വിയര്‍പ്പൊഴുക്കാതെ വിജയം; ഇന്ത്യ-പാക് പോരാട്ടം യഥാര്‍ത്ഥ വിലയിരുത്തലാകും

വിയര്‍പ്പൊഴുക്കാതെ വിജയം; ഇന്ത്യ-പാക് പോരാട്ടം യഥാര്‍ത്ഥ വിലയിരുത്തലാകും

മുഹമ്മദ് സിറാജിന്റെ ബൗളിങ് ഫോം പെട്ടെന്ന് മോശമായത് ആശങ്കയ്ക്കിടയാക്കുന്നു. ഏഷ്യ കപ്പിലെ ഫോം കണ്ടപ്പോള്‍ സിറാജില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു
Updated on
1 min read

പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യ അനായാസമായി ജയിച്ചു. അഫ്ഗാനിസ്ഥാനെതിരെ വിജയിക്കുമെന്ന് നേരത്തെ തന്നെ കരുതിയിരുന്നു. ആ വിജയം വിയര്‍പ്പൊഴുക്കാതെ തന്നെ ഇന്ത്യ നേടിയെടുത്തു. അഫ്ഗാന്റെ ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമര്‍സായിയും തമ്മിലുള്ളത് നല്ലൊരു കൂട്ടുകെട്ടായിരുന്നു. ഡല്‍ഹിയിലേത് ബൗളര്‍മാരെ തീരെ തുണയ്ക്കാത്ത വിക്കറ്റാണ്. ന്യൂബോളില്‍ ജസ്പ്രിത് ബുംറയുടെ മികവും ഹാര്‍ദിക് പാണ്ഡ്യയുടേയും ശാര്‍ദൂല്‍ ഠാക്കൂറിന്റേയും ബ്രേക്ക്ത്രൂകളും കൊണ്ടാണ് നമുക്ക് പിടിച്ചുനില്‍ക്കാനായത്.

200-250 റണ്‍സെടുക്കാല്‍ കെല്‍പ്പുള്ള ടീം തന്നെയാണ് അഫ്ഗാനിസ്ഥാന്‍. പക്ഷെ നമ്മള്‍ പ്രതീക്ഷിച്ചതിലും റണ്‍സ് അവരെടുത്തു. സ്പിന്നര്‍മാരെ സംബന്ധിച്ച് അവര്‍ക്ക് ആനുകൂല്യമുള്ള വിക്കറ്റായിരുന്നില്ല. അതുകൊണ്ടാണ് രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത്. ഒരു ഘട്ടത്തിലും കളി നമ്മുടെ കൈ വിട്ട് പോയിരുന്നില്ല. ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും നല്‍കാത്ത വിക്കറ്റിനെ അഫ്ഗാനിസ്ഥാന് മധ്യഓവറുകളില്‍ ഉപയോഗിക്കാനായി.

നമ്മള്‍ ബാറ്റ് ചെയ്തപ്പോഴും അത് തന്നെയാണ് കണ്ടത്. 35 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. രോഹിത് ശര്‍മ ഫോമിലേക്കെത്തി. അതുപോലെ ശ്രേയസ് അയ്യര്‍, അധിക നേരം ക്രീസിലില്ലായിരുന്നെങ്കിലും അദ്ദേഹം 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു, നല്ല ടച്ചിലാണ് ശ്രേയസിനെ കാണാനായത്. ഇന്ത്യയ്ക്ക് ഈ മത്സരം കഴിയുമ്പോള്‍ ടിക്ക് ചെയ്യേണ്ടിയിരുന്ന ബോക്സുകളിലെല്ലാം ടിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വളരെ സന്തോഷകരമായ സാഹചര്യത്തിലാണ് ടീം ഇപ്പോഴുള്ളത്.

അഫ്ഗാനെ സംബന്ധിച്ച് ലോകോത്തര താരമെന്ന് പറയാന്‍ റാഷിദ് ഖാന്‍ മാത്രമാണുള്ളത്. അദ്ദേഹം രണ്ട് വിക്കറ്റെടുത്ത് മികവ് കാണിച്ചു. ഒരു ഐപിഎല്‍ മത്സരത്തില്‍ കിട്ടുന്നത്ര വിക്കറ്റ് ലഭിക്കാത്തത് ടീം മൊത്തത്തില്‍ വീക്കായതുകൊണ്ടാണ്.

ആശങ്കപ്പെടാന്‍ രണ്ട് കാര്യങ്ങളാണ് ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ളത്. ഒന്ന്, ശുഭ്മന്‍ ഗില്‍ ഇപ്പൊള്‍ ടീമിനൊപ്പം ഇല്ല എന്നതാണ്. ഡെങ്കിപ്പനി ബാധിച്ച് അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതായാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ എത്ര മത്സരം അദ്ദേഹത്തിന് കളിക്കാനാകുമെന്നത് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

രണ്ട്, മുഹമ്മദ് സിറാജിന്റെ ബൗളിങ് ഫോം പെട്ടെന്ന് മോശമായതാണ്. ഏഷ്യ കപ്പില്‍ സിറാജ് മികച്ച ഫോമിലായിരുന്നു. ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ആറ് വിക്കറ്റ് നേടിയത് മനോഹരമായൊരു സ്പെല്ലായിരുന്നു. സിറാജില്‍ നിന്ന് ധാരാളം അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സിറാജിന് ഫോമിലേക്കെത്താനായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരെ ഒൻപത് ഓവറില്‍ 76 റണ്‍സെന്ന് പറയുമ്പോള്‍, അതിലൊരു ക്ഷീണമുണ്ട്. ഇത് രണ്ടുമാണ് ഇന്ത്യ സംബന്ധിച്ചുള്ള രണ്ട് ഷോക്ക് പോയിന്റുകള്‍.

ഇനി അടുത്ത മത്സരം, ഇന്ത്യ-പാകിസ്താന്‍. അതാണ് നമ്മള്‍ ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ആ മത്സരത്തിലെ നമ്മുടെ പ്രകടനം വിലയിരുത്തേണ്ടത് തന്നെയാണ്. ഇരുടീമുകളും നല്ല ഫോമിലാണ് ശ്രീലങ്കയ്ക്കെതിരെ പാകിസ്താന്‍ മികച്ച വിജയമാണ് കൊയ്തതെന്ന് മറക്കരുത്. ശ്രീലങ്ക നല്ലൊരു എതിരാളിയാണ്, നല്ലൊരു സ്കോറും അവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും പാകിസ്താന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് ആ ടോട്ടലിനെ മറികടന്നിരുന്നു. അതുകൊണ്ട് നല്ലൊരു മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in