കരിയറിന് വിരാമമിട്ട് അലക്‌സ് ഹെയ്ല്‍സ്; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുന്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്ല്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 12 വര്‍ഷം നീണ്ട സംഭവ ബഹുലമായ രാജ്യാന്തര കരിയറിനാണ് ഹെയ്ല്‍സ് വിരാമമിടുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിനായി 11 ടെസ്റ്റ് മത്സരങ്ങളിലും 70 ഏകദിനങ്ങളും കളിച്ച താരം 2022 ലെ ടി20 ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
2011 ഓഗസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിലായിരുന്നു ഹെയ്ല്‍സിന്റെ രാജ്യാന്തര അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 156 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സ് നേടിയിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 ലെ ലോകകപ്പ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് മൂന്ന് വര്‍ഷം താരത്തിന് ഇംഗ്ലണ്ടിനായി കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് താരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
പാകിസ്താന്‍ പര്യടനത്തിലെ ഏഴ് മത്സര പരമ്പരയിലൂടെയായിരുന്നു ഹെയ്ല്‍സിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതരെയായിരുന്നു അദ്ദേഹം അവസാനമായി ഇംഗ്ലണ്ടിന്റെ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും താരത്തിന് ഫൈനലില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അഞ്ച് വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് വിജയ കിരീടം ചൂടി.
ഇംഗ്ലണ്ടിനൊപ്പമുള്ള അവിസ്മരണീയ ക്രിക്കറ്റ് യാത്ര ലോകകപ്പ് കിരീടം നേടി അവസാനിപ്പിച്ചു എന്നത് വലിയ അഭിമാനമാണ്
'' മൂന്ന് ഫോര്‍മാറ്റുകളിലുമായി 156 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ സന്തോഷമുണ്ട്. ഇംഗ്ലണ്ട് കുപ്പായത്തില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനൊപ്പമുള്ള അവിസ്മരണീയ ക്രിക്കറ്റ് യാത്ര ലോകകപ്പ് കിരീടം നേടി അവസാനിപ്പിച്ചു എന്നത് വലിയ അഭിമാനമാണ്'' ഹെയ്ല്‍സ് വിരമിക്കല്‍ പോസ്റ്റില്‍ കുറിച്ചു. തന്റെ യാത്രയില്‍ പിന്തുണച്ചവര്‍ക്കും ഹെയ്ല്‍സ് നന്ദി അറിയിച്ച താരം താന്‍ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കളിക്കുമെന്നും പറഞ്ഞു. '' മുന്നോട്ടുള്ള കരിയറില്‍ നോട്‌സില്‍ കളിക്കുന്നത് തുടരും, കൂടാതെ ലോകമെമ്പാടും കൂടുതല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുകയും ചെയ്യും'' അദ്ദേഹം പറഞ്ഞു. ഹെയ്ല്‍സ് ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളില്‍ നിന്ന് 573 ഉം 70 ഏകദിനങ്ങളില്‍ നിന്ന് 2419 ഉം 75 രാജ്യാന്തര ടി20 കളില്‍ നിന്ന് 2074 റണ്‍സും നേടി.