''പാകിസ്താനില്‍ ജീവിക്കുന്നത് ജയിലില്‍ കഴിയുന്നതിന് തുല്യം''; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സൈമണ്‍ ഡൂള്‍
പാകിസ്താനില്‍ ജീവിക്കുന്നത് ജയിലില്‍ കഴിയുന്നതിന് തുല്യമാണെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. പാകിസ്താനില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയായിരുന്നു ഡൂള്‍. പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് സൈമണ്‍ ഡൂളിനെ കുഴപ്പത്തിലാക്കിയത്.
ബാബറിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഡൂള്‍ അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ പിഎസ്എല്‍ 2023 മത്സരത്തില്‍ സെഞ്ചുറി തികയ്ക്കുന്നതിനായി കളിയുടെ വേഗത കുറച്ചതിനാണ് ഡൂള്‍ ബാബറിനെ വിമര്‍ശിച്ചത്. ആ മത്സരത്തില്‍ ബാബര്‍ നായകനായ പെഷവാര്‍ സാല്‍മി എട്ട് വിക്കറ്റിന് തോറ്റിരുന്നു. ഡൂള്‍ അതിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് മുന്‍ താരം ആമര്‍ സൊഹെയ്‌ലുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം ബാബറിന്റെ ആരാധകര്‍ തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയെന്നും ഭക്ഷണം കഴിക്കാന്‍ പോലും ഹോട്ടല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നുമാണ് ഡൂള്‍ പറഞ്ഞത്.
ബാബര്‍ അസമിന്റെ ആരാധകരുടെ ഭീഷണി കാരണം ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ പാകിസ്താനില്‍ കഴിയേണ്ടി വന്നു
''പാകിസ്താനില്‍ താമസിക്കുന്നത് ജയിലില്‍ കഴിയുന്നത് പോലെയാണ്, ബാബര്‍ അസമിന്റെ ആരാധകരുടെ ഭീഷണി കാരണം ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ പാകിസ്താനില്‍ കഴിയേണ്ടി വന്നു. മാനസികമായി ഒരുപാട് പീഡനം അനുഭവിച്ചു. ദൈവാനുഗ്രഹാത്താല്‍ എങ്ങനെയൊക്കെയോ കൂടിയാണ് ഞാന്‍ അവിടെനിന്ന് രക്ഷപെട്ടത്'' ഡൂള്‍ വ്യക്തമാക്കി.
ഐപിഎല്‍ 2023 ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 44 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയപ്പോള്‍ 42 റണ്‍സില്‍ നിന്ന് സ്‌കോര്‍ 50 ല്‍ എത്തിക്കാന്‍ 10 പന്തുകള്‍ എടുത്തതിനാണ് അദ്ദേഹം കോഹ്‌ലിക്കെതിരെ തിരിഞ്ഞത്.