ഇംഗ്ലണ്ടിന്റെ അന്തിമ ഏകദിന ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു; ജേസണ്‍ റോയിക്ക് പകരം ഹാരി ബ്രൂക്ക്
ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ വലിയ മാറ്റങ്ങളുമായി ഇംഗ്ലണ്ട്. ഓപ്പണര്‍ ജേസണ്‍ റോയിയെ ഒഴിവാക്കി ഹാരി ബ്രൂക്കിനെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തു. നേരത്തേ സാധ്യതാ ടീമില്‍ ബ്രൂക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം റോയ് പുറത്തായതോടെയാണ് ബ്രൂക്കിന് ടീമിലേക്കുള്ള വഴി തുറന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മൂന്ന് ആഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ടൂര്‍മമെന്റിനുള്ള 15 അംഗ ടീമിലെ വലിയ മാറ്റം.
നേരത്തേ സാധ്യതാ ടീമില്‍ ബ്രൂക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല
2019 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു റോയ്. എന്നാല്‍ തുടര്‍ച്ചയായി നടുവുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോകകപ്പിന് മുന്നോടിയായുള്ള ന്യൂസിലന്‍ഡ് പരമ്പരയിലെ നാല് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് താരത്തെ മാറ്റി നിര്‍ത്തേണ്ടി വന്നത്. അതിനാല്‍ ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ അവരുടെ ലോകകപ്പ് കിക്കോഫില്‍ ഡേവിഡ് മലനും ജോണി ബെയര്‍സ്‌റ്റോയുമായിരിക്കും ഓപ്പണ്‍ ചെയ്യുക. ബ്രൂക്കിനെ ബാക്കപ്പ് ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനായി കളിച്ച അവസാന മത്സരങ്ങളില്‍ ബ്രൂക്കിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ടീം അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
റോയ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, സെലക്ടര്‍ ലൂക്ക് റൈറ്റ്, പുരുഷ ക്രിക്കറ്റ് മാനേജിങ് ഡയറക്ടര്‍ റോബ് കീ എന്നിവരാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. ''ഗ്രൂപ്പിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി ലോകോത്തര കാര്യങ്ങളുടെ കാര്യത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. ജേസണ്‍ റോയിയെ ഒഴിവാക്കുകയും ഹാരി ബ്രൂക്കിനെ ടീമിലേക്കെടുക്കുകയും ചെയ്തു'' റൈറ്റ് അറിയിച്ചു.
ഇന്ത്യയിലെത്തി ലോകകപ്പ് നേടിത്തരുമെന്ന് ഉറപ്പുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരുക്ക് മാറി എത്തിയ ബൗളര്‍മാരായ ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവരും ഇംഗ്ലണ്ടിന്റെ അന്തിമ 15 അംഗ സ്‌ക്വാഡിലുണ്ട്. ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം മാറ്റി ഇംഗ്ലണ്ട് ഓള്‍റൗണ്ടറും ടെസ്റ്റ് ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സും ടീമില്‍ തിരിച്ചെത്തിയിരുന്നു.