ഇന്ത്യ ഇന്ന് ഓസീസിനെതിരെ; ലക്ഷ്യം ഫൈനല്‍ ബെര്‍ത്തും പകവീട്ടലും

ഇന്ത്യ ഇന്ന് ഓസീസിനെതിരെ; ലക്ഷ്യം ഫൈനല്‍ ബെര്‍ത്തും പകവീട്ടലും

കേപ്ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, ഹോട് സ്റ്റാര്‍ എന്നിവയില്‍ തത്സമയം.
Updated on
2 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കും. കേപ്ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, ഹോട് സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നതെങ്കില്‍ ഗ്രൂപ്പ് എ ജേതാക്കളായാണ് നിലവിലെ ചാമ്പ്യന്മാരും അഞ്ചു തവണ കിരീടം ചൂടിയവരുമായ കംഗാരുപ്പടയുടെ വരവ്.

ഇന്ന് ജയിച്ച് കലാശപ്പോരിനുള്ള ടിക്കറ്റ് നേടുന്നതിനപ്പുറം 2020 ടി20 ലോകകപ്പ് ഫൈനലിലെ കനത്ത പരാജയത്തിന് പകരം ചോദിക്കുകയെന്ന ലക്ഷ്യവും ഇന്ന് ടീം ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന അന്നത്തെ ഫൈനലില്‍ ഇന്ത്യയെ വെറും 99 റണ്‍സിന് പുറത്താക്കി 85 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഓസീസ് കിരീടം ചൂടിയത്.

അന്നത്തെ ടീമില്‍ ഉണ്ടായിരുന്ന ഏറെക്കുറേ എല്ലാ താരങ്ങളും തന്നെയാണ് ഇക്കുറിയും ഇന്ത്യന്‍ നിരയില്‍ അണിനിരക്കുന്നത്. എന്നാല്‍ അന്നത്തേതില്‍ നിന്ന് ടീം കൂടുതല്‍ കരുത്തറ്റവരായി മാറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നു.

ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലൊഴികെ എല്ലാ മത്സരത്തില്‍ ടീം ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗ്രൂപ്പ് റൗണ്ടില്‍ ചിരവൈരികളായ പാകിസ്താനും വെസ്റ്റിന്‍ഡീസിനുമെതിരേ ജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ മാത്രമാണ് കാലിടറിയത്. എന്നാല്‍ ആ തോല്‍വിയില്‍ നിന്നു വളരെ വേഗം കരകയറാന്‍ ഇന്ത്യക്ക് കഴിഞ്ഞു. മഴ കളിച്ച അവസാന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡിനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം.

ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും മോശം ഫോമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഇരുവര്‍ക്കും ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച സംഭാവന നല്‍കാനായിട്ടില്ല. ഗ്രൂപ്പ് റൗണ്ടില്‍ കളിച്ച നാലു മത്സരങ്ങളില്‍ നിന്ന് ഷെഫാലി 93 റണ്‍സും ഹര്‍മന്‍ 66 റണ്‍സുമാണ് നേടിയത്.

തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണറും ഉപനായികയുമായ സമൃതി മന്ദാന, മധ്യനിര താരം ജെമീമ റോഡ്രിഗസ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷ് എന്നിവരുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ നാല് മത്സരങ്ങളിലും ഇന്ത്യയെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ഇന്ന് ഷെഫാലിയും ഹര്‍മന്‍പ്രീതും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമേ കരുത്തുറ്റ ഓസ്‌ട്രേലിയന്‍ നിരയ്‌ക്കെതിരേ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനാകൂ. ബൗളിങ് നിരയില്‍ ഇന്ത്യക്ക് ആശങ്കകളില്ല. പേസര്‍ രേണുക സിങ്, സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, ശിഖാ പാണ്ഡെജ, ദേവിക വൈദ്യ, പൂജാ വസ്ത്രകര്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

അതേസമയം ഫീല്‍ഡിങ്ങിലും ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. അവസാന രണ്ടു മത്സരങ്ങളില്‍ മാത്രം ആറോളം ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകളില്‍ നിന്നു ചോര്‍ന്നത്. ഈ പിഴവിനും ഇന്നു പരിഹാരം കണ്ടെത്തിയേ തീരു.

മറുവശത്ത് ഓസ്‌ട്രേലിയ ഗ്രൂപ്പ് റൗണ്ടിലെ നാലു മത്സരങ്ങളും ജയിച്ചു തോല്‍വിയറിയാതെയാണ് വരുന്നതെങ്കിലും അത്രകണ്ട് ആധികാരികമായിരുന്നില്ല അവരുടെ ഈ ലോകകപ്പിലെ പ്രകടനം. ബാറ്റിങ്ങില്‍ അലീസ ഹീലിയുടെയും ബൗളിങ്ങില്‍ മെഗാന്‍ ഷ്യൂട്ട്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരുടെയും പ്രകടനമാണ് അവര്‍ക്ക് കരുത്ത് പകരുന്നത.

നാലു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരികളില്‍ രണ്ടാം സ്ഥാനത്താണ് ഷ്യൂട്ട്. ഏഴു വിക്കറ്റുകളുമായി ഗാര്‍ഡ്‌നര്‍ തൊട്ടുപിന്നാലെയുണ്ട്. മൂന്നു മത്സരങ്ങളില്‍ നിന്ന് 146റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് അലീസ. ഇന്ത്യന്‍ താരം സ്മൃതി മന്ദാന 149 റണ്‍സുമായി രണ്ടാമതുള്ളപ്പോള്‍ 176 റണ്‍സ് നേടിയ ഇംഗ്ലീഷ് താരം നാറ്റ് സ്‌കീവറാണ് റണ്‍വേട്ടക്കാരികളില്‍ ഒന്നാമത്.

logo
The Fourth
www.thefourthnews.in