CWC2023 | 'വണ്ടർ ഡി കോക്ക്'; വീണ്ടും ദക്ഷിണാഫ്രിക്കന്‍ റണ്‍മഴ, കിവീസിന് 358 റണ്‍സ് വിജയലക്ഷ്യം

CWC2023 | 'വണ്ടർ ഡി കോക്ക്'; വീണ്ടും ദക്ഷിണാഫ്രിക്കന്‍ റണ്‍മഴ, കിവീസിന് 358 റണ്‍സ് വിജയലക്ഷ്യം

അവസാന 10 ഓവറില്‍ 119 റണ്‍സാണ് ദക്ഷിണാഫ്രിക്ക ചേർത്തത്
Updated on
1 min read

ക്വിന്റണ്‍ ഡി കോക്കും റസി വാന്‍ ഡെർ ഡൂസനും പൂനെ സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ചപ്പോള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കൂറ്റന്‍ സ്കോർ. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്. ഡി കോക്കിന്റേയും (114) ഡൂസന്റേയും (133) സെഞ്ചുറികള്‍ക്ക് നന്ദി, പിന്നെ ഡേവിഡ് മില്ലറിന്റെ (30 പന്തില്‍ 53) വെടിക്കെട്ടിനും.

പതിവുപോലെ നായകന്‍ ടെമ്പ ബവൂമ നിരാശപ്പെടുത്തിയിടത്ത് നിന്നായിരുന്നു ഡി കോക്കും ഡൂസനും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് അടിത്തറ പാകിയത്. അതിവേഗ സ്കോറിങ്ങായിരുന്നില്ല ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർ സ്വീകരിച്ച തന്ത്രം. കരുതലോടെയാണ് ബാറ്റ് വീശിയതെങ്കിലും സ്കോറിങ്ങ് മോശമാകാതെ ഇരുവരും നോക്കി.

CWC2023 | 'വണ്ടർ ഡി കോക്ക്'; വീണ്ടും ദക്ഷിണാഫ്രിക്കന്‍ റണ്‍മഴ, കിവീസിന് 358 റണ്‍സ് വിജയലക്ഷ്യം
CWC 2023 | വൈകി വന്ന വിജയം മതിയാകില്ല; പാകിസ്താന് മുന്നില്‍ കടമ്പകളേറെ

രണ്ടാം വിക്കറ്റില്‍ 200 റണ്‍സാണ് സഖ്യം ചേർത്തത്. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഡി കോക്ക് - ഡൂസന്‍ സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. ശ്രീലങ്കയാണ് ആദ്യം ഇരുവരുടേയും ബാറ്റിങ് മികവിന് ഇരയായത്.

116 പന്തില്‍ 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 114 റണ്‍സെടുത്താണ് ഡി കോക്ക് കളം വിട്ടത്. ലോകകപ്പിലെ ഡി കോക്കിന്റെ നാലാം സെഞ്ചുറിയാണിത്. ഒരു ലോകകപ്പില്‍ നാല് സെഞ്ചുറി നേടുന്ന മൂന്നാം താരമാണ് ഡി കോക്ക്. രോഹിത് ശർമ (അഞ്ച്, 2019), കുമാർ സംഗക്കാര (നാല്, 2015) എന്നിവരാണ് ഇതിന് മുന്‍പ് സമാനനേട്ടം കൈവരിച്ചത്.

ടിം സൗത്തിയുടെ പന്തില്‍ ഡി കോക്ക് മടങ്ങിയതിന് പിന്നാലെ ഡൂസന്‍ മൂന്നക്കം കടന്നു. 101 പന്തിലായിരുന്നു ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം ശതകം പിറന്നത്. 40 ഓവറില്‍ 238-2 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയെ പിന്നീട് ഡൂസനും ഡേവിഡ് മില്ലറും ചേർന്ന് അതിവേഗം തന്നെ മൂന്നൂറ് കടത്തി. മില്ലറിനെ കാഴ്ചക്കാരനാക്കി ഡൂസനായിരുന്നു സ്കോറിങ്ങിന് നേതൃത്വം നല്‍കിയത്.

CWC2023 | 'വണ്ടർ ഡി കോക്ക്'; വീണ്ടും ദക്ഷിണാഫ്രിക്കന്‍ റണ്‍മഴ, കിവീസിന് 358 റണ്‍സ് വിജയലക്ഷ്യം
CWC2023 | നാലാം സ്ഥാനത്തേക്ക് ഓസീസോ അഫ്ഗാനോ? 'ട്വിസ്റ്റുകള്‍' വന്നാല്‍ കാല്‍ക്കുലേറ്റർ തന്നെ രക്ഷ! സാധ്യതകള്‍ ഇങ്ങനെ

45-ാം ഓവർ മുതല്‍ മില്ലറിന്റെ ബാറ്റും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. 47-ാം ഓവറിലാണ് ഡൂസന്റെ വിക്കറ്റ് വീണത്. 118 പന്തില്‍ 133 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. ഒന്‍പത് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സ് അവസാനിച്ചത് സൗത്തിയുടെ പന്തിലായിരുന്നു. 30 പന്തില്‍ 53 റണ്‍സെടുത്ത മില്ലറാണ് പ്രോട്ടിയാസ് സ്കോർ 350 കടത്തിയത്. ഏഴ് പന്തില്‍ 15 റണ്‍സെടുത്ത് ഹെന്‍ട്രിച്ച് ക്ലാസന്‍ പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in