CWC 2023 | വിരാട വീര്യത്തില്‍ ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ തകർത്തത് ഏഴ് വിക്കറ്റിന്

CWC 2023 | വിരാട വീര്യത്തില്‍ ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ തകർത്തത് ഏഴ് വിക്കറ്റിന്

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും നല്‍കിയ മികച്ച തുടക്കത്തില്‍ നിന്നായിരുന്നു വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം ജയം. ബംഗ്ലാദേശ് ഉയർത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഏകദിന ക്രിക്കറ്റില്‍ തന്റെ 48-ാം സെഞ്ചുറി നേടിയ വിരാട് കോഹ്ലി (103*), ശുഭ്മാന്‍ ഗില്‍ (53), രോഹിത് ശർമ (48) എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

പതിവ് പോലെ ഇന്ത്യക്ക് അതിവേഗ തുടക്കം നല്‍കാന്‍ നായകന്‍ രോഹിത് ശർമയ്ക്ക് സാധിച്ചു. രോഹിതിന്റെ ബാറ്റില്‍ നിന്ന് അനായാസം ബൗണ്ടറികള്‍ പിറന്നതോടെ ഇന്ത്യന്‍ സ്കോർ കുതിച്ചു. ആദ്യം കരുതലോടെ ബാറ്റ് വീശിയ ഗില്ലും രോഹിതിന്റെ പാത സ്വീകരിച്ചതോടെ പവർപ്ലേയില്‍ 63 റണ്‍സാണ് നീലപ്പട കണ്ടെത്തിയത്.

CWC 2023 | വിരാട വീര്യത്തില്‍ ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ തകർത്തത് ഏഴ് വിക്കറ്റിന്
ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പരുക്ക്; സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

13-ാം ഓവറില്‍ രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 88 റണ്‍സിലെത്തിയിരുന്നു. 40 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സും ഇന്ത്യന്‍ നായകന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. കളത്തിലെത്തിയപ്പോള്‍ മുതല്‍ ആധിപത്യം പുലർത്തിയ കോഹ്ലിയുടെ തോളിലേറിയായിരുന്നു പിന്നീട് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് പോയത്.

ലോകകപ്പിലെ കന്നി അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ തന്നെ ഗില്‍ മടങ്ങി. 55 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമാണ് ഗില്‍ നേടിയത്. ഗില്ലിന്റെ പുറത്താകലും പിന്നീടെത്തിയ ശ്രേയസ് അയ്യരിന് തിളങ്ങാനാകാത്തതും കോഹ്ലിയുടെ താളം തെറ്റിച്ചില്ല. അർഹിച്ച സെഞ്ചുറിയിലേക്കുള്ള വഴിയില്‍ കെ എല്‍ രാഹുല്‍ കോഹ്ലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

CWC 2023 | വിരാട വീര്യത്തില്‍ ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ തകർത്തത് ഏഴ് വിക്കറ്റിന്
CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

42-ാം ഓവറിലെ മൂന്നാം പന്തില്‍ കോഹ്ലിയുടെ ബാറ്റ് സിക്സർ കണ്ടെത്തി, ഇന്ത്യ വിജയവും. ഏകദിന ക്രിക്കറ്റ് കരിയറിലെ കോഹ്ലിയുടെ 48-ാം സെഞ്ചുറിയാണ് പൂനെയില്‍ പിറന്നത്. 34 റണ്‍സെടുത്ത് രാഹുല്‍ പുറത്താകാതെ നിന്നു. കോഹ്ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

നേരത്തെ നിശ്ചിത 50 ഓവറില്‍ ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹൊസൈന്‍ (51), മഹ്മദുള്ള (46) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് 256 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി.

logo
The Fourth
www.thefourthnews.in