ക്രിക്കറ്റില്‍ ഇനിയെന്ന് അലയടിക്കും ആ കാലിപ്‌സോ സംഗീതം
ഓരോ മനുഷ്യന്റെയും ജീവിതമെന്നു പറയുന്നത് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതാണ്. കയറ്റവും ഇറക്കവുമെല്ലാം ഉണ്ടാകും. കായികലോകത്തെ കാര്യങ്ങളും ഇങ്ങനെയാണ്. അവിടെ തിളക്കം എക്കാലവും നിലനില്‍ക്കില്ല. ഫോമിലും പ്രകടനത്തിലും ഉയര്‍ച്ചതാഴ്ചകള്‍ കാണാം. ഈയൊരൊറ്റ കാരണത്താലാണ് കായികമേഖലയെ മനുഷ്യജീവിതവുമായി നാമെപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നത്.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ കാര്യം തന്നെയെടുക്കാം. മേല്‍പ്പറഞ്ഞത് സാധൂകരിക്കാന്‍ അതിലും മികച്ചൊരു ഉദാഹരണമുണ്ടാകില്ല. 1970-കളിലും 80-കളിലും ലോകം അത്രമേല്‍ ബഹുമാനിച്ച ഒരു ടീം ഇന്ന് എവിടേക്കു പതിച്ചിരിക്കുന്നു എന്നു നോക്കുമ്പോള്‍ മനസിലാകും കായികമേഖല ജീവിതവുമായി എത്രകണ്ട് ഇഴകിച്ചേര്‍ന്നിരിക്കുന്നുവെന്ന്.
ഒന്നരപ്പതിറ്റാണ്ടുകാലം കളിച്ച ഒരു ടെസ്റ്റ് പരമ്പരപോലും തോല്‍ക്കാതിരുന്ന ടീം, ഏതു ബൗളിങ് നിരശയയും തച്ചുതകര്‍ക്കുന്ന ബാറ്റിങ് നിര, എതിര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നിദ്രാവിഹീന രാത്രികള്‍ സമ്മാനിച്ച പേസ് പട. പ്രകടനത്തിലും, ആകാരത്തിലും എന്നും എല്ലാവരെക്കാളും 'ഉയര'മുള്ളവരായിരുന്നു അന്നത്തെ വിന്‍ഡീസ്. എന്നാൽ ഇന്നോ? ആര്‍ക്കു വേണമെങ്കിലും എപ്പോഴും തോല്‍പിക്കാനാകുന്ന ഒരു കൂട്ടമായി അവര്‍ മാറി. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടന്നുവരുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ അവര്‍ പുറത്താകുക കൂടി ചെയ്തതോടെ നാണക്കേടിന്റെ പടുകുഴിയിലേക്ക് താഴുകയാണ് അവര്‍.
എന്താണ് വിന്‍ഡീസ് ക്രിക്കറ്റിനു സംഭവിച്ചത്? ചോദ്യം കേള്‍ക്കുന്ന മാത്രയില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേട് എന്ന് ഉത്തരം കിട്ടും. എന്നാല്‍ എവിടെയാണ് പിഴച്ചതെന്നു ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇപ്പോഴെന്നല്ല അവരുടെ പ്രതാപകാലത്തുപോലും അവരുടെ ക്രിക്കറ്റ് ഭരണം ഇത്തരത്തില്‍ കുത്തഴിഞ്ഞതായിരുന്നു.
1970 മുതല്‍ 1995 വരെയായിരുന്നു വെസ്റ്റിന്‍ഡീസിന്റെ സുവര്‍ണകാലഘട്ടം. ഈ കാലയളവില്‍ ലോകത്തെ മികച്ച എട്ടു ടെസ്റ്റ് ടീമുകള്‍ക്കെതിരേ 71 മത്സരങ്ങള്‍ ജയിച്ച അവര്‍ തോറ്റത് വെറും 20 എണ്ണത്തില്‍ മാത്രം. പക്ഷേ പിന്നീടുള്ള കണക്കു നോക്കുമ്പോള്‍ അവരുടെ തകര്‍ച്ച കൃത്യമായി കാണാം. 96-നു ശേഷം ഇതുവരെ അതേ രാജ്യങ്ങളുമായി കളിച്ചപ്പോള്‍ 78 ടെസ്റ്റുകളിലാണ് അവര്‍ തോറ്റത്. ജയിച്ചത് വെറും 14 എണ്ണത്തിലും.
