പേസ് കൊടുങ്കാറ്റില്‍ ഉലഞ്ഞില്ല, സ്പിന്‍ കുഴികളില്‍ വീണില്ല; ഒരേ ഒരു വാർണർ
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരില്‍ അഞ്ചാമനായാണ് ഡേവിഡ് വാർണർ എന്ന ഇടം കയ്യന്‍ ബാറ്റർ കരിയർ അവസാനിപ്പിക്കുന്നത്. 44.58 ശരാശരിയില്‍ 8,695 റണ്‍സാണ് വാർണർ ഇതുവരെ നേടി. മുന്‍താരം മാത്യു ഹെയ്‌ഡന്റെ റെക്കോഡ് (8,625) മറികടന്നാണ് വാർണർ പട്ടികയില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് മാത്രം അനുയോജ്യനെന്ന തലക്കെട്ടായിരുന്നു കരിയറിന്റെ തുടക്കത്തില്‍ വാർണറിനുണ്ടായിരുന്നത്. ഇവിടെ നിന്നാണ് ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരുടെ പട്ടികയിലേക്ക് വാർണർ ചുവടുവെച്ചത്. തന്റെ ആക്രമണ ബാറ്റിങ് ശൈലി ടെസ്റ്റിലും പ്രതിഫലിപ്പിച്ചതാണ് വാർണറിന് തുണയായത്.
ദ ടെസ്റ്റ് ഓപ്പണർ
ഫോർമാറ്റ് ഏതാണെങ്കിലും ഓപ്പണർമാർക്ക് ആദ്യ 10-15 ഓവറുകള്‍ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ന്യൂബോളിന്റെ ആനുകൂല്യം ബൗളർമാർ ആസ്വദിക്കുന്ന സമയം ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിയുന്നവരുടെ പേരുകള്‍ക്ക് മാത്രമായിരിക്കും റെക്കോഡ് പുസ്തകങ്ങളില്‍ സ്ഥാനം. വാർണർ ടെസ്റ്റില്‍ അരങ്ങേറിയതിന് ശേഷം ഏഴ് ഓപ്പണർമാർ മാത്രമാണ് 3,000 റണ്‍സിന് മുകളില്‍ സ്കോർ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓപ്പണറായ അലസ്റ്റിർ കുക്കാണ് വാർണറിന്റെ അരങ്ങേറ്റത്തിന് ശേഷം കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണർ (6,555 റണ്‍സ്). ശരാശരിയില്‍ രോഹിത് ശർമയും ഉസ്മാന്‍ ഖവാജയും മാത്രമാണ് മുന്നിലുള്ളത്.
തന്റെ കാലത്ത് ഓപ്പണർമാരുടെ സെഞ്ചുറി പട്ടികയിലും വാർണർ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ദിമുത് കരുണരത്നയേക്കാള്‍ (16) പത്ത് സെഞ്ചുറിയാണ് കൂടുതലുള്ളത്. ന്യൂസിലന്‍ഡ് (22), വെസ്റ്റ് ഇന്‍ഡീസ് (18), ബംഗ്ലാദേശ് (12) എന്നീ ടീമുകളിലെ ഓപ്പണർമാർ നേടിയ ആകെ സെഞ്ചുറികള്‍ക്കും മുകളിലാണ് ഓസിസ് താരത്തിന്റെ നേട്ടം.
ഓസ്ട്രേലിയയില്‍ മിടുക്കന്‍
റെക്കോഡുകള്‍ പരിശോധിച്ചാല്‍ വാർണറിന് മുന്‍തൂക്കമുള്ളത് ഓസ്ട്രേലിയന്‍ മൈതാനങ്ങളിലാണ്. 58.63 ശരാശരിയില്‍ 5336 റണ്‍സാണ് സ്വന്തം മണ്ണില്‍ വാർണർ നേടിയ്. ഹോം മൈതാനങ്ങളില്‍ 3,000-ന് മുകളില്‍ റണ്‍സുള്ള ഓപ്പണർമാരില്‍ ഇത്രയും ഉയർന്ന ശരാശരിയുള്ള മറ്റൊരു ബാറ്ററില്ല. രണ്ടാമതുള്ള ലെന്‍ ഹ്യൂട്ടണ്‍ 3,885 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ശരാശരി 57.98 ആണ്. എന്നാല്‍ എതിർപാളയങ്ങളില്‍ വാർണറിന്റെ ശരാശരി 32.50 മാത്രമാണ്. നേടിയ റണ്‍സാകട്ടെ 3,348.
സുവർണകാലം
2013-14 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെയാണ് വാർണറിന്റെ ഉയർച്ചയുടെ തുടക്കം. അന്ന് ആറ് ഇന്നിങ്സുകളില്‍ നിന്ന് 90.50 ശരാശരിയില്‍ 543 റണ്‍സ് വാർണർ നേടി. ആഷസ് പരമ്പരയില്‍ ഗാബയില്‍ സെഞ്ചുറിയില്‍ തുടങ്ങിയ റണ്‍വേട്ട 2015-16 ഹോം സീസണ്‍ വരെ നിലനിന്നു. ഈ സമയം കേവലം ഓപ്പണർ എന്ന നിലയില്‍ മാത്രമല്ല ഒരു മികച്ച ടെസ്റ്റ് ബാറ്റർ എന്ന പദവികൂടിയായിരുന്നു വാർണർ നേടിയെടുത്തത്. 81.4 സ്ട്രൈക്ക് റേറ്റിലായിരുന്നു വാർണർ ഇക്കാലയളവില്‍ മൂവായിരത്തിലധികം റണ്‍സ് സ്കോർ ചെയ്തത്.
ഗാബയിലെ സെഞ്ചുറി ശതകപ്പെരുമഴയുടെ തുടക്കം മാത്രമായിരുന്നു. 50 ഇന്നിങ്സുകളില്‍ പിന്നീട് 13 തവണയാണ് വാർണർ മൂന്നക്കം കടന്നത്. സമാന നേട്ടം കൈവരിച്ചിട്ടുള്ള രണ്ട് താരങ്ങള്‍ മാത്രമാണ് നിലവിലുള്ളത്, സ്റ്റീവന്‍ സ്മിത്തും വിരാട് കോഹ്ലിയും.
തിളങ്ങിയും മങ്ങിയും ആഷസ്
സ്ഥിരതയാർന്ന ഒരു വാർണറിനെ ആഷസില്‍ കാണാനായിട്ടില്ല. ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച പരമ്പരകളില്‍ 51.54 ശരാശരിയില്‍ 1237 റണ്‍സ് നേടിയിട്ടുണ്ട്. പത്ത് അർധ സെഞ്ചുറികളും മൂന്ന് ശതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ എതിർ പാളയത്തില്‍ 936 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ടെങ്കിലും ശരാശരി 26.74 മാത്രമാണ്. 2019-ല്‍ ഇംഗ്ലണ്ടില്‍ 10 ഇന്നിങ്സില്‍ നിന്ന് കേവലം 95 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. 2015-ലായിരുന്നു ഇംഗ്ലണ്ടിലെ വാർണറിന്റെ മികച്ച പ്രകടനം കണ്ട്. അന്ന് ഒന്‍പത് ഇന്നിങ്സില്‍ അഞ്ച് അർധ സെഞ്ചുറികള്‍ വാർണറിന്റെ ബാറ്റില്‍ നിന്ന് വന്നു.