CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ

CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ

ട്രാവിസ് ഹെഡ്, നിങ്ങളാണ് താരം. ഫൈനലിന്റെ അതിസമ്മർദത്തേയും മിന്നും ഫോമിലുള്ള ഇന്ത്യന്‍ ബൗളിങ് നിരയേയും മറികടന്ന് ഓസ്ട്രേലിയയെ ഒറ്റയ്ക്ക് കിരീടത്തിലെത്തിച്ചതിന്
Updated on
2 min read

ഒരു വലിയ ജനക്കൂട്ടത്തെ നിശബ്ദരാക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല, ഏകദിന ലോകകപ്പ് ഫൈനലിന് മുന്‍പ് നടന്ന വാർത്താസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞ വാക്കുകളാണ്. നായകന്റെ വാക്കുകള്‍ പിഴച്ചില്ല, അത് ഓസീസ് കളത്തില്‍ നടപ്പിലാക്കുകയും ചെയ്തു. ആദ്യം പന്തുകൊണ്ട് ഇന്ത്യയെ 240 റണ്‍സിന് എറിഞ്ഞിട്ടു, പിന്നീട് ബാറ്റുകൊണ്ട് സമ്പൂർണ ആധിപത്യം. ഒടുവില്‍ ഒരുലക്ഷത്തിലധികം പേർ അണിനിരന്ന് തീർത്ത നീലക്കടല്‍ സാക്ഷിയാക്കി ഓസ്ട്രേലിയക്ക് ആറാം ലോകകിരീടം.

ഓസ്ട്രേലിയ: 241-4

ഇന്ത്യ: 240-10

ട്രാവിസ് ഹെഡ്, നിങ്ങളാണ് താരം. ഫൈനലിന്റെ അതിസമ്മർദത്തേയും മിന്നും ഫോമിലുള്ള ഇന്ത്യന്‍ ബൗളിങ് നിരയേയും മറികടന്ന് ഓസ്ട്രേലിയയെ ഒറ്റയ്ക്ക് കിരീടത്തിലെത്തിച്ചതിന്. മുന്‍നിര വീണപ്പോഴും ഹെഡിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ച മാർനസ് ലബുഷെയ്നും കയ്യടി അർഹിക്കുന്നു.

CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ
മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

240 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടരവെ ഏഴ് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി ഓസ്ട്രേലിയക്ക്. അപകടകാരിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(7), മധ്യനിര താരം മിച്ചല്‍ മാര്‍ഷ്(15), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്‌ (4), എന്നിവരെയാണ് മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും ചേർന്ന് മടക്കിയത്. പക്ഷേ, ട്രാവിസ് ഹെഡ് എന്ന ഇടം കയ്യന്‍ ബാറ്റർക്കു മുന്നില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ കൈയില്‍ ആയുധങ്ങളില്ലായിരുന്നു.

ബുംറ, ഷമി, സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ..നല്ല പന്തുകളെ കരുതലോടെയും മോശം പന്തുകളെ ശിക്ഷിച്ചുമായിരുന്നു ഹെഡ് വിജയലക്ഷ്യത്തിലേക്കുള്ള യാത്ര തന്റെ നിയന്ത്രണത്തിലാക്കിയത്. 57 പന്തില്‍ അർദ്ധ സെഞ്ചുറി കുറിച്ചു ഹെഡ്. അടുത്ത 50-ലേക്ക് എത്തിയത് 38 പന്തുകള്‍ക്കൊണ്ട്. ഹെഡ് മൂന്നക്കം കടന്നതും ഓസീസ് കിരീടം ഉറപ്പിച്ചതും ഒരുമിച്ചായിരുന്നു. ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി കഥ അവസാനിപ്പിച്ചപ്പോള്‍ ചടങ്ങുകള്‍ തീര്‍ത്ത് 58 റണ്‍സുമായി ലബുഷെയ്ന്‍ പുറത്താകാതെ നിന്നു. രണ്ടു റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ആയിരുന്നു കൂട്ട്.

CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ
നൂറില്‍ നൂറ് നേടാന്‍ കോഹ്ലി; ട്വന്റി ട്വന്റിക്ക് വഴിമാറുന്ന കാലവും ചരിത്രത്തിലേക്കുള്ള ദൂരവും

നിരാശപ്പെടുത്തി ഇന്ത്യന്‍ ബാറ്റിങ്

തുടക്കം ഗംഭീരമായിരുന്നു, തനതുശൈലിയില്‍ ബാറ്റ് വീശിയ നായകന്‍ രോഹിത് ശർമ ആദ്യ ഓവറുകളിലെ റണ്ണൊഴുക്ക് ഉറപ്പുവരുത്തി. വൈകാതെ മിച്ചല്‍ സ്റ്റാർക്കിലൂടെ ഇന്ത്യയ്ക്ക് ആദ്യം പ്രഹരം നല്‍കി. നാല് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മിഡ് ഓണില്‍ ആദം സാമ്പയുടെ കൈകളിലൊതുങ്ങി. മൂന്നാമനായി എത്തിയ വിരാട് കോഹ്ലിയും രോഹിതിനൊപ്പം ചേർന്ന് പവർപ്ലേ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തിയത്.

ജോഷ് ഹെയ്സല്‍വുഡിനെ രോഹിതും, സ്റ്റാർക്കിനെ കോഹ്ലിയും അനായാസം ബൗണ്ടറി കടത്തി. ഹാട്രിക്ക് ബൗണ്ടറികളോടെയായിരുന്നു ഏഴാം ഓവർ എറിയാനെത്തിയ മിച്ചല്‍ സ്റ്റാർക്കിനെ കോഹ്ലി വരവേറ്റത്. പവർപ്ലേയുടെ അവസാന ഓവറില്‍ മാക്സ്വല്ലിനെ തുടരെ ബൗണ്ടറികള്‍ പായിച്ചു രോഹിത്. പിന്നീട് അഹമ്മദാബാദിലെ ഒരുലക്ഷത്തിലധികം കാണികളെ നിശബ്ദരാക്കി രോഹിത് മടങ്ങി.

CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ
കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ

മാക്സ്വല്ലിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിതിനെ പുറത്താക്കിയത് ട്രാവിസ് ഹെഡിന്റെ ഉജ്വല ക്യാച്ചായിരുന്നു. നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 31 പന്തില്‍ 47 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. രണ്ട് തുടർ സെഞ്ചുറികളുടെ ആത്മവിശ്വാസത്തിലെത്തിയ ശ്രേയസ് അയ്യർ (4) അതിവേഗം പുറത്തായതാണ് ഇന്ത്യയെ സമ്മർദത്തിലാക്കിയത്. കമ്മിന്‍സിനായിരുന്നു വിക്കറ്റ്.

പിന്നീട് കോഹ്ലിയും കെ എല്‍ രാഹുലും ചേർന്നുള്ള ചെറുത്തുനില്‍പ്പായിരുന്നു. നാലാം വിക്കറ്റില്‍ 67 റണ്‍സാണ് സഖ്യം ചേർത്തത്. 109 പന്ത് നീണ്ടു നിന്ന കൂട്ടുകെട്ടില്‍ ഒരു ഫോർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ടൂർണമെന്റിലെ തന്റെ ആറാം അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ കോഹ്ലി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. സെമിയിലും ഫൈനലിലും 50 റണ്‍സിലധികം നേടുന്ന ഏഴാമത്തെ താരമാകാനും കോഹ്ലിക്കായി.

CWC2023 | ആറാം ലോകകിരീടം, 'തല' ഉയർത്തി ഓസീസ്; ഹൃദയം തകർന്ന് ഇന്ത്യ
ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ

പിന്നീടെത്തിയ ജഡേജ (9) ഹെയ്സല്‍വുഡിന്റെ ബൗളിങ് മികവിന് മുന്നില്‍ കീഴടങ്ങി, കൂട്ടത്തകർച്ചയുടെ തുടക്കം. രാഹുലിന്റെ 107 പന്തുകള്‍ നീണ്ട ചെറുത്തുനില്‍പ്പ് സ്റ്റാർക്ക് അവസാനിപ്പിച്ചു. 66 റണ്‍സ് നേടിയ ഇന്നിങ്സിലുണ്ടായിരുന്നത് ഒരു ബൗണ്ടറി മാത്രമായിരുന്നു. മുഹമ്മദ് ഷമിക്കും (6) സ്റ്റാർക്കിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. ജസ്പ്രിത് ബുംറയെ (1) സാമ്പയും കൂടാരം കയറ്റി.

അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനിരുന്ന സൂര്യകുമാർ യാദവിനും പിഴച്ചു. 28 പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാർ ഹെയ്സല്‍വുഡിന്റെ പന്തില്‍ ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. കുല്‍ദീപ് യാദവും (10) മുഹമ്മദ് സിറാജും (9) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്കോർ 240-ലെത്തിച്ചത്.

logo
The Fourth
www.thefourthnews.in