വനിതാ ഐപിഎല്‍; ബാംഗ്ലൂരിന് അഞ്ചാം തോല്‍വി; ഡൽഹിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് ഓവറിനാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. ഇതോടെ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 151 റണ്‍സ് വിജയ ലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍ വച്ചത്. രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ജെസ് ജൊനാസന്റെ ബൗണ്ടറിയിലൂടെ റണ്‍ ചേസ് പൂര്‍ത്തിയാക്കിയത്. തുടർച്ചയായി സിക്സും ബൗണ്ടറിയും പായിച്ച് ഡല്‍ഹിയെ ജയത്തിലെത്തിച്ച ജെസ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. നായിക സ്മൃതി മന്ദാന ഇത്തവണയും നിരാശപ്പെടുത്തി. 15 പന്തില്‍ എട്ട് റണ്‍സ് മാത്രം എടുത്ത് മന്ദാനയെ ശിഖ പാണ്ഡെയുടെ പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ എല്‍സി പെറിയാണ് പുറത്താകാതെ നിന്ന് അര്‍ധസെഞ്ചുറിയിലൂടെ ബാംഗ്ലൂരിനെ ആശ്വാസ സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണറായ സോഫി ഡിവൈനൊപ്പം എല്‍സി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ ശിഖ പാണ്ഡെ അത് തകര്‍ത്തു. മൂന്ന് ബൗണ്ടറികളുമായി 19 പന്തില്‍ 21 റണ്‍സ് എടുത്ത സോഫിയെ ശിഖ പാണ്ഡെ ബൗള്‍ഡ് ആക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിലിറങ്ങിയ ഹേതര്‍ നൈറ്റിനും അധിക സമയം ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ഊഴം ടാര നോറിസിനായിരുന്നു. ടാരയുടെ പന്ത് ഹേതറിന്റെ ബാറ്റില്‍ തട്ടി ശിഖയുടെ കൈയില്‍ അവസാനിച്ചു. റിച്ച ഘോഷ് ഇറങ്ങിയതോടെ എല്‍സിക്ക് മികച്ച പിന്തുണ ലഭിച്ചു. മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറികളും പറത്തിയ റിച്ച 16 പന്തില്‍ 37 റണ്‍സെടുത്ത് ബാംഗ്ലൂരിന്റെ സ്‌കോര്‍ ഉയര്‍ത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിനെ പുറത്താക്കിയതിലൂടെ ശിഖ തന്റെ മൂന്നാം വിക്കറ്റും തികച്ചു. അഞ്ച് സിക്‌സുകളും നാല് ബൗണ്ടറികളും പായിച്ച് എല്‍സി പുറത്താകാതെ ക്രീസില്‍ നിന്നെങ്കിലും ഓവര്‍ പൂര്‍ത്തിയായതിനാല്‍ സ്‌കോര്‍ 150 ല്‍ ഒതുങ്ങി.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ ജയത്തിലേക്ക് നയിച്ച ഷഫാലിയെ ഡെക്കില്‍ ബൗള്‍ഡ് ആക്കി മേഗന്‍ സ്‌കട്ട് എതിരാളികള്‍ക്ക് കനത്ത ആഘാതം ഉണ്ടാക്കി
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെയുള്ള ഷഫാലി വര്‍മയുടെ പിറത്താകല്‍ വലിയ തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ ജയത്തിലേക്ക് നയിച്ച ഷഫാലിയെ ഡെക്കില്‍ ബൗള്‍ഡ് ആക്കി മേഗന്‍ സ്‌കട്ട് എതിരാളികള്‍ക്ക് കനത്ത ആഘാതം ഉണ്ടാക്കി. എട്ട് ബൗണ്ടറികളോടെ തകര്‍ത്തടിച്ച ആലീസ് കാപ്‌സിയാണ് ഡല്‍ഹിയുടെ സ്‌കോറിങ്ങിന് അടിത്തറ പാകിയത്. 24 പന്തില്‍ 38 റണ്‍സുമായി ക്രീസില്‍ തിളങ്ങിയ ആലീസ്, പ്രീതി ബോസിന്റെ പന്തില്‍ ഒരു സ്ലോഗ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ എല്‍സി പെറിയുടെ കൈയില്‍ കുടുങ്ങുകയായിരുന്നു. അതോടെ പവര്‍ പ്ലേയ്ക്കിടെ ഡല്‍ഹിയുടെ രണ്ട് വിക്കറ്റ് നഷ്ടമായി.
നായിക മെഗ് ലാനിങ്ങിന് (18 പന്തില്‍ 15 റണ്‍സ്) മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ജെമീമ റോഡ്രിഗസും (28 പന്തില്‍ 32 റണ്‍സ്) മാരിസണ്‍ കാപ്പും കൈകോര്‍ത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. തന്റെ രണ്ടാം വിക്കറ്റിലൂടെ ശോഭന ജമീമയേയും കൂടാരം കയറ്റി. മധ്യ നിരയില്‍ ജെസ് ജൊനാസണും കാപ്പും പുറത്താകാതെ നടത്തിയ പ്രകടനത്തിലൂടെ ആണ് ഡല്‍ഹി വിജയത്തിലേക്കെത്തിയത്. ഒരു സിക്‌സും നാല് ബൗണ്ടറികളുമായി ജെസ് 15 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെടുത്തു. ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമായി 32 പന്തില്‍ 32 റണ്‍സാണ് കാപ്പിന്റെ സമ്പാദ്യം.