'കാപി'റ്റല്‍ ഡാമേജ്; ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി
ബൗളർമാരുടെ ശവപ്പറമ്പായ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ജയ്‍ന്റ്സ് 'ജയ്ന്റ്' സ്‌കോറിലേക്ക് കടക്കാന്‍ വിടാതെ മാരിസണ്‍ കാപ്പിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ കാപ്പ് ഗുജറാത്തിന്റെ അന്തകയായി. ഗുജറാത്ത് ജയ്ന്റ്‌സ് മുന്നില്‍ വച്ച 106 എന്ന വിജയ ലക്ഷ്യം മറികടക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വെറും ഏഴ് ഓവറുകള്‍ മാത്രം മതിയായിരുന്നു. ബാറ്റിങ് വെടിക്കെട്ടുമായി പവര്‍പ്ലേ കടക്കും മുൻപേ ഷഫാലി വര്‍മ അര്‍ധ സെഞ്ചുറി തികച്ചതോടെ കളി വളരെ വേഗം അവസാനിച്ചു. ഓപ്പണര്‍മാരായി ഇറങ്ങിയ ഷഫാലി വര്‍മയും നായിക മെഗ് ലാനിങും പുറത്താകാതെ നിന്നപ്പോള്‍ 10 വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജയം.
അഞ്ച് സിക്‌സുകളും 10 ബൗണ്ടറികളുമായി 28 പന്തുകളിലാണ് ഷഫാലി വര്‍മ 76 റണ്‍സ് എടുത്ത് ഡല്‍ഹിയെ അനായസ ജയത്തിലേക്ക് നയിച്ചത്. മൂന്ന് ബൗണ്ടറികളോടെ 15 പന്തില്‍ നിന്ന് 21 റണ്‍സുമായി നായിക മെഗ് ലാനിങ്ങും ഷഫാലിയുടെ അതിവേഗ ഫിനിഷിങ്ങിന് കൂടെ നിന്നു.
ഹര്‍ലിന്‍ ഡിയോള്‍ കളത്തില്‍ നില്‍ക്കുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും ഒരു എല്‍ബിഡബ്ല്യുവിലൂടെ കാപ്പ് അതും കെടുത്തിക്കളഞ്ഞു
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിന് തുടക്കം മുതല്‍ തന്നെ തകര്‍ച്ച നേരിട്ടു. 10 റണ്‍സ് കടക്കും മുൻപേ ആദ്യ മൂന്ന് വിക്കറ്റുകളും ഗുജറാത്തിന് നഷ്ടമായി. രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ സബിനേനി മേഘ്നയെ മാരിസന്‍ കാപ്പ് ഡക്കില്‍ ബൗള്‍ഡാക്കിയതോടെ ഗുജറാത്തിന്റെ തകര്‍ച്ച ആരംഭിച്ചു. മൂന്നാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ കാപ്പ്, ലോറ വോള്‍വാര്‍ഡിനെയും (1) ആഷ്‌ലി ഗാര്‍ഡനറിനെയും പുറത്താക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ ആഷ്‌ലി എല്‍ബിഡബ്ല്യു ആവുകയായിരുന്നു. പിന്നാലെ ഇറങ്ങിയ ദയാലന്‍ ഹേമലതയെ ശിഖ പാണ്ഡെയാണ് പുറത്താക്കിയത്.
ഹര്‍ലിന്‍ ഡിയോള്‍ കളത്തില്‍ നില്‍ക്കുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും ഒരു എല്‍ബിഡബ്ല്യുവിലൂടെ കാപ്പ് അതും കെടുത്തിക്കളഞ്ഞു. 14 പന്തില്‍ 20 റണ്‍സാണ് ഡിയോളിന്റെ സമ്പാദ്യം. പിന്നാലെ സുഷമ വര്‍മയെയും ബൗള്‍ഡ് ആക്കി കാപ്പ് അഞ്ച് വിക്കറ്റ് തികച്ചു. 25 പന്തില്‍ 22 റണ്‍സെടുത്ത ജോര്‍ജിയ വെയര്‍ഹാമിനെ രാധാ യാദവ് ബൗള്‍ഡ് ആക്കുകയായിരുന്നു. തനൂജ കന്‍വാറിന്റെയും സ്‌നേഹാ റാണയുടെയും വിക്കറ്റ് വീഴ്ത്തിയത് ശിഖ പാണ്ഡെയാണ്. വാലറ്റത്ത് കിം ഗാര്‍ത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഓവര്‍ അവസാനിച്ചതിനാല്‍ സ്‌കോര്‍ 105ല്‍ ഒതുങ്ങി. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റും രാധാ യാദവ് ഒരു വിക്കറ്റും നേടി