നാലാം ടെസ്റ്റിനും കമ്മിന്‍സില്ല; സ്മിത്ത് തന്നെ നയിക്കും
ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലും നായകന്‍ പാറ്റ് കമ്മിന്‍സിന്റെ സേവനം ഓസ്‌ട്രേലിയയ്ക്കു ലഭിക്കില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി രണ്ടാം ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയ കമ്മിന്‍സ് നാലാം ടെസ്റ്റിനു മുമ്പായി തിരിച്ചെത്തില്ലെന്നും അഹമ്മദാബാദില്‍ ഒമ്പതിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഉപനായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെ ടീമിനെ നയിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെയാണ് അമ്മയുടെ അസുഖങ്ങളെത്തുടര്‍ന്ന് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതിനാലാണ് കമ്മിന്‍സ് നാലാം ടെസ്റ്റില്‍ കളിക്കാതെ നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്.
കമ്മിന്‍സിന്റെ അഭാവത്തില്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിനെ നയിച്ച സ്റ്റീവന്‍ സ്മിത്ത് പരമ്പരയിലാദ്യമായി ടീമിന് വിജയം സമ്മാനിച്ചിരുന്നു. സ്പിന്നര്‍മാരെ തുണച്ച ഇന്‍ഡോറിലെ പിച്ചില്‍ രണ്ടര ദിനം ശേഷിക്കെ ഒമ്പതു വിക്കറ്റിനാണ് സ്മിത്തിന്റെ കീഴില്‍ ഓസീസ് ഇന്ത്യയെ വീഴ്ത്തിയത്.
ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനുള്ള അവസരം ഒരുക്കിയെടുക്കാനും സ്മിത്തിനായില്‍. നാലു മത്സര പരമ്പരയില്‍ നിലവില്‍ 1-2 എന്ന നിലയില്‍ പിന്നിലാണ് ഓസീസ്. അഹമ്മദാബാദില്‍ ഒമ്പതിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ സ്മിത്ത് തന്നെ ഓസീസിനെ നയിക്കുമ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ജയം നേടി പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലെത്തിക്കാനാണ് ഓസീസ് ലക്ഷ്യമിടുന്നത്.
2021-22 ആഷസ് സീരിസില്‍ കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ സ്ഥിരം നായകനായി ചുമതലയേറ്റ ശേഷം ഇതു നാലാം തവണയാണ് പകരക്കാരനായി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഓസീസിനെ നയിക്കുന്നത്.