ദുബെ കരുത്തില്‍ ഇന്ത്യ; അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം

ദുബെ കരുത്തില്‍ ഇന്ത്യ; അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്വന്റി20യിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമയ്ക്ക് നിരാശപ്പെടേണ്ടി വന്നു
Updated on
1 min read

അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. അഫ്ഗാനുയർത്തിയ 159 റണ്‍സ് പിന്തുടർന്ന ഇന്ത്യ 15 പന്ത് ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. അർധ സെഞ്ചുറി നേടിയ ശിവം ദുബെ (60), ജിതേഷ് ശർമ (31), തിലക് വർമ (26), ശുഭ്മാന്‍ ഗില്‍ (23) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്വന്റി20യിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമയ്ക്ക് നിരാശപ്പെടേണ്ടി വന്നു. നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി ഇന്ത്യന്‍ നായകന് (0) മടങ്ങേണ്ടി വന്നു. പവർപ്ലെയ്ക്കുള്ളില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനേയും ഇന്ത്യയ്ക്ക് നഷ്ടമായി. 23 റണ്‍സെടുത്ത ഗില്‍ മുജീബ് റഹ്മാന്റെ പന്തിലാണ് പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ മെല്ലപ്പോക്ക് തിലക് വർമയും ശിവം ദുബെയും ചേർന്ന് തിരുത്തി.

ദുബെ കരുത്തില്‍ ഇന്ത്യ; അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം
അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

മൂന്നാം വിക്കറ്റില്‍ 44 റണ്‍സാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. 26 റണ്‍സെടുത്ത തിലക് ഒന്‍പതാം ഓവറില്‍ അസ്മത്തുള്ളയുടെ പന്തില്‍ മടങ്ങുമ്പോള്‍ ഇന്ത്യ ട്രാക്കിലേക്ക് എത്തിയിരുന്നു. പിന്നീട് ജിതേഷ് ശർമയും ദുബെയും ചേർന്ന് അനായാസം സ്കോർബോർഡ് ചലിപ്പിച്ചു. 20 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 31 റണ്‍സെടുത്ത ജിതേഷ് മടങ്ങിയത് 14-ാം ഓവറിലായിരുന്നു.

38 പന്തില്‍ തന്റെ ട്വന്റി20 കരിയറിലെ രണ്ടാം അർധ സെഞ്ചുറി ദുബെ തികച്ചു. അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 60 റണ്‍സെടുത്താണ് ദുബെ തിളങ്ങിയത്. ഒന്‍പത് പന്തില്‍ 16 റണ്‍സുമായി റിങ്കു സിങ്ങും പുറത്താകാതെ നിന്നു. അഫ്ഗാനിസ്താനായി മുജീബ് രണ്ടും ഒമർസായി ഒരു വിക്കറ്റും നേടി.

ദുബെ കരുത്തില്‍ ഇന്ത്യ; അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം
അടി, തിരിച്ചടി; അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. മുഹമ്മദ് നബി (42), അസ്മത്തുള്ള ഒമർസായി (29), ഇബ്രാഹിം സദ്രാന്‍ (25) എന്നിവരാണ് സന്ദർശകർക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാറും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. 10 ഓവറില്‍ 57-3 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു അഫ്ഗാനിസ്താന്റെ തിരിച്ചുവരവ്.

logo
The Fourth
www.thefourthnews.in