'ദ ഗ്രേറ്റ് ഇന്ത്യന്‍ പേസേഴ്സ്'; ലോകകപ്പ് നേട്ടങ്ങള്‍ക്ക് പിന്നിലെ വജ്രായുധം
'എന്തുകൊണ്ട് ഇന്ത്യയ്ക്കൊരു മികച്ച് പേസ് നിരയെ വാർത്തെടുക്കാനാകുന്നില്ല?' പതിറ്റാണ്ടുകളായി ക്രിക്കറ്റ് പണ്ഡിതരും നിരീക്ഷകരുമെല്ലാം ഉയർത്തിയ ചോദ്യമാണിത്. ലോകക്രിക്കറ്റിന്റെ നെറുകയില്‍ സ്ഥാനമുറപ്പിക്കുമ്പോഴും എതിരാളികളെ ഭയപ്പെടുത്തുന്ന ഒരു പേസ് ബൗളറുടെ അഭാവം നിലനിന്നിരുന്നു. ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ഡെയില്‍ സ്റ്റേയിന്‍, ഷോയിബ് അക്തർ, വസിം അക്രം, വഖാർ യൂനിസ്, മാല്‍ക്കം മാർഷല്‍ എന്നിവർക്ക് ഒപ്പം വയ്ക്കാന്‍ ഇന്ത്യയ്ക്കൊരു പേരില്ലെന്ന വസ്തുത കമന്ററി ബോക്സ് മുതല്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടയില്‍ വരെ ചർച്ചയായിട്ടുണ്ട്.
അത്തരം ചോദ്യങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യ ഉത്തരം നല്‍കിയിരിക്കുകയാണ് ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് ത്രയത്തിലൂടെ. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പ്രകടനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. പവർപ്ലേയില്‍ സിറാജിന്റെ പേസ്, ഫുള്‍ ലെങ്ത് പന്തുകളിലൂടെ ബാറ്റർമാരെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയെന്നതാണ് തന്ത്രം. പലപ്പോഴും ബാറ്റർമാര്‍ സിറാജിനെ ആക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. പക്ഷേ ഒരു വിക്കറ്റിന്റെ ആത്മവിശ്വാസം സിറാജിനെ എത്തിക്കുക മറ്റൊരു തലത്തിലേക്കാണ്.
പിന്നാലെ കുറിയ റണ്ണപ്പുമായി എത്തുന്ന ബുംറ, പേസും വേരിയഷനുകളും ചേർന്ന ബൗളിങ്. ചിലപ്പോള്‍ ബുംറയുടെ പന്തുകളുടെ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററിന് മുകളിലാണ്, അല്ലെങ്കില്‍ സ്പിന്നർമാർക്ക് സമാനമായ വേഗതയിലും. അൺപ്രഡിക്റ്റബിൾ എന്ന വാക്കുതന്നെ ബുംറയുടെ ബൗളിങ്ങിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാം. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും വിക്കറ്റ്, അതാണ് വലംകൈയന്‍ പേസർ നല്‍കുന്ന ഗ്യാരന്റി.
ഇനിയാണ് കൂട്ടത്തില്‍ ഏറ്റവും നയനാനന്ദകരമായി പന്തെറിയുന്നയാള്‍, ഷമി. കൃത്യതയാർന്ന ലൈനും ലെങ്തും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ബെന്‍ സ്റ്റോക്സിനെ ഷമി കുടുക്കിയ സ്പെല്‍ തന്നെ ഏറ്റവും വലിയ ഉദാഹരം. ഷമിയുടെ പന്തുകള്‍ക്ക് മുന്നില്‍ മറുപടി പോലും പറയാനാകാതെയായിരുന്നു സ്റ്റോക്സ് അന്ന് കീഴടങ്ങിയത്. പന്തിനെ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ വിക്കറ്റുകള്‍ തെറിക്കും, ഡ്രൈവിന് ശ്രമിച്ചാല്‍ എഡ്ജ്. അതാണ് ഷമിയെ നേരിടുന്ന ബാറ്റർമാരുടെ ലോകകപ്പിലെ സ്ഥിതി.
ലോകകപ്പില്‍ ഷമി ഇതുവരെ പിഴുതത് 16 വിക്കറ്റ്, കേവലം നാല് മത്സരത്തിൽനിന്ന്. ബുംറയുടെ പേരില്‍ പതിനഞ്ചും സിറാജിന് 10 വിക്കറ്റുമുണ്ട് ടൂർണമെന്റില്‍. ലോകകപ്പില്‍ ഇന്ത്യന്‍ പേസർമാർ സക്സസ് കൊണ്ടുവരുന്നത് ഇതാദ്യമല്ല. 1983, 2003, 2011 ലോകകപ്പുകളില്‍ പേസർമാർ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിർണായകമായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ പേസ് നിര
1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ കിരീടം ഉയത്തിയപ്പോള്‍ ടീമിലെ മൂന്ന് പേസർമാരാണ് പത്തിലധികം വിക്കറ്റെടുത്തത്. റോജർ ബിന്നി (18 വിക്കറ്റ്), മദന്‍ ലാല്‍ (17 വിക്കറ്റ്), കപില്‍ ദേവ് (12 വിക്കറ്റ്) എന്നിവരായിരുന്നു തിളങ്ങിയത്. മോഹിന്ദർ അമർനാഥും ബല്‍വിന്ദർ സിങ്ങും എട്ട് വിക്കറ്റ് വീതവും വീഴ്ത്തി.
