അത് 'കോഹ്ലിക്കൊരു സെഞ്ചുറി' പദ്ധതിയല്ല; കെറ്റില്‍ബറോ വൈഡ് വിളിക്കാഞ്ഞതിന് കാരണം ഇതാണ്
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ചുറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപ്പിക്. ഏകദിന കരിയറിലെ 48-ാം സെഞ്ചുറി നേടിയ കോഹ്ലിയുടെ ബാറ്റിങ് കരുത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയമാണ് കൊയ്തത്.
മത്സരത്തില്‍ കോഹ്ലി സെഞ്ചുറി തികയ്ക്കുന്നതിന് മുമ്പ് ഫീല്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ ഒരു തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 42-ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ടു റണ്‍സും കോഹ്ലിക്ക് സെഞ്ചുറി തികയ്ക്കാന്‍ മൂന്നു റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. നസും അഹമ്മദ് എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ലെഗ്‌സൈഡിലൂടെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലാണ് എത്തിച്ചേര്‍ന്നത്.
നമുക്കെല്ലാം അറിയാം, നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ലെഗ് സൈഡിന് പുറത്തുകൂടി പോകുന്ന ഏതു പന്തിനെയും അമ്പയര്‍ ഉടന്‍ തന്നെ വൈഡ് വിളിക്കുമെന്നത്. എന്നാല്‍ ഇന്നലെ അങ്ങനെ സംഭവിച്ചില്ല, ഓണ്‍ഫീല്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോ അനങ്ങിയില്ല. മത്സരം ടെലിവിഷനിലൂടെയും അല്ലാതെയുമെല്ലാം വീക്ഷിച്ച കാണികള്‍ അമ്പരന്നുപോയ നിമിഷം.
പിന്നീട് വിമര്‍ശനങ്ങളുടെ ശരമാരിയായിരുന്നു. കോഹ്ലിക്ക് സെഞ്ചുറി തികയ്ക്കാന്‍ അമ്പയറും കൂട്ടുനില്‍ക്കുന്നു, കോഹ്ലിക്കൊരു സെഞ്ചുറി-ഇന്ത്യക്കൊരു കപ്പ് എന്ന ബിസിസിഐ പദ്ധതിയാണിത് എന്നൊക്കെയുള്ള വിമര്‍ശനങ്ങളുടെയും ട്രോളുകളുടെയും കുത്തൊഴുക്കില്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ 'ഹാങ്' ആയെന്നുതന്നെ പറയാം. ചിലര്‍ ഒരുപടികൂടി കടന്ന് അമ്പയര്‍ക്ക് 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം നല്‍കണമെന്നുവരെ ആക്ഷേപിച്ചു.
എന്താണ് ഇതിനു പിന്നിലെ യാഥാര്‍ഥ്യം? ആ പന്ത് വൈഡ് വിളിക്കാഞ്ഞത് എന്തുകൊണ്ട്?
ക്രിക്കറ്റ് നിയമങ്ങളുടെ ബൈബിളായ 'വിസ്ഡന്‍' പറയുന്നപ്രകാരം ഒരു ബൗളര്‍ എറിയുന്ന പന്ത് നോബോള്‍ അല്ലെങ്കില്‍ ക്രീസില്‍ നോര്‍മല്‍ ഗാര്‍ഡ് എടുത്തു നില്‍ക്കുന്ന ബാറ്ററുടെ നിശ്ചിത അകലത്തിനപ്പുറം കടന്നാണു പോകുന്നതെങ്കില്‍ അമ്പയര്‍ ആ പന്ത് വൈഡ് വിളിക്കണം എന്നാണ് എംസിസി ക്രിക്കറ്റ് നിയമങ്ങളിലെ 22.1.1 വ്യവസ്ഥയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ നിയമം 2021 ഒക്‌ടോബറില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ക്രീസില്‍ നില്‍ക്കുന്ന സ്‌ട്രൈക്കര്‍ ബൗളര്‍ റണ്ണപ്പ് ആരംഭിച്ചതിനു ശേഷം പന്ത് തന്നെ കടന്നു പോകുന്നതിനു മുമ്പ് നില്‍ക്കുന്ന സ്ഥാനത്തുനിന്ന് നീങ്ങി സ്ഥാനം മാറിയാല്‍ ആ പന്ത് വൈഡ് പരിധിക്കു പുറത്തുകൂടിയാണെങ്കില്‍പ്പോലും അത് വൈഡ് ആയി കണക്കാക്കാന്‍ പാടില്ല.
ഉദാഹരണത്തിന് ബൗളര്‍ റണ്ണപ്പ് ആരംഭിക്കുന്നു. സ്‌ട്രൈക്കര്‍ ക്രീസില്‍ ലെഗ് സ്റ്റംപ് ഗാര്‍ഡില്‍. ബൗളര്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ബാറ്റര്‍ ലെഗ് സ്റ്റംപ് ഗാര്‍ഡില്‍ നിന്നു മാറി മിഡില്‍ സ്റ്റംപ് ലൈനിലത്തുന്നു. പന്ത് നേരത്തെ ബാറ്റര്‍ നിന്നിരുന്ന ലെഗ്‌സ്റ്റംപ് പൊസിഷനില്‍ കൂടി കടന്നുപോകുന്നു. ബൗളര്‍ പന്ത് റീലീസ് ചെയ്തപ്പോള്‍ ബാറ്റര്‍ മിഡില്‍ സ്റ്റംപ് ലൈനിലേക്ക് മാറിയിരുന്നില്ലയെങ്കില്‍ പന്ത് ബാറ്ററുടെ പാഡില്‍ കൊള്ളുമായിരുന്നു. അതിനാല്‍ പുതിയ നിയമപ്രകാരം ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആ പന്ത് വൈഡ് വിളിക്കാറില്ല.
