രോഹിത് നയിക്കും, ടീമില്‍ മൂന്ന് ഓസീസ് താരങ്ങള്‍; ദ ഫോർത്ത് ലോകകപ്പ് ഇലവന്‍
ഒന്നരമാസത്തോളം നീണ്ടു നിന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന്റെ കൊടിയിറങ്ങി. 10 മത്സരങ്ങളുടെ വിജയക്കുതിപ്പുമായി എത്തിയ ഇന്ത്യയെ ആധികാരികമായി കീഴടക്കി ഓസ്ട്രേലിയ ആറാം കിരീടമുയർത്തി.
765 റണ്‍സുമായി ബാറ്റുകൊണ്ട് തിളങ്ങിയ വിരാട് കോഹ്ലി, 24 വിക്കറ്റുകളുമായി പന്തുകൊണ്ട് അതിശയിപ്പിച്ച മുഹമ്മദ് ഷമി, നാല് സെഞ്ചുറികളുമായി അവസാന ലോകകപ്പ് ആഘോഷമാക്കിയ ക്വിന്റണ്‍ ഡി കോക്ക്, ടീം ലീഗ് ഘട്ടത്തില്‍ വീണിട്ടും തലഉയർത്തി മടങ്ങിയ ലങ്കയുടെ ദില്‍ഷന്‍ മധുശങ്ക...അങ്ങനെ ഒരുപാട് നിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചാണ് ടൂർണമെന്റ് അവസാനിച്ചത്. ദ ഫോർത്ത് തിരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍ പരിശോധിക്കാം
രോഹിത് ശർമ (ക്യാപ്റ്റന്‍)
ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചതില്‍ രോഹിത് ശർമയുടെ ആക്രമണശൈലി സുപ്രധാന പങ്കുവഹിച്ചിരുന്നു. 11 കളികളില്‍ നിന്ന് 54 ശരാശരിയിലും 125.95 പ്രഹരശേഷിയിലും 597 റണ്‍സാണ് രോഹിത് നേടിയത്.
ടൂർണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിനായി. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡ് രോഹിത് മുന്നില്‍ നിന്നാണ് നയിച്ചതെന്നതിന്റെ ഉദാഹരണമാണ്.
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ)
ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ ചിറകേകിയത് ഡി കോക്കിന്റെ ബാറ്റിങ് മികവായിരുന്നു. നാല് സെഞ്ചുറികള്‍ ഉള്‍പ്പടെ 594 റണ്‍സാണ് താരം ലോകകപ്പില്‍ നേടിയത്.
വിരാട് കോഹ്ലി
ഈ ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച താരം. 11 കളികളില്‍ ആറ് അർദ്ധ സെഞ്ചുറിയും മൂന്ന് ശതകവും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ (673) റെക്കോഡും കോഹ്ലി പിന്നിട്ടു. 765 റണ്‍സ് നേടിയാണ് കോഹ്ലി ലോകകപ്പിന്റെ താരമായത്.
രച്ചിന്‍ രവീന്ദ്ര
ലോകകപ്പില്‍ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്ത് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം അതിശയിപ്പിക്കാന്‍ 24-കാരന് സാധിച്ചു. 10 കളികളില്‍ നിന്ന് 578 റണ്‍സെടുത്ത രച്ചിനായിരുന്നു ടൂർണമെന്റിലെ ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറർ. കന്നി ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെന്ന നേട്ടവും ഇടം കയ്യന്‍ ബാറ്റർ സ്വന്തം പേരിലെഴുതി ചേർത്തു.
ട്രാവിസ് ഹെഡ്
ഗുരുതരമായ പരുക്കില്‍ നിന്ന് കരകയറി ഓസ്ട്രേലിയയെ കിരീടത്തിലേക്ക് എത്തിച്ചത് ഹെഡിന്റെ ബാറ്റുകളായിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 62 റണ്‍സും രണ്ട് വിക്കറ്റും, ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറിയും (137) ഹെഡ് നേടി. ഇരുകളികളിലും ഹെഡായിരുന്നു കളിയിലെ താരം. ആറ് കളികളില്‍ നിന്ന് 329 റണ്‍സാണ് ഹെഡ് നേടിയത്.
