അതിനൊരു തീരുമാനമായി! വൈരം മറന്ന് കോഹ്ലിയും നവീനും; സൗഹൃദനിമിഷം പങ്കുവച്ച് ഐസിസി
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്നത് വിരാട് കോഹ്ലി - നവീന്‍ ഉള്‍ ഹഖ് പോരാട്ടത്തിനായിരുന്നു. ഇരുവരും ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തതിന് ശേഷം ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിക്കുമെന്ന ആകാംഷയോടെയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിലേക്ക് ഉറ്റുനോക്കിയതു.
19-ാം ഓവറില്‍ ഇഷാന്‍ കിഷന്‍ മടങ്ങിയതോടെ കോഹ്ലി കളത്തിലെത്തി. ഇതോടെ സ്റ്റേഡിയത്തിലെ ആരാധകരും ആവേശത്തിലായി. കോഹ്ലിക്കെതിരെ പന്തെറിയാന്‍ നവീനെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കലങ്ങി മറിഞ്ഞു. നവീനെതിരെ ആരാധകരുടെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നു. ആരാധകരോക്ഷം അതിരുകടന്നതോടെ കോഹ്ലിയുടെ ഇടപെടലുണ്ടായി. നവീനെതിരെ ശബ്ദമുയര്‍ത്താതിരിക്കാന്‍ കോഹ്ലി ആരാധകരോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ നവീന്‍ കോഹ്ലിയുടെ അടുത്തെത്തി സംസാരിക്കുകയും വൈരം മറന്ന് ഇരുവരും ആശ്ലേഷിക്കുകയും ചെയ്തു. സ്റ്റേഡിയത്തിലുടനീളമുള്ള കാണികള്‍ കോഹ്ലിയുടെ പെരുമാറ്റത്തെ അഭിനന്ദിക്കുന്നതാണ് പിന്നീട് കണ്ടത്. കോഹ്ലി-നവീന്‍ മൊമന്റിന്റെ വീഡിയോ ഐസിസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തിനിടെയായിരുന്നു കോഹ്ലിയും നവീനും തമ്മില്‍ വാക്കേറ്റമുണ്ടായത്. മത്സരശേഷമുള്ള ഹസ്തദാനത്തിനിടെ ഇരുവരും വീണ്ടും ഏറ്റുമുട്ടി. ഇതോടെ ലഖ്നൗ ഉപദേശകനും മുന്‍ താരവുമായ ഗൗതം ഗംഭീര്‍ ഇടപെട്ടു. പിന്നീട് കോഹ്ലിയും ഗംഭീറും തമ്മിലായി പോര്. ഇരുടീമുകളിലേയും മുഴുവന്‍ താരങ്ങളും ഇടപെട്ടായിരുന്നു അന്ന് സാഹചര്യം തണുപ്പിച്ചത്.
അതേസമയം, ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം 15 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 84 പന്തില്‍ 131 റണ്‍സാണ് രോഹിത് അഫ്ഗാനെതിരെ നേടിയത്. വിരാട് കോഹ്ലി പുറത്താകാതെ 55 റണ്‍സുമെടുത്തു.