എല്ലാം നേടി പടിയിറക്കം, പൂർണ സംതൃപ്തന്‍; ചരിത്രമുറങ്ങുന്ന സിഡ്നിയില്‍ പാഡഴിച്ച് ഡേവി
ചരിത്രമുറങ്ങുന്ന സിഡ്നി ക്രിക്കറ്റ് മൈതാനവും കാണികളും ഇന്ന് വൈകാരികമായിരുന്നു. ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റർമാരിലൊരാളായ ഡേവിഡ് വാർണറിന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ് കാണാന്‍ സിഡ്നിയിലെ ഗ്യാലറികള്‍ നിറഞ്ഞിരുന്നു. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ വിജയ റണ്ണിന് 11 റണ്‍സ് അകലെ വാർണർ പുറത്താകുമ്പോള്‍ ഗ്യാലറിയില്‍ നിന്നും കളത്തില്‍ നിന്നും ഒരുപോലെ കയ്യടി ഉയർന്നു.
ബൗണ്ടറിക്കരികില്‍ കാത്തിരുന്ന സഹതാരം സ്റ്റീവ് സ്മിത്ത് വാർണറിനെ ആശ്ലേഷിച്ചതിന് ശേഷമായിരുന്നു ബാറ്റ് ചെയ്യാനായി ഇറങ്ങിയത്. 12 വർഷത്തിലധികം നീണ്ടുനിന്ന ഐതികാസിക കരിയറിന് അവസാനം. 112 ടെസ്റ്റുകളില്‍ നിന്നായി 8786 റണ്‍സും 26 സെഞ്ചുറികളുമാണ് വാർണറുടെ നേട്ടം.
ഞാന്‍ ട്വന്റി20യിലൂടെയായിരുന്നു തുടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലും അത് പ്രകടമാക്കാന്‍ ഞാന്‍ ശ്രമിച്ചു. ആ ശ്രമം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്
വിരമിക്കല്‍ വർഷം വാർണർ പറഞ്ഞതുപോലെ തന്നെ ഒരു സ്വപ്നം പോലെ തന്നെയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ആഷസ്, ഏകദന ലോകകപ്പ്, ഒടുവില്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി പടിയിറക്കം. വിരമിക്കല്‍ ദിനത്തിലും പൂർണ സംതൃപ്തനായിരുന്നെന്നാണ് വാർണറിന്റെ വാക്കുകള്‍ നിന്ന് മനസിലാകുന്നത്. കഫെയിലെത്തി ഇളയ കുട്ടിക്കൊപ്പം ഒരു കാപ്പി, പൂർണ സന്തോഷത്തോടെ പ്രിയപ്പെട്ട സിഡ്നിയിലേക്ക് യാത്ര. സിഡ്നിയിലെത്തിയ ആരാധകരോടുള്ള നന്ദിയും കടപ്പാടും മറച്ചുവെക്കാതെയായിരുന്നു വാർണറിന്റെ പ്രസംഗം.
"ഞാന്‍ ട്വന്റി20യിലൂടെയായിരുന്നു തുടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലും അത് പ്രകടമാക്കാന്‍ ഞാന്‍ ശ്രമിച്ചു. ആ ശ്രമം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ ഏറ്റവും നല്ല രീതിയില്‍ വളർത്തിയ മാതാപിതാക്കള്‍ക്ക് എല്ലാ ക്രെഡിറ്റും. എന്റെ സഹോദരന്‍ സ്റ്റീവിന്റെ പാത ഞാന്‍ പിന്തുടരുകയായിരുന്നു. എന്റെ കുടുംബം, അവരെ ഞാന്‍ മരണം വരെ സ്നേഹിക്കുന്നു," വാർണർ പറഞ്ഞു.
"വലിയ താരനിര എനിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും 30 വയസിന് മുകളിലെത്തിയിരിക്കുന്നു. കാലം മുന്നോട്ട് പോകുമ്പോള്‍ ചെറുപ്പമാകില്ലല്ലൊ. പക്ഷേ, ഈ ടീം ഊർജ്ജസ്വലരാണ്. അവർ ലോകോത്തരമാണ്. ഞാന്‍ കളിച്ച രീതി എല്ലാവർക്കും സന്തോഷം നല്‍കിയെന്നാണ് പ്രതീക്ഷിക്കുന്നു. യുവതലമുറ ഈ ശൈലി പിന്തുടരുമെന്ന് കരുതുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുക," വാർണർ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.