ഗ്ലെന്‍ മാക്സ്‌വെല്‍
അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള അസാധ്യ മികവാണ് മാക്സ്‌വെല്ലിന് അപകടകാരിയാക്കുന്നത്. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ടീമിനെ ഇരട്ടസെഞ്ചുറിയുടെ അകമ്പടിയില്‍ മാക്സ്‌വെല്‍ ഒറ്റയ്ക്ക് ജയിപ്പിച്ചിരുന്നു. ഒരുപക്ഷേ ഓസ്ട്രേലിയയുടെ ആത്മവിശ്വാസം ഉയർത്തിയതും താരത്തിന്റെ ഇന്നിങ്സായിരിക്കും. ഒന്‍പത് കളികളില്‍ നിന്ന് 400 റണ്‍സാണ് മാക്സ്‍വെല്‍ സ്കോർ ചെയ്തത്.
മാർക്കൊ യാന്‍സണ്‍
ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഇടം കൈയന്‍ പേസർ. ഒന്‍പത് കളികളില്‍ നിന്ന് 17 വിക്കറ്റാണ് യാന്‍സണ്‍ ടൂർണമെന്റില്‍ പിഴുതെടുത്തത്. 157 റണ്‍സ് നേടി ബാറ്റുകൊണ്ട് സംഭാവന ചെയ്യാനും താരത്തിനായി. ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 75 റണ്‍സ് നേടിയ ഇന്നിങ്സും ഇതില്‍ ഉള്‍പ്പെടുന്നു.
മുഹമ്മദ് ഷമി
ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കർ. കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍, മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം. കൃത്യതയാർന്ന ബൗളിങ് മികവുകൊണ്ട് ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്തുന്നു എന്നതാണ് ഷമിയെ വ്യത്യസ്തനാക്കുന്നത്.
മത്സരത്തിന്റെ ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാനുള്ള താരത്തിന്റെ മികവും ഇന്ത്യയ്ക്ക് തുണയായി. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ (17 ഇന്നിങസ്) 50 വിക്കറ്റ് തികയ്ക്കുന്ന താരമാകാനും ഈ ടൂർണമെന്റിലൂടെ ഷമിക്ക് കഴിഞ്ഞു.
ജസ്പ്രിത് ബുംറ
ഇന്ത്യന്‍ ബൗളിങ് നിരയുടെ കുന്തമുന. 11 കളികളില്‍ നിന്ന് 20 വിക്കറ്റുകളാണ് ബുംറ ലോകകപ്പില്‍ നേടിയത്. വേരിയേഷനുകള്‍ നിറഞ്ഞ പന്തുകള്‍, അപ്രതീക്ഷിതമായി എത്തുന്ന യോർക്കറുകള്‍, പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ അപകടകാരിയാണ് ബുംറ.
ആദം സാമ്പ
പേസ് ബൗളിങ്ങിന് പേരുകേട്ട ഓസ്ട്രേലിയന്‍ ടീമിനായി ടൂർണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് ആദം സാമ്പയെന്ന സ്പിന്നറായിരുന്നു. തന്റെ ലെഗ് സ്പിന്നുകൊണ്ട് 23 തവണയാണ് ബാറ്റർമാരെ സാമ്പ കൂടാരം കയറ്റിയത്.
ദില്‍ഷന്‍ മധുശങ്ക
ടൂർണമെന്റില്‍ ഒന്‍പതാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ശ്രീലങ്കന്‍ ടീമിന് ആശ്വസിക്കാനുള്ള ഏക പ്രകടനം ദില്‍ഷന്‍ മധുശങ്കയുടേതായിരുന്നു. ഒന്‍പത് കളികളില്‍ നിന്ന് 21 വിക്കറ്റാണ് ഇടം കൈയന്‍ പേസർ നേടിയത്.
റാഷിദ് ഖാന്‍ (12)
ഒന്‍പത് കളികളില്‍ നിന്ന് 11 വിക്കറ്റും 105 റണ്‍സുമാണ് റാഷിദ് ഖാന്‍ ലോകകപ്പില്‍ നേടിയത്. ട്വന്റി 20-യിലെ തന്റെ നിലവാരത്തിനൊത്ത് ഉയരാനായില്ലെങ്കിലും അഫ്ഗാനിസ്താന്റെ ചരിത്ര പ്രകടനത്തില്‍ റാഷിദിനും കൃത്യമായ റോളുണ്ടായിരുന്നു.