ചാഹർ മടങ്ങിവരുന്നു; ലക്ഷ്യം ഐപിഎല്ലിലൂടെ ലോകകപ്പ് ടീമിലെ സ്ഥാനം

ചാഹർ മടങ്ങിവരുന്നു; ലക്ഷ്യം ഐപിഎല്ലിലൂടെ ലോകകപ്പ് ടീമിലെ സ്ഥാനം

പരുക്കിൽ നിന്ന് മുക്തനായ ചാഹർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പുനരാരംഭിച്ചിരുന്നു
Updated on
1 min read

പരുക്കുകൾ അലട്ടിയ സീസണിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് ദീപക് ചാഹർ. വരുന്ന ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി ലോകകപ്പ് ടീമിൽ ഇടം പിടിക്കുകയാണ് ചാഹറിന്റെ ലക്ഷ്യം. പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഡിസംബർ ഏഴിന് ബംഗ്ലാദേശുമായി നടന്ന രണ്ടാം ഏകദിനത്തിലാണ് ചാഹർ അവസാനമായി ദേശീയ ടീം കുപ്പായമണിഞ്ഞത്.

പരുക്കിൽ നിന്ന് മുക്തനായ ചാഹർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ മാസം സർവീസസിനെതിരായി നടന്ന രഞ്ജി ട്രോഫിയിൽ 30കാരൻ രാജസ്ഥനായി കളത്തിലിറങ്ങി. "കഴിഞ്ഞ മൂന്ന് മാസത്തോളമായി ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു, ഇനി ഐപിഎല്ലിനായി ഒരുങ്ങുകയാണ് ലക്ഷ്യം"ചാഹർ പറഞ്ഞു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന്റെ പ്രധാന താരമാണ് ദീപക് ചാഹർ.

കഴിഞ്ഞ വർഷം 15 മത്സരങ്ങളിൽ മാത്രമാണ് ചാഹറിന് കളിക്കാൻ സാധിച്ചത്. രണ്ട് തവണയാണ് കഴിഞ്ഞ വർഷം മാത്രം അദ്ദേഹത്തിന് പരുക്കേറ്റത്. പരുക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ശേഷം തിരിച്ചു വരവ് ശ്രമകരമാണെന്ന് പറഞ്ഞ ചാഹർ, ഫാസ്റ്റ് ബൗളർമാർക്ക് അത് ഏറെ പ്രയാസമാണെന്നും കൂട്ടിച്ചേർത്തു. '' ആരൊക്കെ കളിക്കുന്നു, കളിക്കുന്നില്ല എന്നത് എന്നെ ബാധിക്കാറില്ല, പൂർണ ആരോഗ്യത്തോടെ 100 ശതമാനവും ടീമിന് നൽകി കളിക്കാനായാൽ സ്ഥാനം തന്നെ തേടിവരുമെന്ന ആത്മവിശ്വാസമുണ്ട്'' ചാഹർ വ്യക്തമാക്കി. വലംകൈയ്യൻ പേസറായ ചാഹർ, നിർണായക ഘട്ടങ്ങളിൽ ബാറ്റ്‌കൊണ്ടും ആശ്രയിക്കാവുന്ന താരമാണ്. 2018 ജൂലൈയിലായിരുന്നു ചാഹറിന്റെ ദേശീയ ടീം അരങ്ങേറ്റം.

logo
The Fourth
www.thefourthnews.in