ടെസ്റ്റിലെ മാത്രം കാര്യമല്ല ഇത്. ഏകദിന ക്രിക്കറ്റിലും സ്ഥിതി സമാനമാണ്. ഏകദിന ലോകകപ്പിന്റെ ആദ്യ രണ്ട് പതിപ്പുകളിലും ജേതാക്കളായ വെസ്റ്റിൻഡീസ് പിന്നീട് അമ്പതോവര്‍ ക്രിക്കറ്റിൽ ലോകചാമ്പ്യന്മാരായില്ലെങ്കിലും എതിർ ടീമുകളെ വിറപ്പിക്കുന്ന നിരയുണ്ടായിരുന്നു അവർക്ക്. എറിഞ്ഞിടാൻ ലോകോത്തര ബൗളർമാരും പ്രതിഭാധനരായ ബാറ്റർമാരും ചേർന്ന് അവരെ മറ്റ് ടീമുകളുടെ പേടി സ്വപ്നമാക്കി നിലനിര്‍ത്തിപ്പോന്നിരുന്നു. കിരീടങ്ങൾ ഒന്നും നേടിയില്ലെങ്കിലും 80 കളിലും 90 കളിലും മികച്ച താരങ്ങൾ അവർക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നിലവാരമുള്ള കളിക്കാർ അപൂർവമായേ വെസ്റ്റിൻഡീസ് നിര കണ്ടിട്ടുള്ളു.
ഇവിടെയാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേട് പുറത്തുവരുന്നത്. വിന്‍ഡീസ് ക്രിക്കറ്റില്‍ താരങ്ങളും ബോര്‍ഡും തമ്മിലുള്ള വഴക്ക് പുതിയ കാര്യമൊന്നുമല്ല. പ്രതാപക കാലത്ത് സാക്ഷാല്‍ ക്ലൈവ് ലോയ്ഡ് വരെ ക്രിക്കറ്റ് ബോര്‍ഡിനോടു പിണങ്ങി കളിക്കാന്‍ കൂട്ടാക്കാതിരുന്നിട്ടുണ്ട്.
എന്നാല്‍ അന്ന് ക്രിക്കറ്റിലെ തങ്ങളുടെ സിംഹാസനം നഷ്ടമാകരുതെന്നു ബോധമുണ്ടായിരുന്നതു കൊണ്ടു പിഴവുകള്‍ക്കു പരിഹാരം കാണാന്‍ ബോര്‍ഡ് അംഗങ്ങള്‍ അമാന്തം കാട്ടിയിരുന്നില്ല. പക്ഷേ 90കളുടെ മധ്യത്തിനു ശേഷം അത്തരമൊരു സമീപനം ഇല്ലാതായതാണ് അവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
ബ്രിട്ടണിന്റെ അധീനതയിലായിരുന്ന ചെറിയ ദ്വീപുകൾ ചേർന്നാണ് വെസ്റ്റിൻഡീസിനെ ക്രിക്കറ്റിൽ പ്രതിനിധീകരിക്കുന്നത്. ആഗോളവൽക്കരണവും പിന്നീട് ദ്വീപിലെ പ്രധാന വരുമാന മാർഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക ഇടിവും വിന്‍ഡീസ് ക്രിക്കറ്റിനെ സാരമായി ബാധിച്ചു. വരുമാനം നിലച്ചതോടെ ക്രിക്കറ്റ് ഉപേക്ഷിച്ച് ബാസ്കറ്റ് ബോൾ, ഐസ് ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിലേക്ക് യുവാക്കൾ തിരിഞ്ഞു. അമേരിക്കയിൽ നിന്നുള്ള ബാസ്‌കറ്റ്‌ബോള്‍ ലീഗുകളിൽ ലഭിക്കുന്ന ഉയർന്ന വരുമാനം നൽകുന്ന സാമ്പത്തിക ഭദ്രതയായിരുന്നു അവരെ ആകർഷിച്ചത്.
2000 ശേഷമാണ് പ്രശനങ്ങൾ കൂടുതൽ ഗുരുതരമാകാൻ തുടങ്ങിയത്. ബോര്‍ഡിനോടു കലഹിച്ചു താരങ്ങള്‍ കളികള്‍ ബഹിഷ്‌കരിക്കുന്ന രീതി വിന്‍ഡീസ് ക്രിക്കറ്റില്‍ പണ്ടുമുതല്‍ക്കേ ഉള്ളതാണെങ്കിലും ഈ കാലയളവിൽ അത് നിത്യ സംഭവങ്ങളായി. ഇതിനിടയിൽ ജനങ്ങൾക്ക് ക്രിക്കറ്റിനോടുള്ള താല്പര്യം കുറയാൻ തുടങ്ങി. മത്സരങ്ങളുടെ ദൈർഘ്യം ആളുകളിൽ വിരസത ഉണ്ടാക്കുന്നു എന്നതായിരുന്നു അതിന് കാരണം. ഇത് മറികടന്ന് ക്രിക്കറ്റിനെ ജനങ്ങളിലേക്കെത്തിക്കാൻ ബോർഡ് 2006 മുതലേ ശ്രമങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായാണ് സിപിഎല്ലിന്റെ ആദ്യ പതിപ്പായ കരീബീയൻ ട്വന്റി20 അവർ അവതരിപ്പിച്ചത്. പക്ഷേ ഭരണത്തലപ്പുള്ളവരുടെ പിടിപ്പുകേട് വെടിക്കെട്ട് ബാറ്റര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ ട്വന്റി20 ക്രിക്കറ്റ് എന്ന ജനപ്രിയ ക്രിക്കറ്റ് ആഘോഷത്തെയും തകര്‍ത്തു. പിന്നീട് സിപിഎല്‍ വന്നു എങ്കിലും കളിക്കാർക്ക് ലഭിക്കുന്ന വരുമാനത്തിൽ ആർക്കും തൃപ്തി ഉണ്ടായിരുന്നില്ല.
