'താലിബാനെ തോല്‍പ്പിച്ച് തുടക്കം'; ഇത് അട്ടിമറികളുടെ അഫ്ഗാനിസ്താന്‍

'താലിബാനെ തോല്‍പ്പിച്ച് തുടക്കം'; ഇത് അട്ടിമറികളുടെ അഫ്ഗാനിസ്താന്‍

ഭുകമ്പം വിതച്ച നാശവും യുദ്ധത്തിന്റെ മുറിപ്പാടുകളും, നിരാശയുടെ ആഴത്തിലേക്ക് പതിയുന്ന ജനതയ്ക്ക് ഇന്ത്യയിലെ മൈതാനങ്ങളില്‍നിന്ന് പ്രതീക്ഷയുടെ ഷോട്ടുകള്‍ തൊടുക്കുകയാണ് അഫ്ഗാന്‍ ടീം
Updated on
1 min read

കാബൂളിലെ ഒരു സെമിത്തേരി...കല്ലറകള്‍ക്കിടയിലെ ഇടനാഴയില്‍ ആവേശത്തോടെ കുറച്ച് കുരുന്നുകള്‍ ക്രിക്കറ്റ് കളിക്കുന്നു. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട ഒരു ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം ഇത്രത്തോളം കൃത്യതയോടെ വരച്ചുകാട്ടിയ ചിത്രങ്ങള്‍ അടുത്തെങ്ങും കണ്ടിട്ടില്ല. യുദ്ധവും അടിച്ചമര്‍ത്തലുകളും പ്രകൃതിദുരന്തങ്ങളുമാല്‍ വരിഞ്ഞുമുറുകപ്പെട്ട അഫ്ഗാന്‍ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയാകുകയാണിപ്പോള്‍ ക്രിക്കറ്റ്. ഈ ലോകകപ്പ് ക്രിക്കറ്റില്‍ മൂന്ന് അട്ടിമറി ജയങ്ങള്‍.

അഫ്ഗാനിലെ യുവതലമുറകള്‍ക്കിടയിലേക്ക് ക്രിക്കറ്റ് എത്തിയ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ല. 1979ല്‍ സോവിയറ്റ് അധിനിവേശം സംഭവിച്ചപ്പോള്‍ ആയിരക്കണക്കിന് അഫ്ഗാനികളാണ് പാകിസ്താനിലേക്ക് പലായനം ചെയ്തത്. പെഷവറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്നാണ് അഫ്ഗാന്‍ കളിക്കാരില്‍ ചിലരെങ്കിലും ക്രിക്കറ്റ് അഭ്യസിച്ചത്. കമ്പുുകൊണ്ടുള്ള ബാറ്റും പ്ലാസ്റ്റിക് കവറുകള്‍ ചുരുട്ടി രൂപപ്പെടുത്തിയ പന്തുകൊണ്ടും ക്യാമ്പിലെ വിരസതമാറ്റാന്‍ അഫ്ഗാന്‍ കൗമാരത്തിന് അന്നായി. പക്ഷേ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ധനം പകര്‍ന്നത് 1992ലെ പാകിസ്താന്റെ ലോകകപ്പ് വിജയമായിരുന്നു.

'താലിബാനെ തോല്‍പ്പിച്ച് തുടക്കം'; ഇത് അട്ടിമറികളുടെ അഫ്ഗാനിസ്താന്‍
CWC2023 | ലങ്കയും കീഴടക്കി അഫ്ഗാന്‍ പടയോട്ടം; ജയം ഏഴ് വിക്കറ്റിന്

മൂന്ന് പതിറ്റാണ്ടിനിപ്പുറം ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുന്‍ ജേതാക്കളായ പാകിസ്താനെയും ശ്രീലങ്കയെയും കീഴടക്കി മുന്നേറുകയാണ് അഫ്ഗാനിസ്താന്‍. താലിബാന്‍ ആധിപത്യത്തില്‍ രാജ്യം വരിഞ്ഞുമുറുകുമ്പോള്‍ ആണ് അതിജീവനത്തിന്റെ ഈ കായിക ആവിഷ്‌ക്കാരം., ഈയിടെ ഉണ്ടായ ഭൂകമ്പത്തില്‍ പൊലിഞ്ഞത് ആയിരത്തിലധികം ജീവനുകള്‍. നിരാശയുടെ ആഴത്തിലേക്ക് പതിയുന്ന അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയിലെ മൈതാനങ്ങളില്‍നിന്ന് പ്രതീക്ഷയുടെ ഷോട്ടുകള്‍ തൊടുക്കുകയാണ് ടീം.

നേട്ടങ്ങളിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. താലിബാന്‍ ഭരണത്തിന് കീഴില്‍ ക്രിക്കറ്റ് പോലും തുടച്ച് നീക്കപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. വളര്‍ച്ചയിലായിരുന്ന വനിത ക്രിക്കറ്റ് അപ്രത്യക്ഷമായെങ്കിലും പുരുഷ ക്രിക്കറ്റിനെ കാര്യമായി ബാധിച്ചില്ല. കാരണം ആഗോളതലത്തില്‍ തന്നെ അഫ്ഗാനിസ്ഥാന്‍ ടീം വളര്‍ച്ച കൈവരിച്ചിരുന്നു. പക്ഷേ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പ് കുറഞ്ഞതോടെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടുന്നുപോകുന്നത്.

'താലിബാനെ തോല്‍പ്പിച്ച് തുടക്കം'; ഇത് അട്ടിമറികളുടെ അഫ്ഗാനിസ്താന്‍
ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം

ലോകകപ്പിനിടെയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ആദ്യ ഭൂകമ്പമുണ്ടായത്, മരിച്ചത് രണ്ടായിരത്തി നാനൂറിലധികം പേര്‍, പരുക്കേറ്റവര്‍ പതിനായിരത്തിലധികം, 1,300ലധികം വീടുകള്‍ പൂര്‍ണമായും നശിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങള്‍ സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ അഫ്ഗാന്റെ തിരിച്ചുവരവ് ദുഷ്‌കരമാക്കുകയാണ്. സ്വന്തം രാജ്യം പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ലോകകപ്പില്‍ അഫ്ഗാന്‍ താരങ്ങള്‍ സമാനതകളില്ലാത്ത പോരാട്ടവീര്യം പുറത്തെടുക്കുന്നത്.

പതിറ്റാണ്ടുകളായി അഫ്ഗാനിസ്താന്‍ ആഗോളതലത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് യുദ്ധത്തിന്റെ പേരിലാണ്. ലോകത്തിന് മുന്നില്‍ ഒരുപക്ഷേ അവര്‍ക്ക് പറയാനാകുന്ന വിജയത്തിന്റെ ഏക കഥ ക്രിക്കറ്റായിരിക്കാം. യുദ്ധത്തിന്റെ കഥകള്‍ തിരുത്തി ക്രിക്കറ്റിന്റെ പുതുചരിത്രം രചിക്കാനുള്ള യാത്രയിലാണ് അഫ്ഗാന്‍ ടീം. ലോകവേദികളില്‍ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നീ താരങ്ങളുടെ സ്വീകാര്യത കണ്ട് ബാറ്റും ബോളുമെടുത്ത് മൈതനാങ്ങളിലേക്ക് ഇറങ്ങുന്ന ഒരു തലമുറ അഫ്ഗാനിസ്ഥാനില്‍ ഇന്നുണ്ട്.

logo
The Fourth
www.thefourthnews.in