CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം

CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം

പത്തില്‍ എട്ട് വിക്കറ്റുകളും വീഴ്ത്തി സ്പിന്നര്‍മാരാണ് അഫ്ഗാന് ചരിത്ര ജയം ഉറപ്പാക്കിയത്
Updated on
1 min read

ചാമ്പ്യന്മാര്‍ വീണു, 2023 ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറി അഫ്ഗാനിസ്താന്റെ പേരില്‍. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനുമാണ് അഫ്ഗാനിസ്താനായി തിളങ്ങിയത്. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് (66) അര്‍ദ്ധ സെഞ്ചുറി നേടി.

285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയെ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 2019 ലോകകപ്പിന് ശേഷം സ്പിന്നര്‍മാര്‍ക്കെതിരെ ഏറ്റവും കുറഞ്ഞ ശരാശരിയുള്ള ഇംഗ്ലണ്ടിന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ തൊട്ടതെല്ലാം പിഴച്ചു. ജോണി ബെയര്‍സ്റ്റോയെ (3) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫസല്‍ഹഖ് ഫറൂഖിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജോ റൂട്ടിന്റെ (11) പ്രതിരോധം തകര്‍ത്ത് മുജീബ് സ്റ്റമ്പുകള്‍ തെറിപ്പിച്ചു.

CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം
സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം

മുഹമ്മദ് നബിയുടെ പന്തില്‍ ഇബ്രാഹിം സദ്രാന് അനായാസ ക്യാച്ച് സമ്മാനിച്ചാണ് ഫോമിലുള്ള ഡേവിഡ് മലന്‍ (33) പവലിയിനിലെത്തിയത്. നവീന്‍ ഉള്‍ ഹഖിന്റെ ഇന്‍സ്വിങ്ങര്‍ മനസിലാക്കാനാകാത്ത ജോസ് ബട്ട്ലറിന്റെ സ്റ്റമ്പുകളും മൈതാനം തൊട്ടു. ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ട് നായകന്റെ സമ്പാദ്യം. വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഹാരി ബ്രൂക്ക് ചെറുത്തു നിന്നു. പക്ഷെ പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നെന്ന് മാത്രം.

ടീം സമ്മര്‍ദത്തില്‍ നില്‍ക്കെ സൂപ്പര്‍ താരങ്ങളായ ലിയാം ലിവിങ്സ്റ്റണും സാം കറണും സംഭാവന ചെയ്യാനായത് 10 റണ്‍സ് വീതം മാത്രം. ലിവിങ്സ്റ്റണെ റാഷിദ് ഖാനും കറണെ നബിയുമാണ് മടക്കിയത്. 138-6 എന്ന നിലയിലേക്ക് ഈ സമയം ഇംഗ്ലണ്ട് എത്തിയിരുന്നു. ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് 22 റണ്‍സ് കൂടി ചേര്‍ക്കാന്‍ ബ്രൂക്കിനായി. പക്ഷെ മുജീബ് വീണ്ടും അവതരിച്ചതോടെ വൈകാതെ ബ്രൂക്കും വോക്സും പുറത്തായി. 66 റണ്‍സായിരുന്നു ബ്രൂക്ക് നേടിയത്. വോക്സ് ഒന്‍പതും.

CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം
രോഹിത് ശര്‍മ: നൈരാശ്യത്തെ 'പുള്‍ഷോട്ട് അടിച്ച് ' ചരിത്രത്തിലേക്ക്‌

ആദില്‍ റഷീദിനേയും (20) മാര്‍ക്ക് വുഡിനേയും (18) പുറത്താക്കി റാഷിദ് ഖാന്‍ ചരിത്ര ജയം ഉറപ്പാക്കി. മുജീബിനും റാഷിദിനും പുറമെ മുഹമ്മദ് നബി രണ്ടും ഫസല്‍ഹഖ് ഫറൂഖിയും നവീന്‍ ഉള്‍ ഹഖും ഓരോ വിക്കറ്റ് വീതം നേടി. ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാനിസ്താന്റെ രണ്ടാം ജയമാണിത്.

നേരത്തെ റഹ്മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്താന്‍ അഫ്ഗാനിസ്ഥാനായത്. 49.5 ഓവറില്‍ 284 റണ്‍സാണ് അഫ്ഗാന്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ നേടി.

logo
The Fourth
www.thefourthnews.in