ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും, റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ പോരാട്ടങ്ങള്‍ക്കു തുടക്കമാകും.
Updated on
1 min read

ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടു, റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ കിരീടത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു തുടക്കമാകും. നവംബര്‍ 19-ന് ഇതേ വേദിയില്‍ തന്നെയാണ് പുതിയ ഏകദിന രാജാക്കന്മാരുടെ പട്ടാഭിഷേകവും.

ഇന്നുമുതല്‍ ഇനി ഒന്നരമാസക്കാലം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷരാവാണ്. ഇന്നത്തെ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് നിരവധി കലാപരപാടികള്‍ നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയെന്നാണ് വിവരം. പത്തു വേദികളിലായാണ് ഇത്തവണത്തെ ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. അഹമ്മദാബാദിനു പുറമേ മുംബൈ(വാങ്ക്‌ഡേ സ്‌റ്റേഡിയം), കൊല്‍ക്കത്ത(ഈഡന്‍ഗാര്‍ഡന്‍സ്), ബംഗളുരു(ചിന്നസ്വാമി സ്‌റ്റേഡിയം), ഡല്‍ഹി(അരുണ്‍ജയ്റ്റ്‌ലി സ്‌റ്റേഡിയം), ധരംശാല(എച്ച്പിസി സ്‌റ്റേഡിയം), ലക്‌നൗ(അടല്‍ ബിഹാരി വാജ്‌പേയ് സ്‌റ്റേഡിയം), പുനെ(എംസിഎ സ്‌റ്റേഡിയം), ഹൈദരാബാദ്(രാജീവ്ഗാന്ധി സ്‌റ്റേഡിയം) എന്നിവിടങ്ങളിലായാണ് മത്സരങള്‍.

ഹൈദരബാദില്‍ ഒഴികെ മറ്റെല്ലായിടത്തും അഞ്ചു മത്സരങ്ങള്‍ വീതമുണ്ട്. ഹൈദരാബാദില്‍ മൂന്നു മത്സരങ്ങളാണ് നടക്കുന്നത്. അഹമ്മദാബാദ് ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുമ്പോള്‍ വാങ്ക്‌ഡേയിലും ഈഡനിലുമാണ് സെമി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ആകെ 48 മത്സരങ്ങളാണുള്ളത്.

പങ്കെടുക്കുന്ന 10 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റിലാണ് ആദ്യ റൗണ്ട് നടക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ നാലു ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറും. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മിലാണ് രണ്ടാം സെമി.

ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥ്യമരുളുന്നത്. ഇതിനു മുമ്പ് 1987-ല്‍ പാകിസ്താനൊപ്പവും 1996-ല്‍ പാകിസ്താനും ശ്രീലങ്കയ്‌ക്കൊപ്പവും 2011-ല്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പവും ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു. ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പിക്കപ്പെടുന്നത്. വെല്ലുവിളികളുമായി പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയവരുമുണ്ട്. ഞായറാഴ്ച ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. 2019-ലെ കലാശപ്പോരാട്ടത്തില്‍ തങ്ങളെ തോല്‍പിച്ച് ജേതാക്കളായ ഇംഗ്ലണ്ടിനോട് കണക്ക് തീര്‍ത്ത് തുടക്കമിടാനാണ് ഇക്കുറി കിവീസ് ശ്രമിക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചാണ് കിവീസിന്റെ വരവ്.

മറുവശത്ത് ഇംഗ്ലണ്ടിന് ഇന്ത്യയുമായുള്ള സന്നാഹ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇംഗ്ലീഷ് പടയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇരുടീമുകളെയും പരുക്കാണ് വലയ്ക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് കളത്തിലേക്ക് തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സാന്നിദ്ധ്യം ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നു. അതേസമയം മറുവശത്ത് വിശ്വസ്ത പേസര്‍ ടിം സൗത്തി ഇല്ലാതെയാണ് കിവീസ് ഇന്നിറങ്ങുന്നത്.

logo
The Fourth
www.thefourthnews.in