CWC2023 | മൂന്ന് റൗണ്ടുകള്‍, അട്ടിമറികളും അപ്രതീക്ഷിത മുന്നേറ്റങ്ങളും; ലോകകപ്പിലെ 'ടോപ് ത്രീ'
ഏകപക്ഷീയമായ വിജയങ്ങളും അട്ടിമറിയും ഞെട്ടലുകളുമെല്ലാം നിറഞ്ഞതായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മൂന്ന് റൗണ്ടുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും മുൻ ജേതാക്കളായ ഓസ്ട്രേലിയക്കും അടിപതറിയപ്പോള്‍ ഇന്ത്യ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ തുടങ്ങിയ ടീമുകള്‍ പ്രതീക്ഷക്കൊത്ത് ഉയരുകയും ആദ്യ നാലില്‍ ഇടം നേടുകയും ചെയ്തു. ആദ്യ മൂന്ന് റൗണ്ടുകളിലെ മികച്ച മത്സരങ്ങള്‍, ബാറ്റർമാർ, ബൗളര്‍മാര്‍ ആരൊക്കെയെന്നു പരിശോധിക്കാം.
ടോപ് 3 മത്സരങ്ങള്‍
ഇംഗ്ലണ്ട് - അഫ്ഗാനിസ്താൻ
ഈ ലോകകപ്പിലെ ആദ്യ അട്ടിമറി നടന്ന മത്സരമായിരുന്നു ഇംഗ്ലണ്ട് - അഫ്ഗാനിസ്താന്‍. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനുമാണ് അഫ്ഗാനിസ്താനായി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ റഹ്മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചത്.
ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട്
2019 ഏകദിന ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണത്തെ ഉദ്ഘാടന മത്സരം. ബൗണ്ടറി കണക്കുകളില്‍ കിരീടം കൈവിടേണ്ടി വന്ന ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ സമ്പൂർണ ആധിപത്യത്തിലായിരുന്നു കീഴടക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 289 റണ്‍സ്. ഇംഗ്ലണ്ട് റണ്‍സ് കണ്ടെത്താന്‍ വിയർത്ത പിച്ചില്‍ 36.2 ഓവറില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഡെവോണ്‍ കോണ്‍വെ (152), രച്ചിന്‍ രവീന്ദ്ര (123) എന്നിവരുടെ മികവിലായിരുന്നു ന്യൂസലന്‍ഡിന്റെ അനായാസ ജയം.
നെതർലന്‍ഡ്സ് - ദക്ഷിണാഫ്രിക്ക
ഏകദിന ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡച്ച് പട നേടിയത്. മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 246 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയർത്തിയത്. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസിന്റെ പോരാട്ടം 207 റണ്‍സില്‍ അവസാനിച്ചു. 69 പന്തില്‍ 78 റണ്‍സെടുത്ത നായകന്‍ എഡ്വേഡ്സിന്റെ ഇന്നിങ്സായിരുന്നു നെതര്‍ലന്‍ഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.
ടോപ് 3 ബാറ്റർമാർ
മൊഹമ്മദ് റിസ്വാന്‍
പാകിസ്താന്‍ മധ്യനിരയുടെ നെടുംതൂണായ റിസ്വാന്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 248 റണ്‍സാണ് നേടിയത്. പാക് നിരയിലെ ഏറ്റവും സ്ഥിരത പുലർത്തുന്നത് റിസ്വാന്‍ തന്നെയാണെന്ന് താരത്തിന്റെ സ്കോറുകള്‍ വ്യക്തമാക്കുന്നു. നെതർലന്‍ഡ്സിനെതിരെ 68 റണ്‍സെടുത്ത റിസ്വാന്‍ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറിയും (131) കുറിച്ചു. ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തില്‍ 49 റണ്‍സായിരുന്നു റിസ്വാന്റെ സംഭാവന.
ക്വിന്റണ്‍ ഡി കോക്ക്
കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടിലും സെഞ്ചുറി നേടിയ ലോകകപ്പിലെ ഏകതാരമാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ ക്വിന്റണ്‍ ഡി കോക്ക്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 100 റണ്‍സെടുത്ത് പുറത്തായ ഇടം കയ്യന്‍ ബാറ്റര്‍ ശക്തരായ ഓസ്ട്രേലിയക്കെതിരെയും പ്രകടനം ആവര്‍ത്തിച്ചു. 109 റണ്‍സായിരുന്നു ഓസ്ട്രേലിയക്കെതിരെ ഡി കോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അതേസമയം ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരേ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. 20 റണ്‍സ് മാത്രമാണ് നേടിയത്. മൂന്നു കളികളില്‍ നിന്ന് 229 റണ്‍സാണ് സമ്പാദ്യം.
രോഹിത് ശർമ
ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ പൂജ്യനായാണ് രോഹിത് ലോകകപ്പിന് തുടക്കമിട്ടത്. എന്നാല്‍ അഫ്ഗാനിസ്താനെതിരായ സെഞ്ചുറിയോടെ (131) ഇന്ത്യന്‍ നായകന്‍ ഫോമിലേക്ക് ഉയർന്നു. പാകിസ്താനെതിരായ പോരാട്ടത്തില്‍ 86 റണ്‍സുമായി ഇന്ത്യയ്ക്ക് അതിവേഗത്തുടക്കം സമ്മാനിക്കാനും രോഹിതിനായി. മൂന്ന് കളികളില്‍ നിന്ന് 217 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്.
ടോപ് 3 ബൗളര്‍മാര്‍
ജസ്പ്രിത് ബുംറ
ഇന്ത്യന്‍ നായകന്‍ രോഹിത് ശർമയുടെ പ്രധാന അസ്ത്രമായ ജസ്പ്രിത് ബുംറ വിശ്വാസം കാക്കുന്നതായാണ് ആദ്യ മൂന്ന് മത്സരങ്ങളിലേയും പ്രകടനം വ്യക്തമാക്കുന്നത്. മൂന്ന് കളികളില്‍ നിന്ന് 11.62 ശരാശരിയില്‍ എട്ട് വിക്കറ്റുകളാണ് ബുംറ പിഴുതത്. ഒരു ഓവറില്‍ ബുംറ വഴങ്ങുന്ന ശരാശരി റണ്‍സ് 3.44 മാത്രമാണ്.
മിച്ചല്‍ സാന്റ്നര്‍
ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് വേട്ടക്കാരില്‍ ഇടം പിടിച്ച ഏക സ്പിന്നറാണ് ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്നര്‍. മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് സാറ്റ്നറും നേടിയത്. നെതർലന്‍ഡ്സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടുന്നു.
മാറ്റ് ഹെന്‍്റി
ബുംറയ്ക്കും സാന്റ്നറിനുമൊപ്പം എട്ട് വിക്കറ്റുമായി ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്‍്റിയും മുന്നിലുണ്ട്. 18ന് മുകളിലാണ് താരത്തിന്റെ ശരാശരി. നെതർലന്‍ഡ്സിനെതിരെ നേടിയ മൂന്ന് വിക്കറ്റുകളാണ് ടൂർണമെന്റിലെ പേസറുടെ മികച്ച് പ്രകടനം.