ടീം ഇന്ത്യ വിട്ടാല്‍ ദ്രാവിഡ് ലഖ്‌നൗവിലേക്ക്; ഗംഭീറിന്റെ പകരക്കാരനാകും

ടീം ഇന്ത്യ വിട്ടാല്‍ ദ്രാവിഡ് ലഖ്‌നൗവിലേക്ക്; ഗംഭീറിന്റെ പകരക്കാരനാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ കാലാവധി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നു
Updated on
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാല്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ ജയന്റ്‌സുമായി ദ്രാവിഡ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ടീം ഇന്ത്യയുടെ ചുമതല ഒഴിയാനുള്ള തന്റെ അഭ്യര്‍ഥന ബിസിസിഐ അംഗീകരിച്ചാല്‍ ലഖ്‌നൗവുമായി കൈകോര്‍ക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ കാലാവധി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നു. 2021 ട്വന്റി 20 ലോകകപ്പിന് മുമ്പ് രണ്ടു വര്‍ഷത്തെ കരാറിലായിരുന്നു ദ്രാവിഡിനെ പരിശീലകനായി നിയമിച്ചത്. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു സമയപരിധി. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റ് റണ്ണറപ്പായതിനു പിന്നാലെ സ്ഥാനമൊഴിയാന്‍ താല്‍പര്യമറിയിച്ച് ദ്രാവിഡ് ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ദ്രാവിഡിന്റെ ആവശ്യം അംഗീകരിക്കുമെന്നും പകരം വിവിഎസ് ലക്ഷ്മണിനെ ഇന്ത്യയുടെ പരിശീലകനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ദ്രാവിഡ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ടീം മെന്ററായാണ് ദ്രാവിഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിഗണിക്കുന്നത്. നേരത്തെ ഗൗതം ഗംഭീറായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളായി അവരുടെ മെന്റര്‍. എന്നാല്‍ ഇത്തവണ ഗംഭീര്‍ ലഖ്‌നൗ വിട്ട് തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങിയിരുന്നു. ഗംഭീര്‍ മടങ്ങിയ ഒഴിവിലേക്കാണ് മെന്റര്‍ സ്ഥാനത്തേക്ക് ലഖ്‌നൗ ദ്രാവിഡിനെ പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in