മൂന്നു ഫോര്‍മാറ്റിലും കളിക്കണോയെന്ന് ഇനി ബുംറ സ്വയം തീരുമാനിക്കണം: മഗ്രാത്ത്

മൂന്നു ഫോര്‍മാറ്റിലും കളിക്കണോയെന്ന് ഇനി ബുംറ സ്വയം തീരുമാനിക്കണം: മഗ്രാത്ത്

എല്ലാ പേസര്‍മാര്‍ക്കും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേപോലെ കളിക്കാന്‍ സധിക്കണമെന്നില്ലെന്നു മഗ്രാത്ത്
Updated on
2 min read

രാജ്യാന്തര ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും തുടര്‍ന്നു കളിക്കണോയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ സ്വയം ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. തിരുവനന്തപരുത്ത് കേരളാ ക്രിക്കറ്റ് അസോസിയേഷനും എംആര്‍എഫ് പേസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബൗളിങ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതാരം മാധ്യമങ്ങളോടു സംസാരിക്കവെയാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

താന്‍ ബുംറയുടെ കടുത്ത ആരാധകനാണെന്നു തുറന്നുപറഞ്ഞ ഓസീസ് താരം ഫിറ്റ്‌നസാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനമെന്നും അക്കാര്യം ബുംറ കാര്യമായി ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. ''ഇന്ത്യന്‍ ടീമിലെ മികച്ച പ്രതിഭയാണ് ബുംറയെന്നതിന് സംശയമില്ല. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയുമുണ്ട് ബുംറയ്ക്ക്. വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്''- മഗ്രാത്ത് പറഞ്ഞു.

ഇന്ന് ക്രിക്കറ്റ് പണ്ടു കാലത്തേതില്‍ നിന്നു ഏറെ മാറിയെന്നും മത്സരാധിക്യം താരങ്ങളുടെ ഫിറ്റ്‌നെസിനെ കാര്യമായി ബാധിക്കുന്നുവെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു. ''ഇന്ന് ക്രിക്കറ്റിന്റെ ഏറെ മാറി. മത്സരങ്ങള്‍ കഠിനവും ശാരീരിക ക്ഷമതയെ അങ്ങേയറ്റം പരീക്ഷിക്കുന്നതുമാണ്. പേസര്‍മാര്‍ക്ക് ഫിറ്റ്‌നസാണ് പ്രധാനം. പരിശീലനത്തോടൊപ്പം കൃത്യമായ വിശ്രമവും ബൗളര്‍മാര്‍ക്ക് ആവശ്യമുണ്ട്''- മഗ്രാത്ത് പറഞ്ഞു.

എല്ലാ പേസര്‍മാര്‍ക്കും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേപോലെ കളിക്കാന്‍ സധിക്കണമെന്നില്ലെന്നു പറഞ്ഞ മഗ്രാത്ത് ഇക്കാര്യത്തില്‍ ബുംറ ആലോചിച്ച് തീരുമാനമെടുക്കണമെന്നും അഭിപ്രായപ്പെട്ടു. ''ബുംറയെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന് ശരിയായ വിശ്രമമാണ് വേണ്ടത്. കരിയറില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ടെസ്റ്റ്, ടി20, ഏകദിനം, ഐപിഎല്‍ തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമോയെന്ന് ബുംറ ആലോചിച്ചു തീരുമാനിക്കട്ടെ''- മഗ്രാത്ത് അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in