ദൈവങ്ങളായി മാറിയ 'ചെകുത്താന്മാർ'

ദൈവങ്ങളായി മാറിയ 'ചെകുത്താന്മാർ'

എങ്ങനെ നമുക്ക് 40 വർഷങ്ങൾ മുൻപത്തെ ആ ചരിത്ര ദിവസം മറക്കാൻ കഴിയും. ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളർച്ചയെ 1983 ലെ ലോകകപ്പ് വിജയം എത്ര മാത്രം സ്വാധീനിച്ചു എന്ന് പിന്നീടുള്ള വർഷങ്ങളിൽ നാം കണ്ടു
Updated on
4 min read

1983-ൽ ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ ഞാൻ കോഴിക്കോട് തിരുവണ്ണൂർ അന്നുണ്ടായിരുന്ന എന്റെ മൂത്ത സഹോദരിക്ക് ഒപ്പമായിരുന്നു. അന്ന് മെഡിക്കൽ കോളേജിൽ പീഡിയാട്രീഷ്യനും ട്യൂട്ടറും ഒക്കെ ആയിരുന്നു സഹോദരി. ആൾ കടുത്ത ക്രിക്കറ്റ് പ്രേമി. ലോക കപ്പ് മത്സരങ്ങൾ തുടങ്ങും മുൻപുള്ള ഓരോ ദിവസവും മത്സരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്സ് പത്രങ്ങളിൽ വരും. പോരാത്തതിന് ഞായറാഴ്ചകളിലെ `സൺ‌ഡേ ടൈംസ്' തിങ്കളാഴ്ച ദിവസം കോഴിക്കോട് കല്ലായി റോഡിലുള്ള പൈക്കോ ബുക്ക് സ്റ്റാളിൽ പോയി മേടിക്കുകയും ചെയ്യും.

വേൾഡ് കപ്പ് തുടങ്ങും മുൻപേ ഓസ്‌ട്രേലിയൻ നായകൻ കിം ഹ്യുസ് ഇന്ത്യയെ ''കറുത്ത കുതിരകൾ '' എന്ന് പ്രഖ്യാപിച്ചത്‌ ഇപ്പോഴും മനസിലുണ്ട്. ഇന്ത്യയുടെ ഓരോ കളിയും ഓർക്കുന്നു. എല്ലാ ദിവസവും ഞങ്ങൾ വീട്ടിൽ റേഡിയോ കമന്ററി കേട്ടിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് എതിരെ 30-ൽ പരം റൺസിന്‌ ഇന്ത്യ വിജയിക്കുന്നതും അടുത്ത മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിക്കുന്നതും അടുത്ത രണ്ടു മത്സരങ്ങളിൽ ഓസ്‌ട്രേലിയയോടും വിൻഡീസിന് എതിരെയുള്ള റിട്ടേൺ മത്സരം തോൽക്കുന്നതും ഒക്കെ ഇപ്പോഴും ഇടയ്ക്കിടെ മനസ്സിൽ കയറി വരാറുണ്ട്.

എന്നാൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്നത് സിംബാബ്‌വേക്ക്‌ എതിരെ ഉള്ള റിട്ടേൺ മത്സരം തന്നെ. സത്യത്തിൽ റേഡിയോയിൽ കമന്ററി തുടങ്ങിയ സമയത്ത് ഞാൻ വിചാരിച്ചത് ഇന്ത്യ നാലിന് 90 റൺസ് എന്നായിരുന്നു.(വെള്ളക്കാരന്റെ ഉച്ചാരണം ഒരു പിടിയും ഇല്ലായിരുന്നു) അപ്പുറത്തെ മുറിയിൽ രോഗികളെ പരിശോധിച്ചിരുന്ന സഹോദരി സ്‌കോർ ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പറയുകയും ചെയ്തു.

എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ കമന്റേറ്റർ പറയുന്നത് കേട്ട് 'നൗ ഇന്ത്യൻസ് ആർ ഇൻ എ ബിഗ് ക്രൈസിസ്, ദേ ഹാവ് ലോസ്റ്റ് ദേർ ഫിഫ്ത് വിക്കറ്റ് ഫോർ ജസ്റ്റ് 17 റൺസ്. പിന്നെ നടന്നത് ശരിക്കും ഒരു സംഭവമായിരുന്നു. കപിൽ ദേവിന്റെ വരവും ഇന്ത്യൻ സ്‌കോർ അതി വേഗതയിൽ ചലിക്കാൻ തുടങ്ങിയതും. എന്തായിരുന്നു അവിടെ നടന്നത് എന്ന് ഇന്ത്യക്കാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. (ആ മത്സരത്തിന്റെ വീഡിയോ മാത്രം ഇപ്പോഴും എന്ത് കൊണ്ടോ ലഭ്യമല്ല എന്ന് ഇടയ്ക്കിടെ പലരും പറഞ്ഞുള്ള അറിവുണ്ട്). ആദ്യമായി ഒരു ഇന്ത്യക്കാരൻ അന്ന് ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടി. (റെഗുലർ ആയി അന്ന് ടെസ്റ്റ് കളിച്ചിരുന്ന അഞ്ചു രാജ്യങ്ങളും പുതുതായി ടെസ്റ്റ് രംഗത്ത് വന്ന ശ്രീലങ്കയിൽ നിന്നുള്ള റോയ് ഡയസ് എന്ന കളിക്കാരനും അതിനോടകം തന്നെ സെഞ്ചുറികൾ നേടിയിരുന്നു). കപിൽ-സയിദ് കിര്‍മാനി കൂട്ടുകെട്ട് ഒൻപതാം വിക്കറ്റിന് പുറത്താകാതെ നേടിയ 126 റൺസ് ഒക്കെ ഇപ്പോഴും ഏതൊരു ഇന്ത്യക്കാരും ഓർക്കുന്നുണ്ടാവും എന്ന് തീർച്ച.

ഓസ്‌ട്രേലിയക്കെതിരെയുള്ള റിട്ടേൺ മത്സരത്തിലെ അനായാസ വിജയവും സെമിയിൽ ആതിഥേയർ ആയ ഇംഗ്ലണ്ടിനെ ആറു വിക്കറ്റ് മാർജ്ജിന് തോൽപ്പിച്ചതും ഒക്കെ ജൂൺ 25 ന് ലോഡ്‌സിലെ ഇതിഹാസ ഫൈനലോടെ ഇന്ത്യക്കാരുടെ മനസ്സിൽ നിന്നും പെട്ടെന്ന് തന്നെ പോയി കാണാൻ ആണ് സാധ്യത. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഇന്ത്യയുടെ സ്‌കോർ (183 ) താരതമ്യേന കുറവ്‌ ആയിരുന്നതിനാൽ വെസ്റ്റ് ഇൻഡീസ് ബാറ്റിങ്‌ തുടങ്ങിയപ്പോൾ കമന്ററി കേൾക്കാതെ ഇരുന്നവർ അന്ന് ധാരാളം ഉണ്ടായിരുന്നു. അത്തരം ഒരു ചെറിയ സ്‌കോറിൽ ഇന്ത്യക്ക് യാതൊരു സാധ്യതയും പൊതുവെ അധികമാരും കൊടുത്തിരുന്നില്ല. പക്ഷെ മിന്നൽ അടി നടത്തിയിരുന്ന വിവിയൻ റിച്ചാർഡ്സിനെ ഏതാണ്ട് 25 മീറ്റർ അടുത്ത് ഓടി കപിൽ ദേവ് എടുത്ത ആ ക്യാച്ച് കളിയുടെ ഗതി മാറ്റി. ടിവിയിൽ ലൈവ് കാണാൻ കഴിഞ്ഞ ഭാഗ്യവാന്മാർ ഒക്കെ ആ ക്യാച്ച് എന്നും ഓർക്കുന്നുണ്ടാകും. (അന്ന് കേരളത്തിൽ ടി വി ടെലികാസ്റ് തിരുവനന്തപുരത്ത് മാത്രമേ ലഭ്യമുള്ളു. ആയതിനാൽ കൊച്ചി മുതലുള്ള ധാരാളം ആളുകൾ തിരുവനന്തപുരത്തു ഹോട്ടൽ ബുക്കിങ് വരെ എടുത്ത് കളികാണാൻ പോയത് എങ്ങനെ മറക്കാൻ കഴിയും. അങ്ങനെ പോയി ഫൈനൽ കണ്ട കുറഞ്ഞത് അര ഡസൻ സുഹൃത്തുക്കളെ എനിക്ക് അറിയാം).

