'സെഞ്ചുറി' തികച്ച് ദീപ്തി; ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

'സെഞ്ചുറി' തികച്ച് ദീപ്തി; ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

മൂന്നു വിക്കറ്റ് പ്രകടനത്തോടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ദീപ്തി സ്വന്തമാക്കി.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം. കേപ്ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.

നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മയുടെ മിന്നുന്ന ബൗളിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. മൂന്നു വിക്കറ്റ് പ്രകടനത്തോടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ദീപ്തി സ്വന്തമാക്കി. ദീപ്തിക്കു പുറമേ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, പൂജാ വസ്ത്രകാര്‍ എന്നിവരും ബൗളിങ്ങില്‍ തിളങ്ങി.

വിന്‍ഡീസ് നിരയില്‍ 40 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 40 റണ്‍സ് നേടിയ ഓപ്പണര്‍ സ്‌റ്റെഫാനി ടെയ്‌ലറിനും 36 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ മധ്യനിര താരം ഷീമെയ്ന്‍ കാംപെല്ലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഇവര്‍ക്കു പുറമേ ചീഡിയന്‍ നേഷന്‍(21 നോട്ടൗട്ട്), ഷാബിക ഗജ്‌നാബി(15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു വിന്‍ഡീസ് താരങ്ങള്‍.

ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പാകിസ്താനെതിരേ കളിച്ച ഇലവനില്‍ നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.

പരുക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സ്റ്റാര്‍ ഓപ്പണറും ഉപനായികയുമായ സ്മൃതി മന്ദാന തിരിച്ചെത്തി. സ്മൃതി മടങ്ങി വന്നതോടെ കഴിഞ്ഞ മത്സരത്തില്‍ ഓപ്പണ്‍ ചെയ്ത യസ്തിക ഭാട്യ ഇലവനു പുറത്തായി. സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ലീന്‍ ഡിയോളാണ് ഇലവനില്‍ നിന്നു പുറത്തുപോയ മറ്റൊരു ഇന്ത്യന്‍ താരം. ഹര്‍ലീനു പകരം മറ്റൊരു ഓള്‍റൗണ്ടര്‍ ദേവിക വൈദ്യ ടീമില്‍ ഇടംനേടി.

അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് വിന്‍ഡീസ് ഇന്ത്യയെ നേരിടുന്നത്. നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in