ധരംശാല ടെസ്റ്റ്: രോഹിതിനും ഗില്ലിനും സെഞ്ചുറി; പിടിമുറുക്കി ഇന്ത്യ
ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി നായകന്‍ രോഹിത് ശർമയും യുവതാരം ശുഭ്മാന്‍ ഗില്ലും. 154 പന്തുകളില്‍ നിന്നായിരുന്നു ടെസ്റ്റ് കരിയറിലെ 12-ാം ശതകം രോഹിത് കുറിച്ചത്. 13 ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 137 പന്തിലായിരുന്നു ഗില്‍ മൂന്നക്കം തൊട്ടത്. 10 ഫോറും അഞ്ച് സിക്സുമായിരുന്നു ഗില്ലിന്റെ നേട്ടം. രണ്ടാം ദിനം ആദ്യ സെഷനവസാനിക്കുമ്പോള്‍ ഇന്ത്യ 264-1 എന്ന നിലയിലാണ്. 46 റണ്‍സിന്റെ ലീഡാണ് നിലവില്‍ ആതിഥേയർക്കുള്ളത്.
135-1 എന്ന നിലയില്‍ രണ്ടാം ദിനം പുനരാംരഭിച്ച ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പൊന്നാവുകയായിരുന്നു. രോഹിതും ഗില്ലും ബെന്‍ സ്റ്റോക്സിന്റെ തന്ത്രങ്ങളെയെല്ലാം അനായാസമായി മറികടന്നു. മാർക്ക് വുഡും ബഷീറും ഇരുവരുടേയും ബാറ്റിന്റെ ചൂടറഞ്ഞു. എന്നാല്‍ ടോം ഹാർട്ട്ലിയെ രോഹിതും ഗില്ലും കരുതലോടെ നേരിട്ടുകൊണ്ടായിരുന്നു ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. രോഹിത് പ്രതിരോധത്തിലായപ്പോള്‍ ഗില്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു, തിരിച്ചും ഇത് സംഭവിച്ചു. ഒന്നാം സെഷനില്‍ വിക്കറ്റു നഷ്ടമാകാതെ 129 റണ്‍സാണ് സഖ്യം ചേർത്തത്.
ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിഞ്ഞ ധരംശാലയിലെ വിക്കറ്റില്‍ ഇന്നലെ രോഹിതും യശസ്വി ജയ്സ്വാളും അനായാസം റണ്‍സ് കണ്ടെത്തിയിരുന്നു. മാർക്ക് വുഡിന്റെ പേസിനേയും ജെയിംസ് ആന്‍ഡേഴ്സണിന്റെ സ്വിങ്ങിനേയും ഇരുവരും കരുതലോടെ നേരിട്ടു. വുഡിനെ പലതവണ രോഹിത് ബൗണ്ടറി കടത്തിയതോടെ സ്പിന്നർമാരെ ബെന്‍ സ്റ്റോക്സ് അവതരിപ്പിച്ചു.
ടോം ഹാർട്ട്ലിയെ ജാഗ്രതയോടെയും ഷോയിബ് ബഷീറിനെ ആക്രമിച്ചുമായിരുന്നു ഇരുവരും ബാറ്റ് വീശിയത്. മൂന്ന് സിക്സറുകള്‍ ഒരു ഓവറില്‍ പറത്തിയാണ് ജയ്സ്വാള്‍ ബഷീറിനെ വരവേറ്റത്. 38 റണ്‍സ് തികച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററാകാന്‍ ജയ്സ്വാളിന് സാധിച്ചു. 16 ഇന്നിങ്സുകളിലാണ് ജയ്സ്വാളിന്റെ നേട്ടം. സമാന റെക്കോഡ് 14 ഇന്നിങ്സുകളില്‍ മറികടന്ന വിനോദ് കാംബ്ലിയാണ് ഒന്നാമത്.
56 പന്തില്‍ അർധ സെഞ്ചുറി തികച്ച ജയ്സ്വാള്‍ വൈകാതെ തന്നെ പുറത്താകുകയും ചെയ്തു. ബഷീറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കവെ ബെന്‍ ഫോക്സ് ജയ്സ്വാളിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 57 റണ്‍സെടുത്ത ജയ്സ്വാളിന്റെ ഇന്നിങ്സില്‍ അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെട്ടു. ജയ്സ്വാളിന്റെ വിക്കറ്റിന് പിന്നാലെ രോഹിതും തന്റെ അർധ സെഞ്ചുറി തികച്ചു. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലും ഓപ്പണർമാരുടെ പാതയായിരുന്നു പിന്തുടർന്നത്.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 78 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് സന്ദർശകരുടെ ടോപ് സ്കോറർ.