മൊഹിന്ദർ അമർനാഥിനെ കപിൽ ബൗൾ ചെയ്യാൻ കൊണ്ടുവന്നപ്പോൾ ബി ബി സി കമന്റേറ്റർ വളരെയേറെ വിമർശിച്ചിരുന്നു എന്ന് കമന്ററി കേട്ടിരുന്ന ആളുകൾ ഓർക്കുന്നുണ്ടാവും. എന്നാൽ അതെ കമന്റേറ്റർ തന്നെ ആവേശം മൂത്ത് ''മൊഹിന്ദർ ആ ഫൈനലിനെ എന്നും ഓർമിയ്ക്കത്തക്കതാക്കി മാറ്റി'' എന്ന് മത്സരശേഷം പറയുന്നത് ഇപ്പോഴും മനസിലുണ്ട്. ഫുട്ബോൾ ഭ്രാന്തമാരുടെ നാടായ കോഴിക്കോട് പോലും ആ ഇതിഹാസ വിജയം രാത്രിയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. രാത്രി ഏതാണ്ട് 11 മണി സമയത്തോ അതിനുശേഷമോ ആയിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം.

1970കളുടെ തുടക്കത്തിൽ എറണാകുളത്ത് പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ക്രിക്കറ്റിനോട് ആഭിമുഖ്യമുണ്ട്. ഞങ്ങൾ സഹോദരങ്ങൾ താമസിച്ചിരുന്ന വല്യപ്പച്ചന്റെ സഹോദരിയുടെ വീട്ടിലെ രണ്ട് ആൺമക്കളുടേയും കായികപ്രേമം ആവാം അതിനൊരു കാരണം. അന്ന് മുതലേ വീട്ടിൽ അവരൊക്കെ ക്രിക്കറ്റ് കമന്ററി കേൾക്കുന്നതും കളിയെ കുറിച്ച് സംസാരിക്കുന്നതും ആ വീട്ടിൽ `സ്പോർട്സ് വീക്' മേടിച്ചിരുന്നതും ഒക്കെ എന്നെ ഒരു സ്പോർട്സ് പ്രേമി ആയി വളർത്തി എന്ന് തന്നെയല്ല ജീവിതത്തിൽ ഒരു സ്പോർട്സ് എഴുത്തുകാരൻ കൂടി ആക്കി മാറ്റി.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നൊക്കെയുള്ള പേരുകൾ അന്നേ കേട്ടിരുന്നത് എറണാകുളത്ത് പുല്ലേപ്പടിയിൽ ഉണ്ടായിരുന്ന ആ വീട്ടിൽ വളർന്നുകൊണ്ട് തന്നെയാണ്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്തിരുന്നതിനാൽ ഞങ്ങൾ നാല് മക്കളുടെയും സർവ്വതും ഞങ്ങളുടെ വല്യപ്പച്ചന്റെ ഇളയ സഹോദരി തന്നെ ആണ് അന്വേഷിച്ചിരുന്നത്. അവരുടെ രണ്ടു ആൺമക്കളും ഞാൻ അടക്കം ഉള്ള നാല് സഹോദരങ്ങളിൽ ഉണ്ടാക്കിയ സ്പോർട്സ് `ഇൻഫ്ലുവെൻസ്' വളരെ കൂടുതൽ ആയിരുന്നു.

1975ലെ ആദ്യ ലോക കപ്പ് മത്സരങ്ങൾ എനിക്ക് വിശ്വ ചാംപ്യൻഷിപ്പ് എന്നനിലയിൽ ഓർമയില്ല. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം നടന്ന പ്രുഡൻഷ്യൽ ലോകകപ്പ് മത്സരങ്ങൾ ഞാൻ ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന സമയത്തു നടന്നത് നന്നായി ഓർക്കുന്നു. ശ്രീനിവാസ വെങ്കട്ടരാഘവന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ എല്ലാ മത്സരങ്ങളും തോൽക്കുന്നതും അന്നൊക്കെ താരതമ്യേന നവാഗതരും ദുർബലരും എന്ന് കരുതിയിരുന്ന ശ്രീലങ്കയോട് പോലും തോറ്റത് വളരെ ഏറെ വിഷമം അന്നുണ്ടാക്കി (ചങ്ങനാശേരി എസ് എച്ച് സ്‌കൂള്‍ ബോർഡിങ്ങിൽ ആയിരുന്നു അന്നൊക്കെ ഞാൻ).

