കറന്‍ എറിഞ്ഞൊതുക്കി അഫ്ഗാനെതിരേ ഇംഗ്ലണ്ടിന് ലക്ഷ്യം 133

കറന്‍ എറിഞ്ഞൊതുക്കി അഫ്ഗാനെതിരേ ഇംഗ്ലണ്ടിന് ലക്ഷ്യം 133

3.4 ഓവറില്‍ വെറും 10 റണ്‍സ് വഴങ്ങി സാം കറന്‍ വീഴ്ത്തിയത് അഞ്ചു വിക്കറ്റ്‌
Updated on
1 min read

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12-ല്‍ ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകര്‍ച്ച. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 19.4 ഓവറില്‍ 112 റണ്‍സിന് പുറത്തായി. 3.4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ സാം കറന്റെ മിന്നുന്ന ബൗളിങ്ങാണ് അഫഗാനെ തകര്‍ത്തത്.

ടോസ് നേടി എതിരാളികളെ ബാറ്റിങിനയച്ച ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലറുടെ തീരുമാനത്തെ ശരി വയ്ക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ബൗളർമാർ കാഴ്ച്ച വച്ചത്. സ്‌കോര്‍ബോര്‍ഡ് രണ്ടക്കത്തില്‍ എത്തിയതിനു പിന്നാലെ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ (10) മടക്കി മാർക്ക് വുഡ് അഫ്‌ഗാനിസ്ഥാന്‌ ആദ്യ പ്രഹരമേല്പിച്ചു.

പിന്നീട്‌ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ബൗളർമാർ അഫ്‌ഗാനിസ്ഥാനെ തളക്കുകയായിരുന്നു. 32 പന്തിൽ 32 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്‌ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. 30 പന്തിൽ 30 റൺസെടുത്ത ഉസ്മാൻ ഗനി, 11 പന്തിൽ 13 റൺസെടുത്ത നജീബുള്ള സദ്രാൻ എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. അഫ്‌ഗാനിസ്ഥാൻ നിരയിൽ നാൾ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.

3.4 ഓവറിൽ പത്ത്‌ റൺസ് വിട്ട് കൊടുത്താണ് സാം അഞ്ച് വിക്കറ്റ് നേടിയത്. മാർക്ക് വുഡ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടും, ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ഫില്‍ സാള്‍ട്ട്, ടൈമല്‍ മില്‍സ് എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് ആദ്യ മത്സരം കളിക്കുന്നത്.

logo
The Fourth
www.thefourthnews.in