‍ പാകിസ്താനു പുറമേ ശക്തരായ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവരാണ് ഇന്ത്യക്കൊപ്പമുള്ളത്. നിലവില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

logo
The Fourth
www.thefourthnews.in