2003ല്‍ ഇന്ത്യ കിരീടത്തിന് തൊട്ടരികില്‍ വീണെങ്കിലും പതിറ്റാണ്ടുകള്‍ക്കുശേഷം ഇന്ത്യയുടെ പേസ് നിര ലോകകപ്പില്‍ തല ഉയർത്തി. സഹീർ ഖാന്‍ (18) വിക്കറ്റ്, ജവഗല്‍ ശ്രീനാഥ് (16 വിക്കറ്റ്), ആശിഷ് നെഹ്റ (15) വിക്കറ്റ് എന്നിവരായിരുന്നു ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്ര എളുപ്പത്തിലാക്കിയത്.
28 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ 2011ല്‍ ഇന്ത്യ കിരീടം ചൂടിയ ടീമില്‍ നാല് പേസർമാരായിരുന്നു ഉണ്ടായിരുന്നത്. സഹീർ ഖാന്‍, മുനാഫ് പട്ടേല്‍, എസ് ശ്രീശാന്ത്, ആശിഷ് നെഹ്റ. സ്പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ നാല്‍വർ സംഘം 35 വിക്കറ്റ് നേടി. 21 വിക്കറ്റുമായി സഹീർ ഖാനായിരുന്നു ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷാഹിദ് അഫ്രിദിക്കൊപ്പമുണ്ടായിരുന്നത്.
ലോകകപ്പ് വിജയത്തില്‍ ബാറ്റിങ് നിരയെ മറികടന്ന് പേസ് നിര നിർണായകമാകുന്ന സന്ദർഭങ്ങള്‍ വിരളമാണ്. അത്തരമൊരു വിജയം കൊണ്ടുവരാന്‍ ബുംറ, ഷമി, സിറാജ് ത്രയത്തിന്റെ അസാധ്യ മികവിനാകുമോയെന്നാണ് ഉയരുന്ന ചോദ്യം. പേസ് നിരയുടെ ഉജ്വല പ്രകടനത്തിന്റെ അകമ്പടികൊണ്ട് മാത്രം ലോകകിരീടം പിടിച്ചെടുത്ത് ചരിത്രമുണ്ടായിട്ടുണ്ട്, 1992ല്‍. അന്ന് ലോകകപ്പുയർത്തിയത് പാകിസ്താനായിരുന്നു.
1992 ലോകകപ്പും പാകിസ്താനും
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ പാകിസ്താന്റെ കിരീടനേട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ചത് വസീം അക്രം, അക്വിബ് ജാവേദ്, ഇമ്രാന്‍ ഖാന്‍ പേസ് ത്രയമായിരുന്നു. പാകിസ്താന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം തീർത്തും നിരാശ നല്‍കിയതായിരുന്നു. എട്ട് കളികളില്‍നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമായിരുന്നു നേട്ടം. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് പോര് ഉപേക്ഷിക്കപ്പെട്ടതിനാല്‍ ലഭിച്ച ഒരു പോയിന്റ് പാകിസ്താന്റെ സെമി ഫൈനലിലേക്കുള്ള യാത്ര സാധ്യമാക്കി.
പക്ഷേ സെമിയില്‍ കടന്നതോടെ പാകിസ്താന്‍ മറ്റൊരു ടീമായി മാറുകയായിരുന്നു. ന്യൂസിലന്‍ഡിനെ ആധികാരികമായി കീഴടക്കി ഫൈനലില്‍ കടന്നു. കലാശപ്പോരില്‍ ഇംഗ്ലണ്ടിന് 250 റണ്‍സ് വിജയലക്ഷ്യമായിരുന്നു പാകിസ്താന്‍ ഉയർത്തിയത്. അക്രം (മൂന്ന് വിക്കറ്റ്), ജാവേദ് (രണ്ട് വിക്കറ്റ്), ഇമ്രാന്‍ (ഒരു വിക്കറ്റ്) പേസ് ത്രയത്തിന്റെ മികവില്‍ ഇംഗ്ലണ്ടിനെ 227ലൊതുക്കിയാണ് കിരീടം നേടിയത്.
ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കർ അക്രമായിരുന്നു. 18 തവണയാണ് ബാറ്റർമാരെ അക്രം പവലിയനിലേക്ക് മടക്കിയത്. ജാവേദ് പതിനൊന്നും ഇമ്രാന്‍ ഏഴും വിക്കറ്റ് ടൂർണമെന്റില്‍ സ്വന്തമാക്കി.