WPL 2024 | കരുത്തോടെ ക്യാപ്‌സി; മുംബൈയ്ക്ക് 172 റണ്‍സ് ലക്ഷ്യം വച്ചുനീട്ടി ഡല്‍ഹി
2024 വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്.
അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ആലീസ് ക്യാപ്‌സിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് തുണയായത്. 53 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 75 റണ്‍സാണ് ക്യാപ്‌സി അടിച്ചെടുത്തത്. 24 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസും 25 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ നായിക മെഗ് ലാന്നിങ്ങും ക്യാപ്‌സിക്ക് മികച്ച പിന്തുണ നല്‍കി.
മൂന്നാം വിക്കറ്റില്‍ ക്യാപ്‌സി-ജമീമ സഖ്യം കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ല. ഓപ്പണര്‍ ഷഫാലി വര്‍മ(1), മധ്യനിര താരം മരിസാന്നെ കാപ്പ്(16) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി നാറ്റ് സ്‌കീവര്‍ ബ്രന്റും അമേലിയ കെറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷബ്‌നിം ഇസ്‌മെയ്‌ലിനാണ് ഒരു വിക്കറ്റ്.
നേരത്തെ ടോസ് നേടിയ മുംബൈ നായിക ഹര്‍മന്‍പ്രീത് കൗര്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇരുടീമുകളിലും മലയാളി സാന്നിദ്ധ്യമുണ്ടെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മുംബൈ നിരയില്‍ സജ്‌ന സജീവനും ഡല്‍ഹി നിരയില്‍ മിന്നു മണിയുമാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ച മലയാളികള്‍. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഡല്‍ഹിയെ തോല്‍പിച്ചാണ് അവര്‍ കിരീടം ചൂടിയത്.