ബോർഡിങ്ങിൽ ആയിരുന്നതുകൊണ്ട് ആകെ പത്രങ്ങൾ മാത്രമായിരുന്നു ശരണം. ഉച്ചയ്ക്ക് അവിടെ വാർഡൻ ആയിരുന്ന ജോസഫ് കണ്ടത്തിൽ എന്ന അധ്യാപകൻ റേഡിയോ വാർത്തകൾ വയ്ക്കാറുണ്ടായിരുന്നു. ഇന്ത്യ ടെസ്റ്റ് കളിച്ചിരുന്ന സമയത്തൊക്കെ ക്രിക്കറ്റ് ഇഷ്ടപ്പെട്ടിരുന്ന ഞങ്ങളിൽ ചിലർ അദ്ദേഹത്തിന്റെ റൂമിന്റെ പുറമെ നിന്നും വാർത്ത കേൾക്കും. അതൊക്കെ ആയിരുന്നു ആകെ ഉണ്ടായിരുന്ന `തത്സമയം' ക്രിക്കറ്റ് വാർത്ത സോഴ്സ്.

പിന്നീട് ഹൈസ്‌കൂൾ കഴിഞ്ഞു പ്രീ ഡിഗ്രിക്ക് എറണാകുളത്ത് വല്യപ്പച്ചന്റെ സഹോദരിയുടെ മകളുടെ പുല്ലേപ്പടിയിൽ തന്നെയുള്ള വീട്ടിൽ ആയിരുന്നു താമസം. അവിടെ സമീപത്ത് താമസിച്ചിരുന്ന രാജീവ്, രാജ്‌മോഹൻ, രാജേന്ദ്രൻ എന്നീ സഹോദരന്മാരുമായുള്ള കൂട്ടുകൂടൽ ആണ് എന്നെ ഒരു പൂർണ ക്രിക്കറ്റ് പ്രേമിയാക്കി മാറ്റിയത് എന്ന് തന്നെ പറയാം. അവരുടെ വീട് കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു പിന്നീട് എറണാകുളം എ ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യന്മാർ ആയിരുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ തുടക്കം. വേണമെങ്കിൽ എന്നെയും ക്ലബിന്റെ ഒരു `സ്ഥാപകൻ' എന്ന നിലയിൽ കരുതാം.

ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളർച്ചയെ 1983 ലെ ലോകകപ്പ് വിജയം എത്ര മാത്രം സ്വാധീനിച്ചു എന്ന് പിന്നീടുള്ള വർഷങ്ങളിൽ നാം കണ്ടു. അഞ്ചു സെന്റ് മാത്രമുള്ള വീട്ടുമുറ്റത്തുപോലും കുട്ടികൾ ബാറ്റുമായി ഇറങ്ങി. ക്രിക്കറ്റിന്റെ എ ബി സി ഡി പോലും അറിയാത്തവർ വരെ അങ്ങനെ ''എക്സ്പെര്‍ട്ട്‌ കമന്റേറ്റർ '' വരെ ആകുന്നത് ആണ് പിന്നീട് നമ്മുടെ നാട്ടിൽ പോലും കണ്ടത്. എങ്ങനെ നമുക്ക് 40 വർഷങ്ങൾ മുൻപത്തെ ആ ചരിത്ര ദിവസം മറക്കുവാൻ കഴിയും. ഇന്ത്യ എന്നും അതിന്‌ കപിലിന്റെ ചെകുത്താന്മാരോട് (കപിൽസ് ഡെവിൾസ് ) കടപ്പെട്ടിരിക്കുന്നു. ആ വിജയം തന്നെ ആണ് ഇന്ത്യയിൽ ക്രിക്കറ്റ്‌ കളിയുടെ ഗതി മാറ്റിയെഴുതിയത്.

logo
The Fourth
www.thefourthnews.in