'ഒരു മെയ്യും ഒരു മനസും'; ഇതു വിജയത്തിന്റെ 'ഗബ്ബാര്‍ ഫോര്‍മുല'

'ഒരു മെയ്യും ഒരു മനസും'; ഇതു വിജയത്തിന്റെ 'ഗബ്ബാര്‍ ഫോര്‍മുല'

ഈ വർഷം ഇന്ത്യയെ നയിക്കുന്ന ഏഴാമത് ക്യാപ്റ്റൻ ആണ് ശിഖർ ധവാൻ.
Updated on
2 min read

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് ടീം ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ ശിഖര്‍ ധവാന്റെ ഇന്‍സ്റ്റാഗ്രാം പേജിലൊരു വീഡിയോ പ്രത്യക്ഷപ്പെട്ടു. കോച്ച് രാഹുല്‍ ദ്രാവിഡ് മുതല്‍ ടീമംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമെല്ലാം അതില്‍ കഥാപാത്രങ്ങളായി. ''ഒരുമിച്ചു കാര്യങ്ങള്‍ ചെയ്യുന്നു'' ''ഒരുമിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു''എന്ന ഹാഷ്ടാഗില്‍ ആയിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

ധവാനെ സംബന്ധിച്ചു കളത്തിനു പുറത്തെ ആ 'ഒരുമ'യാണ് കളത്തിനകത്ത് വിജയം കൊണ്ടുവരുന്നത്. 'ഒരു മെയ്യും ഒരു മനസും' ഇതാണ് വിജയത്തിന്റെ 'ഗബ്ബാര്‍ ഫോര്‍മുല. ഒരുമയുടെ ഈ രസതന്ത്രക്കൂട്ട് ഒരുക്കിയെടുക്കാന്‍ ടീം ഇന്ത്യക്ക് വിന്‍ഡീസില്‍ ആവോളം സമയം ലഭിക്കുകയും ചെയ്തു. തുടര്‍ച്ചയായ മഴയിലേക്കാണ് ടീം ഇന്ത്യന്‍ കരീബിയന്‍ മണ്ണില്‍ വിമാനമിറങ്ങിയത്. അതിനാല്‍ ഗ്രൗണ്ടിലെ പരിശീലനം ഒഴിവാക്കി ഹോട്ടലില്‍ ഇന്‍ഡോര്‍ പ്രാക്ടീസാണ് നടത്തിയത്. പരിചയസമ്പന്നരും യുവത്വവും ഇടകലര്‍ന്ന ടീമംഗങ്ങള്‍ക്കിടയില്‍ ഒത്തിണക്കം ഉണ്ടാക്കാന്‍ അതു സഹായിച്ചു. അതിന്റെ ഫലമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിളവെടുത്തത്.

വ്യക്തിനേട്ടങ്ങളെക്കാള്‍ ടീമിന്റെ നേട്ടമാണ് ധവാന്റെ നോട്ടം. സെഞ്ച്വറിക്ക്‌ മൂന്ന് റൺസ് അകലെ പുറത്തായെങ്കിലും അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിന്റെ സന്തോഷം ധവാന്റെ മുഖത്ത്‌ പ്രകടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 308 റൺസിന്റെ വിജയലക്ഷ്യം സധൈര്യം പിന്തുടർന്ന വിൻഡീസ് മൂന്ന് റൺ അകലെ വീണുപോയി. പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

രാഹുൽ ദ്രാവിഡും, ശിഖർ ധവാനും
രാഹുൽ ദ്രാവിഡും, ശിഖർ ധവാനും

ഈ വർഷം ഇന്ത്യയെ നയിക്കുന്ന ഏഴാമത് ക്യാപ്റ്റൻ ആണ് ശിഖർ ധവാൻ. ടീമിനകത്തും പുറത്തും 'ഉത്സാഹ കമ്മിറ്റി' ആണ് കക്ഷി. സഹതാരങ്ങളെയും സുഹൃത്തുക്കളെയും ട്രോളിയും കുസൃതി ഒപ്പിച്ചും തന്റെ ചുറ്റിലും ഉള്ളവരെ സന്തോഷിപ്പിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. അതിലൂടെ ഒപ്പമുള്ളവരുമായി അടുക്കാനും, ഐക്യം വളർത്തിയെടുക്കാൻ സാധിക്കുമെന്നാണ് ധവാന്റെ പക്ഷം.

