CWC2023 | ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്
ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടത് ചൂണ്ടു വിരലിന് പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ബംഗ്ലാദേശിന്റെ ലോകകപ്പിലെ അവസാന പോരാട്ടത്തില്‍ ഷാക്കിബുണ്ടാകില്ല. നവംബർ 11 ഓസ്ട്രേലിയക്കെതിരെയാണ് മത്സരം.
''ഇന്നിങ്സിന്റെ തുടക്കത്തില്‍ ഷാക്കിബിന്റെ ഇടതു ചൂണ്ടുവിരലില്‍ പരുക്കേറ്റിരുന്നു. വേദനസംഹാരികളുടെ സഹായത്തോടെയാണ് ഷാക്കിബ് ബാറ്റിങ് തുടർന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനുശേഷം അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കുകയും ഒടിവുള്ളതായി കണ്ടെത്തുകയും ചെയ്തു. മൂന്ന് മുതല്‍ നാല് ആഴ്ചവരെ വിശ്രമം ആവശ്യമായി വന്നേക്കും,'' ബംഗ്ലാദേശ് ടീം ഫിസിയോ ബൈജെദുല്‍ ഇസ്ലാം ഖായെ ഉദ്ധരിച്ച് ഐസിസി റിപ്പോർട്ട് ചെയ്തു.
വിവാദങ്ങളും നാടകീയ നിമിഷങ്ങളും കണ്ട ബംഗ്ലാദേശ് - ശ്രീലങ്ക മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഷാക്കിബായിരുന്നു. 82 റണ്‍സും രണ്ട് വിക്കറ്റും താരം കളിയില്‍ നേടി.
എന്നാല്‍ ഷാക്കിബിന്റെ ഓള്‍ റൗണ്ട് മികവ് പക്ഷേ ടൈംഡ് ഔട്ട് വിവാദത്തിന്റെ നിഴലില്‍ അകപ്പെട്ടുപോയി. ഏഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് ഷാക്കിബ് അപ്പീല്‍ പിന്‍വലിക്കാത്തതിനെ തുടർന്നായിരുന്നു.
ഷാക്കിബിനെ തന്റെ പന്തില്‍ പുറത്താക്കി മാത്യൂസ് കളിക്കിടയില്‍ മധുരപ്രതികാരവും വീട്ടി. സമയത്തിന്റെ ആംഗ്യം കാണിച്ചായിരുന്നു മാത്യൂസ് ഷാക്കിബിനെ പവലിയനിലേക്ക് അയച്ചത്. 65 പന്തില്‍ 82 റണ്‍സെടുത്ത ഷാക്കിബ്, നജ്മല്‍ ഹൊസൈന്‍ ഷാന്റോയുമായി ചേർന്ന് 169 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതാണ് മത്സരത്തിന്റെ ഗതി ബംഗ്ലാദേശിന് അനുകൂലമാക്കിയത്.