ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്; പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 192

ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്; പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 192

അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെയും നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് തുണയായത്
Updated on
2 min read

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് ലക്ഷ്യം 192 റണ്‍സ്. റാഞ്ചിയില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് 46 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ സന്ദര്‍ശകരുടെ രണ്ടാമിന്നിങ്‌സ് 145 റണ്‍സില്‍ ഒതുക്കിയാണ് വിജയലക്ഷ്യം കുറിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെയും നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സാക് ക്രോളിക്കും 30 റണ്‍സ് നേടിയ മധ്യനിര താരം ജോണി ബെയര്‍സ്‌റ്റോയ്ക്കും മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളു. ക്രോളി 91 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 60 റണ്‍സ് നേടിയപ്പോള്‍ 42 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സ് ആയിരുന്നു ബെയര്‍സ്‌റ്റോയുടെ സമ്പാദ്യം.

ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്; പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 192
യോദ്ധാക്കളെ വീഴ്ത്തിയ റോയല്‍ ശോഭന; ചിന്നസ്വാമിയിലെ പെരിയ സക്സസ്

ഓപ്പണര്‍ ബെന്‍ ഡക്കറ്റ്(15), മധ്യനിര താരം ഒലി പോപ്പ്(0), മുന്‍ നായകന്‍ ജോ റൂട്ട്(11), നായകന്‍ ബെന്‍ സ്‌റ്റോക്‌സ്(4), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ്(17) എന്നിവര്‍ നിരാശപ്പെടുത്തി. 15.5 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ അഞ്ചു വിക്കറ്റ് നേട്ടം. 15 ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജയാണ് ശേഷിച്ച മറ്റൊരു വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ഏഴിന് 219 എന്ന നിലയില്‍ ഇന്ന് രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 307 റണ്‍സിന് പുറത്താകുകയായിരുന്നു. 88 റണ്‍സ് മാത്രമാണ് ഇന്ന് കൂട്ടിച്ചേര്‍ക്കാനായത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രൂവ് ജൂറലിന് 10 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. അഞ്ച് വിക്കറ്റെടുത്ത ഷോയ്ബ് ബഷീറാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങിയത്.

ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്; പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 192
ഇനി സഞ്ജുവിന് എതിരാളി ജൂറല്‍; ലോകകപ്പ് ഗ്ലൗവിനായുള്ള പോരിന് ആരംഭം

രണ്ടാം ദിനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ആദ്യ സെഷന്‍. ധ്രൂവ് ജൂറലും കുല്‍ദീപ് യാദവും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു. കുല്‍ദീപ് ഒരുവശത്ത് നിലയുറപ്പിച്ച് പ്രതിരോധം തുടര്‍ന്നു. മറുവശത്ത് ബൗണ്ടറികളുമായി സ്‌കോര്‍ ചലിപ്പിച്ച് ജൂറലും. ഒടുവില്‍ ആന്‍ഡേഴ്‌സണിന്റെ പേസിന് മുന്നില്‍ കുല്‍ദീപിന്റെ പ്രതിരോധം തകര്‍ന്നു.

76 റണ്‍സ് നീണ്ടു നിന്ന കൂട്ടുകെട്ടിനായിരുന്നു അവസാനമായത്. 131 പന്തു നേരിട്ട കുല്‍ദീപ് രണ്ട് ഫോറടക്കം 28 റണ്‍സാണ് നേടിയത്. പിന്നീടെത്തിയ ആകാശ് ദീപിനെ കൂട്ടുപിടിച്ച് 40 റണ്‍സുകൂടി ജൂറല്‍ ചേര്‍ത്തു. ആകാശിനെ (9) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബഷീര്‍ അഞ്ച് വിക്കറ്റ് തികച്ചത്. അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇംഗ്ലണ്ട് താരമാകാനും ബഷീറിനായി.

ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്; പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 192
ജൂറല്‍ ഇവിടെയുണ്ട്, മറ്റുള്ളവര്‍?

വൈകാതെ ടോം ഹാര്‍ട്ട്‌ലിയുടെ പന്ത് ജൂറലിന്റെയും പ്രതിരോധം പൊളിച്ചു. 149 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് ജൂറല്‍ 90 റണ്‍സെടുത്തത്. താരത്തിന്റെ ഇന്നിങ്‌സായിരുന്നു ഇന്ത്യയെ കൂറ്റന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. ബഷീറിന് പുറമെ ടോം ഹാര്‍ട്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്‌സ്വാള്‍ (73), ശുഭ്മാന്‍ ഗില്‍ (38) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in