ഇത് വിജയത്തിലും പ്രതിഫലിക്കും. പൊതുവെ നാണക്കാരനായ ഇന്ത്യൻ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ ഉൾപെടുത്തികൊണ്ട് ധവാൻ ഇൻസ്റ്റയിലിട്ട വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ദ്രാവിഡുമായി വളരെ നല്ല ബന്ധമാണ് ധവാനുള്ളത്. ഇതിന് മുൻപ് ധവാൻ ഇന്ത്യയെ നയിച്ചപ്പോഴും ദ്രാവിഡ് ആയിരുന്നു ഇന്ത്യയുടെ പരിശീലകൻ.

യുവതാരങ്ങളുമായി സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ധവാൻ നഷ്ട്ടപെടുത്താറില്ല. ''അവരിൽ നിന്ന് ഏറെ എനിക്ക് പഠിക്കാനുണ്ട്, അവരോടായി എനിക്ക് കളിയുടെ സാങ്കേതിക വശങ്ങളെക്കാൾ മാനസികബലത്തെ പറ്റി കൂടുതൽ സംസാരിക്കാനാണ് താല്പര്യം. അതിലൂടെ അവര്‍ക്ക്‌ കളിയെ ഏറെ മെച്ചെപ്പെടുത്താൻ സാധിക്കും. ഇത്തരം സന്ദർഭങ്ങൾ ഞാൻ അതിനായാണ് ഉപയോഗപ്പെടുത്തുക''- ഒന്നാം ഏകദിനത്തിന് മുന്നോടിയായി ധവാൻ പറഞ്ഞിരുന്നു.

ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കായി രോഹിതിനൊപ്പം ഓപ്പൺ ചെയ്തത് ധവാനായിരുന്നു. ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ധവാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഏകദിനത്തില്‍ 31 റൺസ് നേടിയ ധവാൻ പിന്നത്തെ രണ്ട്‌ മത്സരങ്ങളിൽ മൊത്തം നേടിയത് പത്ത്‌ റൺസ് മാത്രമാണ്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ 97 റൺസ് നേടി സംശയിച്ചവരുടെ എല്ലാം വായ അടപ്പിച്ചു ഗബ്ബാർ.

തന്റെ കഴിവിൽ പരിപൂർണ വിശ്വാസമാണ് ധവാന്. "പത്തുകൊല്ലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ധവാൻ കളിക്കുന്നു, ഈ കാലയളവ് മൊത്തം വിമർശനങ്ങളും കേൾക്കുന്നുണ്ട് എന്നാൽ അത് ഞാൻ കാര്യമാക്കുന്നില്ല, അല്ലെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല" - ധവാൻ പറഞ്ഞു.

ഇത്തരത്തില്‍ സ്വയം വിശകലനം ചെയ്തും മാറ്റങ്ങൾ വരുത്തിയുമാണ് ധവാന് ഇത്രയും കാലമായി ഇന്ത്യൻ ക്രിക്കറ്റിൽ തുടരുന്നത്. പല യുവതാരങ്ങൾ അവസരം കാത്ത്‌ നിൽക്കുന്നുണ്ടെങ്കിലും അവരെ എല്ലാം മറികടന്ന് ഇന്നും ടീമിൽ സ്ഥാനം നേടാനാവും എന്ന ആത്മവിശ്വാസമാണ് ധവാനെ മുന്നോട്ട്‌ നയിക്കുന്നത്. സമ്മർദ്ദത്തിന് അടിമപ്പെടാതെ തന്റെ ശൈലി കടുകുമണി പോലും മാറ്റാതെ തുടർന്നും ഇന്ത്യക്കായി കളിയ്ക്കാൻ ധവാന് സാധിക്കുന്നതും ഈ ശുഭാഭ്തി വിശ്വാസവും മനസിന്റെ ബലവും കൊണ്ടാണ്. ഇപ്പോള്‍ ധവാന്‍ ഉണ്ടാക്കിയെടുത്ത ഈ വിജയഫോര്‍മുലയും ധവാനെപ്പോലെ ഏറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കട്ടെയെന്നാണ് ആരാധകരുടെ പ്രത്യാശിക്കുന്നത്.

logo
The Fourth
www.thefourthnews.in