''ജഡേജ അസ്വസ്ഥനായിരുന്നു, പുറത്തുവരുന്നത് കിംവദന്തികള്‍ മാത്രം'': ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ
ഐപിഎല്‍ 16ാം സീസണില്‍ ചെന്നൈ സൂപ്പർ കിങ്സ് കിരീടം ഉയർത്തിയിട്ടും ടീമിനുള്ളിലെ വിള്ളലുകളെ കുറിച്ചുള്ള ചർച്ചകള്‍ തുടരുകയാണ്. ഐപിഎല്‍ 2023 തുടങ്ങിയത് മുതല്‍ തന്നെ ചെന്നൈ ക്യാപ്റ്റൻ ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിൽ കളിക്കിടയിൽ അഭിപ്രായഭിന്നതകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടിരുന്നു. അത് ധോണി ആരാധകർ ഏറ്റുപിടിക്കുകയും കളിക്കളത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ജഡേജയ്ക്കെതിരെ ആക്ഷേപങ്ങള്‍ ഉയർത്തുകയും ചെയ്തു. എന്നാല്‍ ഈ കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥൻ. താരങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും പുറത്ത് വരുന്നത് കിംവദന്തികള്‍ മാത്രമാണെന്നുമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ആരാധകർക്കിടയില്‍ ഉയർന്നുവന്ന ധോണി-ജഡേജ തർക്കത്തെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഈ സീസണിലുടനീളം ഇരുവരുടേയും പെരുമാറ്റം. എരിതീയില്‍ എണ്ണയെന്നവിധം അതിനിടെ ജഡേജ ഒരു പോസ്റ്റും പങ്കുവച്ചു.''കര്‍മ നിങ്ങളിലേക്ക് മടങ്ങിയെത്തും, എത്രയും വേഗം അല്ലെങ്കില്‍ പിന്നീട്, എപ്പോഴായാലും അത് തീര്‍ച്ചയായും വരും,'' എന്നതായിരുന്നു പോസ്റ്റ്.
ധോണിക്ക് ഇറങ്ങാനായി ചെന്നൈ ആരാധകര്‍ ജഡേജയോട് ഔട്ട് ആയി പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇത് താരത്തെ തളര്‍ത്തിയിരിക്കാം എന്ന് കാശി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി. ''ബാറ്റ് ചെയ്യാൻ ധോണി ക്രീസില്‍ എത്തുന്നത് സന്തോഷമുള്ള കാര്യം ആണെങ്കിലും അതിനായി തന്റെ വിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചതില്‍ ജഡേജ സങ്കടപ്പെട്ടു. അതാണ് അവന്‍ നിരാശനായതിന്റെ കാര്യം, ഏതൊരു കളിക്കാരനും സമ്മർദ്ദമുണ്ടാകാം, ഒരു ട്വീറ്റ് ചെയ്തതല്ലാതെ അദ്ദേഹം അതില്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല,'' കാശി വിശ്വനാഥന്‍ പറഞ്ഞു.
ഗെയിമിന് ശേഷമുള്ള വീഡിയോ കണ്ട് താൻ ജഡേജയെ ആശ്വസിപ്പിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചു എന്നും, തങ്ങള്‍ മത്സരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ''ജഡേജക്ക് എപ്പോഴും ധോണിയോട് വലിയ ബഹുമാനമാണ്. ഫൈനലിന് ശേഷം 'ഈ ഇന്നിങ്സ് ഞാന്‍ ധോണിക്ക് സമര്‍പ്പിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.'' കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ പരുങ്ങലിലായ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം കിരീടത്തിലേക്ക് എത്തിച്ചത് ജഡേജയുടെ മിന്നുന്ന പ്രകടനമാണ്. മഴ തടസ്സപ്പെടുത്തിയ മത്സരം 15 ഓവറിലേക്ക് വെട്ടിച്ചുരുക്കിയപ്പോള്‍ ചെന്നൈയ്ക്ക് മറികടക്കേണ്ടിയിരുന്നത് 171 റണ്‍സ് വിജയലക്ഷ്യമാണ്. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വേണ്ടിയിരിക്കെ തുടർച്ചയായി ഒരു സിക്സും ഫോറും അടിച്ച ജഡേജ ചെന്നൈയുടെ രക്ഷകനാവുകയായിരുന്നു.
കിരീടമുയർത്താൻ ധോണി ജഡേജയെയും കൂട്ട് വിളിച്ചിരുന്നു. അതോടെ ഇരുവരുടെയും ഇടയിലുള്ള മഞ്ഞ് ഉരുകിയതായി ആരാധകരും കണക്കുകൂട്ടി. ഫൈനലിന് ശേഷം ധോണി ജഡേജയെ ഉയർത്തുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.