ചേതൻ ശർമ തിരിച്ചെത്തി; നോർത്ത് സോൺ ക്രിക്കറ്റ് ടീമിന്റെ ചെയർമാനായി ചുമതലയേറ്റു

ചേതൻ ശർമ തിരിച്ചെത്തി; നോർത്ത് സോൺ ക്രിക്കറ്റ് ടീമിന്റെ ചെയർമാനായി ചുമതലയേറ്റു

സീ ന്യൂസ്‌ നടത്തിയ ഒളിക്യാമറ ഓപ്പറേഷനെ തുടർന്ന്, ഈ വർഷം ഫെബ്രുവരി 17ന് ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് ചേതൻ ശർമ രാജിവച്ചിരുന്നു.
Updated on
1 min read

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ച് നാല് മാസത്തിന് ശേഷം ചേതൻ ശർമ്മ ബിസിസിഐയിലേക്ക് മടങ്ങിയെത്തി. ഉത്തരമേഖലാ ടീമിലെ ചീഫ് സെലക്ടറായി അദ്ദേഹം ചുമതലയേറ്റു. ദുലീപ് ട്രോഫിക്കുള്ള ഉത്തരമേഖലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ജൂൺ 28 നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക.

50 ഓവർ ഏകദിന ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ ചേതൻ ശർമ്മ, സീ ന്യൂസ്‌ നടത്തിയ ഒളിക്യാമറ ഓപ്പറേഷനെ തുടർന്ന്, ഈ വർഷം ഫെബ്രുവരി 17ന് ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളിൽ പലരും പൂർണ കായികക്ഷമതയില്ലാതെയാണ്‌ കളിക്കുന്നത്. ടീമിൽ ഇടം കിട്ടാൻ വ്യാജ കായികക്ഷമതാ സർട്ടിഫിക്കറ്റ്‌ തയ്യാറാക്കുന്നു. അതിനായി പ്രത്യേക ഇൻജക്‌ഷനുകൾ എടുക്കുന്നു. അത്‌ വേദനാസംഹാരിയല്ല. പ്രകടനം മെച്ചപ്പെടുത്താനുള്ളതാണെന്നുമുളള ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ സീ ന്യൂസ് പുറത്ത് കൊണ്ട് വന്നത്.

2022ലെ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ നിലവാരം കുറഞ്ഞ പ്രകടനത്തെ തുടർന്ന് ചേതനെയും അദ്ദേഹത്തിന്റെ സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കിയിരുന്നു. പിന്നീട്, അദ്ദേഹംഈ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകുകയും ജനുവരിയിൽ വീണ്ടും ചീഫ് സെലക്ടറായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിക്യാമറയിൽ അദ്ദേഹം കുടുങ്ങുന്നത്.

ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മൻദീപ് സിംഗിനെ ഉത്തരമേഖലാ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. 2022-23 സീസണിൽ ഇന്ത്യ എയുടെയും റെസ്റ്റ് ഓഫ് ഇന്ത്യയുടെയും ഭാഗമായിരുന്ന യാഷ് ദുല്ലിനെ ടീമിൽ നിന്ന് ഒഴിവാക്കി. പ്രശാന്ത് ചോപ്ര, മനൻ വോറ, സിദ്ധാർത്ഥ് കൗൾ എന്നിവരോടൊപ്പം ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന പ്രഭ്‌സിമ്രാൻ സിംഗിനെയും ടീമിൽ ഉൾപ്പെടുത്തി.

ഓൾറൗണ്ടർ ജയന്ത് യാദവ് മാത്രമാണ് ടീമിലെ ഏക ടെസ്റ്റ് താരം. 2022ലെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഏകദിന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റ് മത്സരത്തിലും ജയന്ത് ഇടംപിടിച്ചിരുന്നു. മുംബൈ ഇന്ത്യൻസിന് വേണ്ടി തകർപ്പൻ ബാറ്റിംഗിലൂടെ ശ്രദ്ധനേടിയ നെഹാൽ വധേര സ്റ്റാൻഡ്‌ബൈ കളിക്കാരിലൊരാളാണ്. നോർത്ത് സോൺ ടീമിന്റെ മുഖ്യ പരിശീലകനായി അജയ് രത്രയെ നിയമിച്ചു.

ടീം: മന്ദീപ് സിംഗ് (ക്യാപ്റ്റൻ), പ്രഭ്സിമ്രാൻ സിംഗ്, പ്രശാന്ത് ചോപ്ര, ധ്രുവ് ഷോറെ, അങ്കിത് കൽസി, അങ്കിത് കുമാർ, പുൽകിത് നാരംഗ്, നിഷാന്ത് സിന്ധു, മനൻ വോറ, ജയന്ത് യാദവ്, ബൽതേജ് സിംഗ്, വൈഭവ് അറോറ, ഹർഷിത് റാണ, സിദ്ധാർത്ഥ് കൗൾ, ആബിദ് മുഷ്താഖ്.

logo
The Fourth
www.thefourthnews.in