CWC2023 | വാംഖഡയില്‍ ഇംഗ്ലീഷ് ദുരന്തം; ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സ് ജയം
'നിങ്ങള്‍ ശെരിക്കും ചാമ്പ്യന്മാർ തന്നെയാണോ?' ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ പ്രകടനം കണ്ട ആർക്കും തോന്നിയ സംശയമാകും ഇത്. 400 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് നേടാനായത് കേവലം 170 റണ്‍സ് മാത്രം. ജയത്തോടെ നെതർലന്‍ഡ്സിനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ കരകയറാനും ദക്ഷിണാഫ്രിക്കായി. ടൂർണമെന്റിലെ നാല് മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിന്റെ മൂന്നാം തോല്‍വിയാണിത്.
മാർക്കൊ യാന്‍സണ്‍, കഗിസൊ റബാഡ, ലുംഗി എന്‍ഗിഡി ത്രയത്തിന്റെ കൃത്യതയാർന്ന പേസ് ബൗളിങ്ങിന് മുന്നില്‍ പവർപ്ലെയ്ക്കുള്ളില്‍ തന്നെ ജോണി ബെയർസ്റ്റോ (10), ഡേവിഡ് മലന്‍ (5), ജോ റൂട്ട് (2), ബെന്‍ സ്റ്റോക്സ് (5) എന്നിവർ കൂടാരം കയറി. പവർപ്ലേയ്ക്ക് ശേഷവും വിക്കറ്റ് മഴ വാംഖഡയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ തുടർന്നു.
ഇംഗ്ലീഷ് മധ്യനിരയുടെ ഉത്തരവാദിത്തം ജെറാള്‍ഡ് കോറ്റ്സിയും എന്‍ഗിഡിയും പങ്കിട്ടു. ഹാരി ബ്രൂക്ക് (17), ജോസ് ബട്ട്ലർ (15), ആദില്‍ റഷീദ് (10) തുടങ്ങിയവരെയാണ് കോറ്റ്സി പുറത്താക്കിയത്. 12 റണ്‍സെടുത്ത ഡേവിഡ് വില്ലിയെ എന്‍ഗിഡിയും മടക്കി. മാർക്ക് വുഡും ഗസ് ആറ്റ്കിന്ർസണും അവസാന വിക്കറ്റില്‍ 70 റണ്‍സ് ചേർത്തതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം കുറച്ചത്
17 പന്തില്‍ 43 റണ്‍സെടുത്ത വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഗസ് 21 പന്തില്‍ 35 റണ്‍സും നേടി. ടോപ്ലിക്ക് പരുക്കേറ്റതിനാല്‍ ബാറ്റ് ചെയ്യാന്‍ കളത്തിലെത്താതെ പോയതോടെയാണ് 170-9 എന്ന നിലയില്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കോറ്റ്സി മൂന്നും എന്‍ഗിഡി, യാന്‍സണ്‍ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. റബാഡയും കേശവ് മഹാരാജുമാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ എടുത്തത്.
നേരത്തെ വാംഖഡയില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് വിരുന്നു തന്നെയായിരുന്നു ഒരുക്കിയത്. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 399 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്. ഹെന്‍റിച്ച് ക്ലാസന്‍ (109), റീസ ഹെന്‍ഡ്രിക്സ് (85), മാർക്കൊ യാന്‍സണ്‍ (75), റസി വാന്‍ ഡെർ ഡൂസന്‍ (60) എന്നിവരുടെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.