അപ്പോള്‍ ഇന്നലത്തെ ആ പന്ത് വൈഡ് ആയിരുന്നില്ലേ?
ഇന്നലത്തെ മത്സരത്തില്‍ 42-ാം ഓവറിന്റെ ആദ്യ പന്ത് എറിയാന്‍ നസൂം അഹമ്മദ് റണ്ണപ്പ് ആരംഭിക്കുമ്പോള്‍ ലെഗ് സ്റ്റംപ് ഗാര്‍ഡില്‍ ആയിരുന്നു കോഹ്ലി സ്ഥാനമുറപ്പിച്ചിരുന്നത്. പിന്നീട് നസൂം റിലീസ് ചെയ്ത പന്ത് ലെഗ്‌സ്റ്റംപ് ലൈനില്‍ പിച്ച് ചെയ്തതിനു പിന്നാലെ കോഹ്ലി പൊസിഷന്‍ മാറ്റി മിഡില്‍ സ്റ്റംപ് ഗാര്‍ഡിലേക്കു മാറി. പിന്നാലെ പന്ത് കോഹ്ലിയുടെ ലെഗ്‌സൈഡിനു പുറത്തുകൂടി വിക്കറ്റ് കീപ്പറുടെ ഗ്ലൗസില്‍ എത്തുകയും ചെയ്തു. കോഹ്ലി പൊസിഷന്‍ മാറിയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ആ പന്ത് പാഡില്‍ കൊള്ളേണ്ടതായിരുന്നു. ഇതു മനസിലാക്കിയാണ് കെറ്റില്‍ബറോ തീരുമാനം കൈക്കൊണ്ടത്. ഇംഗ്ലീഷ് അമ്പയറുടെ തീരുമാനം കിറുകൃത്യമാണെന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടത്.
ഇനി ആ പന്ത് വൈഡ് ആയിരുന്നെങ്കിലും കോഹ്ലി സെഞ്ചുറി നേടുമായിരുന്നെന്നത് മറ്റൊരു കാര്യം. വൈഡിലൂടെ ലഭിക്കുന്ന ഒരു റണ്‍ ഇന്ത്യയെ ബംഗ്ലാദേശിന്റെ സ്‌കോറിന് ഒപ്പം എത്തിക്കുകയേ ചെയ്യുമായിരുന്നുള്ളു. പിന്നെയും സ്‌ട്രൈക്കില്‍ തുടരുന്ന കോഹ്ലിക്ക് അടുത്ത പന്ത് സിക്‌സര്‍ പറത്തി സെഞ്ചുറി തികയ്ക്കാനും കഴിയും.
സിംഗിളുകള്‍ കളഞ്ഞുകുളിച്ചതിലെ വിവാദം
ഇന്നലെ മത്സരത്തിന്റെ അവസാന ഓവറുകളില്‍ അനായാസ സിംഗിളുകള്‍ ഓടിയെടുക്കാന്‍ തയാറാകാതെ സെഞ്ചുറിക്കായി കളിച്ചു എന്നതാണ് കിങ് കോഹ്ലി നേരിടുന്ന മറ്റൊരു വിമര്‍ശനം. എന്നാല്‍ മത്സരശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ആ സമയം കോഹ്ലിക്കൊപ്പം ക്രീസിലുണ്ടായിരുന്ന കെ.എല്‍. രാഹുല്‍ തന്നെ രംഗത്തുവന്നു.
സിംഗിളുകള്‍ എടുക്കാന്‍ ശ്രമിക്കേണ്ടെന്നു കോഹ്ലിയോട് താനാണ് പറഞ്ഞതെന്നു രാഹുല്‍ വ്യക്തമാക്കി. ''ആ സമയം ചീക്കു(കോഹ്ലി) ആകെ ആശയക്കുഴപ്പത്തിലായിരുന്നു. സിംഗിളുകള്‍ എടുക്കാതിരിക്കുന്നത് ശരിയല്ല, വ്യക്തിഗത നേട്ടത്തിനു വേണ്ടി കളിക്കാനാകില്ല, ഇത് ലോകകപ്പാണ് എന്നാണ് ചീക്കു എന്നോടു പറഞ്ഞത്. എന്നാല്‍ നമ്മള്‍ മത്സരം അനായാസം ജയിക്കും. അതിനാല്‍ സെഞ്ചുറിക്കായി ശ്രമിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ചീക്കു അത് നേടുകയും ചെയ്തു''- രാഹുല്‍ പറഞ്ഞു. മത്സരത്തില്‍ 97 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 103 റണ്‍സാണ് കോഹ്ലി നേടിയത്.