CWC2023 | മൈറ്റി സാമ്പ; പാകിസ്താനെ തകർത്ത് രണ്ടാം ജയവുമായി ഓസ്ട്രേലിയ
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയ മൈറ്റി ഓസീസിന്റെ കുപ്പയമണിഞ്ഞു. പാകിസ്താനെ 62 റണ്‍സിന് തകർത്തായിരുന്നു ടൂർണമെന്റിലെ രണ്ടാം ജയം കംഗാരുപ്പട സ്വന്തമാക്കിയത്. 368 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് ആദം സാമ്പയുടെ സ്പിന്‍ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ബാബർ അസം, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ നിർണായക വിക്കറ്റുകള്‍ സാമ്പ പിഴുതു.
ഓസ്ട്രേലിയക്ക് ഓപ്പമെത്തിയില്ലെങ്കിലും പാകിസ്താന്‍ ഓപ്പണർമാരും സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി. 21.1 ഓവറില്‍ 134 റണ്‍സായിരുന്നു അബ്ദുള്ള ഷഫീഖും ഇമാം ഉള്‍ ഹഖും ചേർന്ന് നേടിയത്. ഷഫീഖിനേയും (64) ഇമാമിനേയും പുറത്താക്കി (70) മാർക്കസ് സ്റ്റോയിനിസ് പാകിസ്താനെ 154-2 എന്ന നിലയിലേക്ക് എത്തിച്ചു.
നിർണായക ഘട്ടത്തില്‍ പാക് നായകന്‍ ബാബർ അസമിന്റെ ബാറ്റുകള്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. 18 റണ്‍സ് മാത്രമാണ് വലം കയ്യന്‍ ബാറ്റർക്ക് നേടാനായത്. ആദം സാമ്പയുടെ പന്തില്‍ കമ്മിന്‍സിന്റെ കൈകളിലാണ് ബാബറിന്റെ ഇന്നിങ്സ് അവസാനിച്ചത്. ബാബർ വീണിട്ടും മുഹമ്മദ് റിസ്വാന്‍ ക്രീസില്‍ നിലയുറപ്പിച്ചു.
കൂറ്റന്‍ സ്കോറിന്റെ സമ്മർദത്തിന് മുന്നില്‍ സൗദ് ഷക്കീലും (30) ഇഫ്തിഖർ അഹമ്മദും (26) വീണു. അഞ്ച് ബാറ്റർമാരും മടങ്ങിയതോടെ ഉത്തരവദിത്വത്തിന്റെ ഭാരം വീണ്ടും റിസ്വാന്റെ ചുമലിലെത്തി. പക്ഷെ സാമ്പയുടെ കൃത്യതയ്ക്ക് മുന്നില്‍ റിസ്വാനും അതിജീവിക്കാനായില്ല. 46 റണ്‍സ് നേടിയാണ് റിസ്വാന്‍ മടങ്ങിയത്.
പിന്നീട് വാലറ്റത്തെ തടയേണ്ട ചുമതല മാത്രമായിരുന്നു മുന്‍ ചാമ്പ്യന്മാർക്ക് മുന്നിലുണ്ടായിരുന്നത്. 305 റണ്‍സിലാണ് പാകിസ്താന്‍ ഇന്നിങ്സ് അവസാനിച്ചത്. പത്ത് ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് സാമ്പ നാല് വിക്കറ്റെടുത്തത്. സാമ്പയ്ക്ക് പുറമെ സ്റ്റോയിനിസും കമ്മിന്‍സും രണ്ടും മിച്ചല്‍ സ്റ്റാർക്ക് ജോഷ് ഹെയ്സല്‍വുഡ് എന്നിവർ ഓരോ വിക്കറ്റും നേടി.