എന്നാൽ കഴിവ് തെളിയിച്ച വെസ്റ്റിൻഡീസ് താരങ്ങൾക്ക് മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിൽ ആവശ്യക്കാരേറി. അതോടെ ദേശീയ ടീമിൽ നിന്ന് ലഭിക്കാത്ത വരുമാനം കിട്ടി തുടങ്ങിയതോടെ താരങ്ങൾ അതിലേക്ക് ചേക്കേറി. സ്വന്തം രാജ്യത്തിന്റെ മത്സരങ്ങൾ പോലും ഉപേക്ഷിച്ച് വിദേശ ലീഗുകളിൽ നിന്ന് അവരുടെ സാമ്പത്തികം മെച്ചപ്പെടുത്താനായി അവരുടെ ശ്രമം.
ഇന്നും ടി20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരങ്ങളോളം പ്രശസ്തരായ താരങ്ങൾ വേറെ ഇല്ല എന്ന് തന്നെ പറയാം. ക്രിസ് ഗെയ്‌ലിൽ തുടങ്ങി ഡ്വെയ്ൻ ബ്രാവോ, ഡാരൻ സമി, കീറോൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ, ഷിമ്രോൺ ഹെറ്റ്മെയർ വരെ എത്തി നിക്കുന്നു ആ നിര. ഇതിനപ്പുറം സിപിഎല്ലില്‍ മികവ് തെളിയിക്കുന്ന താരങ്ങൾ വേറെ. അവിടെ നിന്നാണ് ലോക റാങ്കിങ്ങിൽ തന്നെ താഴേക്ക് അവർ പതിച്ചത്. ടി20 ലോകകപ്പിന് ഗ്രൂപ്പ് മത്സരം കളിക്കേണ്ട ഗതികേടും അവർക്ക് സംഭവിച്ചു. അതിൽ മാത്രം ഒതുങ്ങിയില്ല ആ ദുർവിധി. വല്ലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ കടന്ന് വന്ന് അത്ഭുതം സൃഷ്ട്ടിക്കുന്ന അയർലന്റിനോടും പറയത്തക്ക വിജയങ്ങൾ സ്വന്തം പേരിനൊപ്പം ചേർക്കാൻ സാധിക്കാത്ത സ്‌കോട്‌ലന്‍ഡിനോടും അവർ തോറ്റു.
ലോക ടി20 ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ രണ്ട് വട്ടം കിരീടം നേടിയ വേറൊരു ടീമും നിലവിൽ ഇല്ല. ബോർഡുമായുള്ള പടല പ്പിണക്കങ്ങളും, ക്രിക്കറ്റിനെ വേണ്ട വിധത്തിൽ ഗൗനിക്കാതെ ബോർഡുമാണ് ഇന്ന് വെസ്റ്റിൻഡീസിന്റെ ശാപം. വരുമാനം ഇല്ല എന്ന് ബോർഡ് പറയുമ്പോൾ, പ്രതിഫലമില്ലാത്തതിന്റെ പേരിൽ രാജ്യത്തിനായി കളി മതിയാക്കി മറ്റു രാജ്യങ്ങളുടെ ലീഗുകളിൽ അഭയം തേടിയ പട്ടിക തന്നെയുണ്ട് അവർക്ക് പറയാൻ.
പരമ്പരകൾ ബഹിഷ്‌ക്കരിച്ചും ബോർഡിന്റെ തീരുമാനങ്ങൾ ചെവികൊള്ളാതെ ടീമിൽ നിന്ന് മാറി നിന്നും അവർ പ്രതിഷേധം അറിയിച്ചു. എന്നാൽ അതോടു കൂടി ഇല്ലാതായത് ഒരു തലമുറയെ ത്രസിപ്പിച്ച മഹത്തായ ക്രിക്കറ്റ് സംസ്‍കാരമുള്ള ടീമാണ്. വേണ്ട സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ച മുൻ താരം വിൻസ്റ്റൺ ബെഞ്ചമിന്റെ മുഖവും ആരാധകർ മറന്നിട്ടുണ്ടാകില്ല.
ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ സിക്സ്റ്റി ക്രിക്കറ്റാണ് അവരുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം. പണക്കിലുക്കത്തിന്റെ പുറത്തായിരുന്നില്ല 70 കളില്‍ വിന്‍ഡീസ് ക്രിക്കറ്റ് അടക്കിഭരിച്ചത്. പ്രതിഭാ ധാരാളിത്തവും എന്തിനും തന്റേടവും തികഞ്ഞ ആത്മാര്‍ത്ഥതയുമുള്ള ഒരുപിടി താരങ്ങളുടെ മികവിലാണ്. സിക്‌സ്റ്റി ക്രിക്കറ്റിലേക്ക് കടക്കും മുമ്പ് അത്തരമൊരു പിടി താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ക്രിക്കറ്റില്‍ വീണ്ടും ആ കാലിപ്‌സോ സംഗീതമാധുരി അലയടിക്കും, തീര്‍ച്ച.