CWC2023 | കരുത്തോടെ അഫ്ഗാന്‍; ഇംഗ്ലണ്ടിന് 285 റണ്‍സ് വിജയലക്ഷ്യം

CWC2023 | കരുത്തോടെ അഫ്ഗാന്‍; ഇംഗ്ലണ്ടിന് 285 റണ്‍സ് വിജയലക്ഷ്യം

മധ്യനിര തകര്‍ന്നടിഞ്ഞിട്ടും വാലറ്റത്തിന്റെ പൊരുതലാണ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറിലെത്താന്‍ അഫ്ഗാനിസ്ഥാനെ സഹായിച്ചത്
Updated on
1 min read

അതിവേഗത്തുടക്കം, തകര്‍ച്ച, ഗംഭീര തിരിച്ചുവരവ് - ഇതായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് പ്രകടനം. റഹ്മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്താന്‍ അഫ്ഗാനിസ്ഥാനായി. 49.5 ഓവറില്‍ 284 റണ്‍സാണ് അഫ്ഗാന്‍ കണ്ടെത്തിയത്.

ഗുര്‍ബാസ് - ഇബ്രാഹിം സദ്രാന്‍ സഖ്യം പവര്‍പ്ലെ ആനൂകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയപ്പോള്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റണ്‍സൊഴുകി. ഗുര്‍ബാസ് സ്കോറിങ് ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ സദ്രാന്‍ പിന്തുണ നല്‍കി. 16.4 ഓവറില്‍ 114 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. സദ്രാനെ (28) ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ആദില്‍ റഷീദാണ് ചാമ്പ്യന്മാര്‍ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

CWC2023 | കരുത്തോടെ അഫ്ഗാന്‍; ഇംഗ്ലണ്ടിന് 285 റണ്‍സ് വിജയലക്ഷ്യം
സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം

19-ാം ഓവറില്‍ റഹ്മത്ത് ഷായും (3) ഗുര്‍ബാസും (80) വീണു. 57 പന്തില്‍ എട്ട് ഫോറും നാല് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്സ്. ഹഷ്മത്തുള്ള ഷഹീദി (14), അസ്മത്തുള്ള ഒമര്‍സായി (19), മുഹമ്മദ് നബി (9) എന്നിവര്‍ തകര്‍ച്ചയുടെ ഭാഗമായപ്പോള്‍ 114-0 എന്ന നിലയില്‍ നിന്ന് 190-6 ലേക്ക് അഫ്ഗാന്‍ വീണു. ഇക്രം അല്‍ഖിലിന്റെ ചെറുത്തുനില്‍പ്പായിരുന്നു പിന്നീട് അഫ്ഗാന് തുണയായത്.

66 പന്തില്‍ 58 റണ്‍സായിരുന്നു അല്‍ഖില്‍ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. റാഷിദ് ഖാന്‍ (22 പന്തില്‍ 23), മുജീബ് ഉര്‍ റഹ്മാന്‍ (16 പന്തില്‍ 28) എന്നിവരുടെ സംഭാവനകളും 280 കടക്കാന്‍ അഫ്ഗാനിസ്ഥാനെ സഹായിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ നേടി.

logo
The Fourth
www.thefourthnews.in