കൊല്‍ക്കത്തയില്‍ ഡച്ച് പടയോട്ടം; ബംഗ്ലാദേശിനെതിരെ 87 റൺസിന്റെ വിജയം
ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ പൂട്ടി ഡച്ച് പട. 87 റൺസിനാണ് നെതർലൻഡ്‌സിന്റെ വിജയം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ കളിയിൽ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്താണ് നെതലൻഡ്‌സ് ആശ്വാസ ജയം കണ്ടെത്തിയത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും വലിയൊരു സ്കോറിലേക്കെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ മികച്ച ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു നെതർലൻഡ്‌സ്.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് പത്ത് വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ നിന്ന് 229 റൺസ് നേടി. ക്യാപ്റ്റൻ എഡ്‌വേഡ്‌സിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഡച്ച് പടയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 89 ബോളിൽനിന്ന് 68 റൺസ് നേടിയ ക്യാപ്റ്റനും 41 പന്തിൽ 41 റൺസ് സ്കോർ ചെയ്ത വെസ്ലി ബരേസിയുമാണ് ബംഗ്ലാദേശ് ബോളിങ് നിരയോട് ചെറുത്തുനിന്നത്. ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുൽ ഇസ്ലാം, തസ്‌കിൻ അഹ്‌മദ്, മഹ്‌ദി ഹസൻ, മുസ്തഫിസുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങിനറങ്ങിയ ബംഗ്ലാദേശിന് നല്ലൊരു ബാറ്റിംഗ് തുടക്കം നല്‍കാന്‍ കഴിഞ്ഞില്ല. ഇരുപത് റൺസ് തികയ്ക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മൂന്ന് റൺസ് നേടിയ ലിറ്റോൺ ദാസായിരുന്നു ആര്യൻ ദത്തിന്റെ ബൗളിൽ പുറത്തായത്. മൂന്നക്കം കടക്കുന്നതിന് ബംഗ്ലാദേശിന് നൽകേണ്ടി വന്നത് ആറ് വിക്കറ്റുകളായിരുന്നു. പോൾ വീൻ മീക്കേരൻ ഡച്ച് ടീമിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തപ്പോൾ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റ് നേടി ബംഗ്ലാദേശ് ബാറ്റർമാർക്ക് ഭീഷണി സൃഷ്ടിച്ചു.
അതിനിടെ, രാവിലെ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ജയം സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ അവസാന ഓവറിലും കിവീസ് ജയത്തിനായി പൊരുതി വീണു. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. ഇതിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷകള്‍ അവസാനിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ - 388/10 (49.2), ന്യൂസീലന്‍ഡ് - 383/9 (50).