ഐപിഎല്‍ ഫൈനലും ചെന്നൈയില്‍; പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ആദ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2024 സീസണിന്റെ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. 12 വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരത്തിന് ചെന്നൈ വേദിയാകും. മേയ് 26-ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം തട്ടകം കൂടിയാണ് ചെപ്പോക്ക്.
ഫൈനലിന് പുറമേ സീസണിലെ രണ്ടാം ക്വാളിഫയറിനും ചെന്നൈയാണ് വേദിയാകുക. അതേസമയം ആദ്യ ക്വാളിഫയറും എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. മേയ് 21-നാണ് ആദ്യ ക്വാളിഫയര്‍. 22-ന് എലിമിനേറ്റര്‍ പോരാട്ടവും അരങ്ങേറും. 24-നാണ് രണ്ടാം ക്വാളിഫയര്‍.
ഇതിനു പുറമേ ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരങ്ങളുടെ ഷെഡ്യൂളുകളും പുറത്തുവിട്ടു. ഏപ്രില്‍ എട്ടിന് ചെന്നൈയില്‍ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. നേരത്തെ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള സീസണിലെ ആദ്യ 21 മത്സരങ്ങളുടെ ഫിക്‌സ്ചറാണ് പുറത്തുവിട്ടത്. ശേഷിക്കുന്ന മത്സരങ്ങളുടെ തീയതിയും വേദിയുമാണ് ഇന്ന് പ്രഖ്യാപിച്ചത്.
രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം വിദേശത്തേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇത് നിഷേധിച്ച് രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്തുവിട്ടത്.